KERALAMLATEST NEWS

കേരളീയ ജനത ലോകത്തിന് മുന്നിൽ അവഹേളിക്കപ്പെട്ടു, സർക്കാരിനെ അപകീർത്തിപ്പെടുത്തി; വയനാട് കണക്കിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തനിവാരണക്കണക്കുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ മാദ്ധ്യമങ്ങൾ വ്യാജവാർത്തകൾ സൃഷ്‌ടിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം കണക്കുകൾ പെരുപ്പിച്ച് ധനസഹായം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് വലിയൊരു വിഭാഗം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഇതുകാരണം കേരളത്തിലെ ജനങ്ങൾ ലോകത്തിന് മുന്നിൽ അവഹേളിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദുരിതാശ്വാസത്തിന് സർക്കാർ ഇതുവരെ ചെലവാക്കിയ കണക്കും മുഖ്യമന്ത്രി വിശദീകരിച്ചു. സർക്കാരിന് ലഭിച്ചുകൊണ്ടിരുന്ന പിന്തുണ തകർക്കുകയാണ് ഇപ്പോഴത്തെ വ്യാജവാർത്തയ‌്ക്ക് പിന്നിലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

കേന്ദ്രസർ‌ക്കാരിന് സംസ്ഥാനം സമർപ്പിച്ച മെമ്മോറാണ്ടം ചെലവിന്റെ കണക്കായി വ്യാഖ്യാനിച്ചാണ് വ്യാജവാർത്ത ഉണ്ടാക്കിയത്. ഏതുവിധേനേയും സംസ്ഥാന സർക്കാരിനെ അപകീർത്തിപെടുത്തുകയായിരുന്നു പിന്നിലെ ലക്ഷ്യം. ഇതിന് കാരണക്കാർ ദ്രോഹിച്ചത് ദുരന്തം ബാധിച്ചവരെയാണ്. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ്. അത് തയ്യാറാക്കുന്നതിന് രാജ്യമാകെ അംഗീകരിച്ച രീതികളുണ്ട്. പല സാദ്ധ്യതകൾ വിലയിരുത്തിയാണ് ഓരോ കണക്കും തയ്യാറാക്കുന്നത്. അത്തരത്തിൽ തയ്യാറാക്കിയ വിവരങ്ങളെയാണ് കള്ളക്കണക്ക് എന്നാക്ഷേപിച്ചതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

കിട്ടേണ്ട സഹായങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തിനുള്ളത്. മാനദണ്ഡങ്ങൾക്കനുസൃതമായി പരമാവധി സഹായം ലഭിക്കാനായി നൽകിയ മെമ്മോറാണ്ടത്തെയാണ് ഇത്തരത്തിൽ ആക്രമിച്ചത്. അതുപോലും കിട്ടരുത് എന്ന ദുഷ്‌ടലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനം. ഒരുകണക്കും മനക്കണക്കിൽ തയ്യാറാക്കിയതല്ല. പെരുപ്പിച്ചു കാട്ടിയതുമല്ല. വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘പ്രളയഘട്ടത്തില്‍ കോണ്‍ഗ്രസ് അനുകൂലികളായ സര്‍ക്കാര്‍ ജീവക്കാരുടെ സംഘടനകള്‍ സാലറി ചാലഞ്ചിനെതിരെ രംഗത്തെത്തി. ദുരന്തമുഖത്ത് പോലും രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷമായി അന്നവര്‍ അധംപതിക്കുന്നതാണ് കണ്ടത്. സാലറി ചാലഞ്ചിനോട് മുഖംതിരിക്കുക മാത്രമല്ല ക്യാമ്പയിന്‍ മുടക്കാന്‍ അഹോരാത്രം പണിയെടുക്കുകയും ചെയ്തു. കൊവിഡ് കാലത്ത് ആറ് ദിവസത്തെ ശമ്പളം കടം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് കത്തിക്കുകയാണ് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ചെയ്തത്. ഇപ്പോള്‍ പെരുപ്പിച്ച കണക്കുകള്‍ എന്ന് വയനാടിനെ കുറിച്ചുള്ള പ്രചാരണത്തിലും ഇതേ കൂട്ടരുണ്ടെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

