മലയാള സിനിമയുടെ അമ്മ

കോവളം സതീഷ്‌കുമാർ | Saturday 21 September, 2024 | 1:45 AM

അരപ്പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കവിയൂ‌ർ പൊന്നമ്മ. വാത്സല്യം നിറഞ്ഞ ചിരിയും ശബ്ദവും മലയാളികളുടെ മനസിലും അവർക്ക് മാതൃ പരിവേഷം നൽകി. മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം അവ‌‌‌‌ർ അവതരിപ്പിച്ചിട്ടുണ്ട്.

പ്രേംനസീറിനേക്കാൾ 16 വയസ് കുറവാണ് കവിയൂ‌ർ പൊന്നമ്മയ്‌ക്കെങ്കിലും പ്രേക്ഷക മനസിൽ കവിയൂർ പൊന്നമ്മ പ്രേംനസീറിന്റെ അമ്മയാണ്. എത്രയെത്ര സിനിമകളിൽ പൊന്നമ്മയുടെ മകനായി പ്രേംനസീർ വളർന്നു. പൊന്നമ്മയേക്കാൾ 33 വയസ് കൂടുതലാണ് സത്യന്. കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്‌ത കരകാണാക്കടലിൽ സത്യന്റെ ഭാര്യയുടെ വേഷമായിരുന്നു പൊന്നമ്മയ്ക്ക്.

കെ.എസ്.സേതുമാധവന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ സത്യന്റെ നായിക വേഷമായ കല്യാണി എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്. ചെറിയ നെഗറ്റീവ് ഛായയുള്ള കഥാപാത്രമായിരുന്നു അത്. എ.വിൻസെന്റ് സംവിധാനം ചെയ്‌ത സത്യൻ,പ്രേംനസീ‌‌ർ നായകന്മാരായ ത്രിവേണിയിലെ നെഗറ്റീവ് ഛായയുള്ള കഥാപാത്രമായും പൊന്നമ്മ കസറി. പിന്നീട് സത്യന്റേയും അമ്മ വേഷത്തിലെത്തി. മധുവിനേക്കാൾ 12 വയസ് കുറവാണ് പൊന്നമ്മയ്ക്ക്. തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ സത്യന്റേയും മധുവിന്റേയും അമ്മയായി. തന്നേക്കാൾ പ്രായമുള്ള ഷീലയുടെയും അമ്മയായി.

സിനിമ അടുത്ത തലമുറയിലേക്ക് മാറിയപ്പോൾ സുകുമാരൻ,സോമൻ,മമ്മൂട്ടി,​മോഹൻലാൽ എന്നിവരുടെയും അമ്മയായി. നായകന്മാരുടെ ശ്രീത്വമുള്ള അമ്മ വേഷമായിരുന്നു പൊന്നമ്മയെ തേടി കൂടുതലും വന്നിരുന്നത്. ചെറുപ്പത്തിൽ മുടി നിറം ചേർത്ത് നരപ്പിച്ച പൊന്നമ്മ പിന്നീട് പ്രായം കൊണ്ട് നരച്ചപ്പോഴും അമ്മയായി ചിരിച്ചു നിന്നു. ആറന്മുള പൊന്നമ്മ,പങ്കജവല്ലി എന്നിവർക്കു ശേഷമെത്തിയ അടൂർ ഭവാനി,ടി.ആർ.ഓമന,സുകുമാരി,അടൂർ പങ്കജം,കവിയൂർ പൊന്നമ്മ എന്നിവരിൽ പൊന്നമ്മയാണ് ഏറ്റവും കൂടുതൽ അമ്മ വേഷത്തിൽ അഭിനയിച്ചത്.

സ്ക്രീനിൽ അമ്മയാണെങ്കിലും സെറ്റിൽ അവ‌ർ പൊന്നമ്മ ചേച്ചിയായിരുന്നു. 1971ൽ പുറത്തിറങ്ങിയ ‘നദി ” എന്ന ചിത്രത്തിൽ തിക്കുറിശിയുടെ ഭാര്യയായിരുന്നെങ്കിൽ ‘പെരിയാറി”ൽ തിലകന്റെ അമ്മയായി അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽ തിലകന്റെ ഭാര്യയായും വേഷമിട്ടു. 1964ൽ പുറത്തിറങ്ങിയ പി.എ.തോമസ് സംവിധാനം ചെയ്ത നസീർ-ഷീല ചിത്രമായ കുടുംബിനിയിൽ ഷീലയുടെ അമ്മയായി വേഷമിട്ട ശേഷമാണ് അമ്മ വേഷങ്ങൾ കവിയൂർ പൊന്നമ്മയെ തേടി ഒന്നിനുപുറകെ ഒന്നായി എത്തിയത്.

അന്ന് പൊന്നമ്മയ്ക്ക് പ്രായം 19. ഏതു അഭിനേത്രിയേയും പോലെ നായിക വേഷം സ്വപ്നം കാണുന്ന പ്രായം. പക്ഷെ, മുടിനരപ്പിക്കാനായിരുന്നു യോഗം. 1972ൽ പുറത്തിറങ്ങിയ ശ്രീഗുരുവായൂരപ്പൻ സിനിമയിൽ കുറൂരമ്മയുടെ വേഷമായിരുന്നു.

”ഉണ്ണീ…ന്റെ ഉണ്ണിയല്ലേ അത്…””ഹിസ് ഹൈനസ് അബ്ദുള്ളയിലെ പൊന്നമ്മയുടെ കഥാപാത്രത്തിന്റെ ചോദ്യം മനസിലേക്ക് വേദനയോടെ ഏറ്റുവാങ്ങുകയായിരുന്നു മലയാളികൾ.

കിരീടത്തിൽ മോഹൻലാൽ അവതരിപ്പിച്ച സേതുമാധവന്റ അമ്മ. അതുപോലൊരു അമ്മയെ ആരും കൊതിച്ചുപോകും. സിബിമലയിൽ തന്നെ സംവിധാനം ചെയ്ത തനിയാവർത്തനത്തിൽ ദുരന്തം ഏറ്റുവാങ്ങേണ്ടി വരുന്ന അമ്മയാണ്. മകനെ സമൂഹം ഭ്രാന്തനാക്കി മാറ്റുമ്പോൾ സഹിക്കാനാവാതെ ചോറിൽ വിഷം ചേർത്ത് അവന് കൊടുക്കുകയും സ്വയം കഴിക്കുകയും ചെയ്യുന്ന അമ്മ. ഹൃദയഭേദകമായ ആ രംഗം അത്രയും വൈകാരികമായത് പൊന്നമ്മയുടെ അഭിനയ മികവ് കൊണ്ടുകൂടിയാണ്.

അവസാന കാലത്ത് അഭിനയിച്ച ആന്തോളജി ചിത്രമായ ‘ ആണും പെണ്ണും” എന്നതിലെ റാണി എന്ന ചിത്രത്തിൽ സുമതി എന്ന കവിയൂർ പൊന്നമ്മയുടെ കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു. അതുവരെ ചെയ്തതെല്ലാം കാർക്കശ്യക്കാരിയായ അമ്മയോ അമ്മൂമ്മയോ അല്ലെങ്കിൽ നന്മയുടെ നിറകുടമായ കുടുംബനാഥയോ ആയിരുന്നെങ്കിൽ അവസാനമായി ചെയ്‌തത് കരിയറിലെ തന്നെ ഏറ്റവും വേറിട്ട കഥാപാത്രമായിരുന്നു.


Source link
Exit mobile version