മന്ത്രിയുടെ ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് യുവതിയെ പീഡിപ്പിച്ചു; പരാതിയുമായി തമിഴ്‌നാട് ബിജെപി നേതാവ്
ചെന്നൈ: തമിഴ്‌നാട്ടിലെ ഒരു മന്ത്രിയുടെ ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് യുവതിയെ പീഡിപ്പിച്ചെന്ന ആരോപണവുമായി ബിജെപി നേതാവ് സെൽവ കുമാർ. ദൃശ്യങ്ങൾ പകർത്തി ഇവർ യുവതിയെ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എംകെ സ്റ്റാലിനും പൊലീസും ചേർന്ന് കുറ്റകൃത്യം മറച്ചുവയ്‌ക്കാൻ ശ്രമിക്കുകയാണെന്നും സെൽവ കുമാർ ആരോപിച്ചു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി അൻബിൻ മഹേഷിന്റെ ഡ്രൈവർ സിലംബരശനെതിരെയാണ് ബിജെപി വ്യവസായ വിഭാഗം വൈസ് പ്രസിഡന്റ് കൂടിയായ സെൽവ കുമാർ ട്വീറ്റ് ചെയ്‌തത്. കോളേജ് വിദ്യാർത്ഥിനിയെ പ്രതികൾ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പല തവണ പീഡനത്തിനിരയാക്കിയെന്നും അദ്ദേഹം കുറിച്ചു. ഇരയായ പെൺകുട്ടി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലെത്തി പരാതി നൽകിയിട്ടും കേസെടുത്തില്ല. മന്ത്രിയുടെ സ്വാധീനത്തിൽ പൊലീസ് സൂപ്രണ്ട് തെറ്റുകളെല്ലാം മറച്ചുവയ്‌ക്കുകയാണെന്നും സെൽവ കുമാർ കൂട്ടിച്ചേർത്തു.
അതേസമയം, സെപ്‌തംബർ മൂന്നിന് താൻ കൂട്ടബലാത്സംഗത്തിനിരയായെന്ന് കാണിച്ച് 17കാരിയായ ഒരു പെൺകുട്ടി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ആരോപണവിധേയനായ ഡ്രൈവർ സിലംബരശൻ ആദ്യം സൗഹൃദം നടിക്കുകയും. പിന്നീട് പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ നിർബന്ധിക്കുകയും ചെയ്‌തു. അതിനിടെയാണ് ലൈംഗികാതിക്രമം നടന്നതെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞിട്ടുണ്ട്.
വിവരം പുറത്തറിയിച്ചാൽ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പണം നൽകാമെന്ന് പറഞ്ഞ് വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നും ഭയന്ന് ഇക്കാര്യം മാതാപിതാക്കളോട് പോലും പറഞ്ഞില്ലെന്നും യുവതിയുടെ പരാതിയിലുണ്ട്. മകൾ ഗർഭിണിയായപ്പോൾ ഗര്‍ഭച്ഛിദ്രം നടത്താനുള്ള ഗുളിക സിലംബരശൻ വാങ്ങി നൽകിയെന്നും യുവതിയുടെ മാതാവ് പറഞ്ഞു. കുടുംബത്തിനെതിരെ നിരന്തരം ഭീഷണിമുഴക്കുകയാണെന്നും അവർ പറഞ്ഞു.
Source link