സര്‍ക്കാരിനെതിരെയുള്ള വ്യാജവാര്‍ത്തകളും വ്യാജ പ്രചാരണങ്ങളും മാത്രമല്ല, ജനങ്ങള്‍ക്ക് വലിയ തോതില്‍ ഉപകാരപ്രദമാകുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ തകര്‍ക്കാനും ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പല രൂപത്തില്‍ ഇപ്പോഴും തുടരുന്നുമുണ്ട്. എന്നാല്‍ ഇവർ ആലോചിക്കുന്നില്ല ഇവരുടെ ഈ വ്യാജ പ്രചാരണങ്ങള്‍ എത്ര പാവപ്പെട്ട മനുഷ്യരെയാണ് ബാധിക്കുന്നതെന്ന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഇല്ലാതായാല്‍ ആയിരക്കണക്കിന് മനുഷ്യര്‍ക്കാണ് ചികിത്സാ സഹായം ലഭ്യമാകാതെ പോകുക. അതോടൊപ്പം വിവിധ ദുരന്തങ്ങളും ദുരിതങ്ങളും നേരിട്ടവര്‍ക്കുള്ള അടിയന്തര സഹായങ്ങളും നിലച്ചുപോകും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 2135.29 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത്. അതില്‍ ചികിത്സാസഹായമായി മാത്രം നല്‍കിയത് 685.62 കോടി രൂപയാണ്. ആയിരക്കണക്കിന് പേര്‍ക്കാണ് സഹായം ലഭ്യമായത്.

ഇതു കൂടാതെ പ്രളയബാധിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈ സര്‍ക്കാര്‍ വന്ന ശേഷം 856.95 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. കൊവിഡ് സമയത്ത് ദുരിതമനുഭവിച്ചവര്‍ക്ക് 380.95 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഈ കാലയളവില്‍ നല്‍കിയത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കൃത്യമായി പറഞ്ഞാല്‍ 25/5/2016 മുതല്‍ 20/5/2021 വരെ 5715.92 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണംചെയ്തത്.

സുതാര്യവും സുഗമവും ആയി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അത് ഇല്ലാതായാല്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ചികിത്സാ സഹായം ഇല്ലാതാകും. രോഗബാധിതരുടെ ചികിത്സയ്ക്ക് തടസ്സമുണ്ടാകും. അതുപോലെതന്നെ മറ്റു പല ദുരിതങ്ങളും അനുഭവിക്കുന്നവര്‍ക്കുള്ള സഹായങ്ങളും ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകും. അതുകൊണ്ട് വ്യാജപ്രചാരകര്‍ അതില്‍ നിന്ന് പിന്മാറണം. ഈ ദുരവസ്ഥ നമ്മുടെ നാടിനുണ്ടാകരുത്.

മാദ്ധ്യമങ്ങള്‍ മാത്രമാണ് ഇല്ലാക്കഥകള്‍ പറഞ്ഞു പരത്തുന്നത് എന്ന് പറയാനാകില്ല. അതിനുപിന്നിലെ രാഷ്ട്രീയവും അജണ്ടയും ആണ് പരിശോധിക്കേണ്ടത്. പ്രളയത്തിന്‍റെ സമയത്ത് കോണ്‍ഗ്രസ് അനുകൂലികളായ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ സാലറി ചലഞ്ചി’നെതിരെ രംഗത്തുവന്നത് ഓര്‍ക്കുന്നത് നന്നാവും. ദുരന്തമുഖത്തുപോലും രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷമായി അവര്‍ അധപതിച്ചില്ലേ അന്ന്? സാലറി ചലഞ്ചിനോട് മുഖം തിരിക്കുക മാത്രമല്ല, ക്യാമ്പെയിന്‍ മുടക്കാന്‍ അഹോരാത്രം പണിയെടുക്കുകയും ചെയ്തു.

സര്‍ക്കാര്‍ ഇന്നാട്ടിലെ അദ്ധ്യാപകരേയും ജീവനക്കാരെയും അകാരണമായി പിