KERALAM

‘ഗ്രീൻ റൂമിന് തീ കൊളുത്താൻ മാധവൻ തീപ്പെട്ടിയെടുത്തു, പക്ഷേ, പൊന്നമ്മ എത്തിയതോടെ രംഗം മാറി’

കൊല്ലം: അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖത്തിലാണ് സിനിമാലോകവും ആരാധകരും. നാടകത്തിലൂടെയാണ് പൊന്നമ്മ സിനിമാ മേഖലയിലേക്ക് എത്തുന്നത്. അതിൽ കൊല്ലത്തെ കാളിദാസ കലാകേന്ദ്രത്തിനും പ്രമുഖസ്ഥാനമുണ്ട്. കവിയൂർ പൊന്നമ്മ നാടക രംഗത്ത് സജീവമായിരുന്നപ്പോൾ ഉണ്ടായ ഒരിക്കലും മറക്കാനാകാത്ത അനുഭവം ഒരിക്കൽ സംവിധായകൻ ഒ മാധവന്റെ ഭാര്യയും കാളിദാസ കലാകേന്ദ്രത്തിന്റെ സർവസ്വവുമായ വിജയകുമാരി പറഞ്ഞിട്ടുണ്ട്.

വിജയകുമാരിയുടെ വാക്കുകൾ:

കലാകേന്ദ്രത്തിന്റെ നാടകം ‘ഡോക്‌ടർ’ അരങ്ങേറാനായി ട്രൂപ്പ് കോവളത്ത് എത്തി. കവിയൂർ പൊന്നമ്മ അൽപ്പം വൈകുമെന്ന് പറഞ്ഞിരുന്നു. മേക്കപ്പ് തുടങ്ങി. സംഘാടകർ വന്ന് കൃത്യം ഒമ്പത് മണിക്ക് തന്നെ നാടകം തുടങ്ങണമെന്ന് പറഞ്ഞു. അൽപ്പമെങ്കിലും വൈകിയാൽ കാണികൾ പ്രശ്‌നമുണ്ടാക്കും.

പൊന്നമ്മ വരുമെന്ന് കരുതി ബാക്കി എല്ലാവരും മേക്കപ്പ് ചെയ്‌തു. ഒമ്പതാകാൻ വെറും പത്ത് മിനിട്ട്.. രണ്ടുമിനിട്ട് നാടകം തുടങ്ങും… സംഘാടകരുടെ ഭീഷണി. ടെൻഷനിലാണെങ്കിലും പുറത്ത് കാണിക്കാതെ എന്തോ ആലോചിച്ച് ഉറപ്പിച്ചപോലെ ഇരിക്കുകയാണ് ഒ മാധവൻ. ഒടുക്കം ഫസ്റ്റ് ബെൽ കൊടുക്കാൻ പറഞ്ഞു. അഭിനയം അരങ്ങത്ത് നടക്കുമ്പോഴും മനസും കണ്ണും പൊന്നമ്മ വരുന്നുണ്ടോ എന്നതിലായി.

രണ്ടാംരംഗത്തിൽ എട്ടുമിനിട്ട് കഴിയുമ്പോഴേക്കും പൊന്നമ്മയുടെ ഡോക്‌ടർ ജയശ്രീ രംഗത്തെത്തണം. പ്രധാന കഥാപാത്രവുമാണ്. അത് മാറ്റാൻ പറ്റില്ല. രണ്ടാം രംഗത്തിന് തിരശീല ഉയർന്നിട്ടും പൊന്നമ്മയെ കാണാനില്ല. മാധവൻ തന്റെ സഹായിയെ ചട്ടംകെട്ടി. കുറച്ച് മണ്ണെണ്ണയും തീപ്പെട്ടിയും കൊടുത്തു. ഗ്രീൻ റൂമിന് തീകൊളുത്തുക. തീപിടിത്തം കാരണം നാടകം കളിക്കാൻ പറ്റിയില്ല. അങ്ങനെ രക്ഷപ്പെടാം.

തീ കൊളുത്താനായി തീപ്പെട്ടി എടുക്കുമ്പോഴേക്കും മാധവൻ ഓടിയെത്തി. വേണ്ട, വേണ്ട.. പൊന്നമ്മയെത്തി. കാറിൽ ഗ്രീൻറൂമിനരികിൽ പൊന്നമ്മ ഡോക്ടറുടെ മേക്കപ്പോടെതന്നെ വന്നിറങ്ങി നേരേ സ്റ്റേജിലേക്ക് കയറി. പിന്നെ അരങ്ങ് കൊഴുത്തു. നാടകം കഴിഞ്ഞതും അഭിനന്ദനപ്രവാഹവും.


Source link

Related Articles

Back to top button