നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഇനി അക്കാര്യത്തിൽ ആശങ്ക വേണ്ട, പുതിയ പ്രഖ്യാപനവുമായി സർക്കാർ
മനാമ: അവധിക്കായി നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ സൗകര്യങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ. ഡ്രൈവിംഗ് ലൈസൻസിനുളള ടെസ്റ്റ് തീയതി കിട്ടാൻ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസം ചൂണ്ടിക്കാണിച്ച് സമർപ്പിച്ച നിവേദനത്തിന് പരിഹാരമായിട്ടായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
കേരളീയ സമാജം ബഹ്‌റൈനിൽ സംഘടിപ്പ ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഗണേഷ് കുമാർ. അവിടെ വച്ചാണ് മന്ത്രിക്ക് കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റും ബഹ്‌റൈൻ കേരളീയ സമാജം കോർ കമ്മിറ്റി അംഗവുമായ രാജേഷ് കോടോത്ത് നിവേദനം നൽകിയത്. അങ്ങനെയാണ് പ്രവാസികൾക്ക് അഞ്ച് ദിവസത്തിനുളളിൽ ഡ്രൈവിംഗ് ടെസ്റ്റ് ഡേറ്റ് നൽകാനുളള സംവിധാനമുണ്ടാക്കുമെന്ന് മന്ത്രി വേദിയിൽ വച്ച് പ്രഖ്യാപിച്ചത്.
സാധാരണയായി ഒരു മാസത്തെ അവധിക്കായിരിക്കും മിക്ക പ്രവാസികളും നാട്ടിലെത്തുന്നത്. ആ സമയത്താണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതുമായി ബന്ധപ്പെട്ടുളള നീക്കങ്ങൾ നടത്തുന്നത്. എന്നാൽ ലൈസൻസ് എടുക്കുന്നതിനായുളള അപേക്ഷ നൽകികഴിഞ്ഞാൽ ഒന്നോ രണ്ടോ മാസം കഴിഞ്ഞുളള ടെസ്റ്റ് തീയതിയാണ് ലഭിക്കാറുളളത് അപ്പോഴേക്കും പ്രവാസികൾക്ക് അവധി കഴിഞ്ഞ് മടങ്ങിപ്പോകേണ്ടി വരും. ഇത്തരത്തിൽ പലതവണയായി ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷ നൽകിയിട്ട് ലൈസൻസ് എടുക്കാൻ സാധിക്കാതെ പോയ നിരവധി പ്രവാസികളുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ വാഹനമോടിക്കുന്നതിന് വൈദഗ്ദ്ധ്യം നേടിയ പല പ്രവാസികൾക്കും സ്വന്തം നാട്ടിൽ വാഹനമോടിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഗൾഫ് രാജ്യങ്ങളിൽ ലൈസൻസ് ഉളളവർക്ക് നാട്ടിൽ നിയമപരമായി വാഹനം ഓടിക്കാനുളള അനുവാദം നൽകുകയോ അല്ലെങ്കിൽ പ്രവാസികൾക്ക് ഒരു എക്‌സ്‌പ്രസ് ടെസ്റ്റ് നടത്താനുളള സംവിധാനം ഒരുക്കുകയെന്ന പ്രവാസികളുടെ ആവശ്യമാണ് ഇതോടെ നടപ്പിലാകാൻ പോകുന്നത്.
Source link