സെപ്‌തംബർ 10ന് പരിഗണിക്കും
ന്യൂഡൽഹി : മുൻ ഗതാഗത മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണക്കേസിൽ സുപ്രീംകോടതിയിൽ ജസ്റ്റിസ് സി.ടി. രവികുമാറിന്റെ ബെഞ്ച് തന്നെ വാദംകേൾക്കും. കേസ് സെപ്‌തംബർ 10ന് മാറ്റി.
ഇന്നലെ ജസ്റ്റിസ് ജെ.ബി.പർദിവാലയുടെ ബെഞ്ചിലാണ് ലിസ്റ്റ് ചെയ്‌തിരുന്നത്. കേസ് പരിഗണിച്ചയുടൻ, അഭിഭാഷകർ ജസ്റ്റിസ് രവികുമാർ പരിഗണിക്കുന്ന കേസാണെന്ന് അറിയിച്ചു.
വാദം നീട്ടാൻ ശ്രമമെന്ന് കഴിഞ്ഞതവണ ജസ്റ്റിസ് രവികുമാർ വിമർശിച്ചിരുന്നു. കേസ് മാറ്റിവയ്‌ക്കണമെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രതികരണം. ജനുവരി വരെ താൻ വാദം കേൾക്കാതിരിക്കാനാണ് ശ്രമമെന്ന് ജഡ്‌ജി ചൂണ്ടിക്കാട്ടി. ജനുവരിയിലാണ് ജസ്റ്രിസ് രവികുമാറിന്റെ റിട്ടയർമെന്റ്.
ലഹരിക്കേസ് പ്രതിയായ ഓസ്ട്രേലിയൻ സ്വദേശി ആൻഡ്രൂ സാൽവത്തോറിനെ രക്ഷിക്കാൻ, കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ അഭിഭാഷകനായിരിക്കെ ആന്റണി രാജു കൃത്രിമം കാണിച്ചെന്നാണ് പ്രോസിക്യൂഷൻ ആരോപണം. നടപടികൾ തുടരാമെന്ന കേരള ഹൈക്കോടതി നിർദ്ദേശത്തിനെതിരെ ആന്റണി രാജു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Source link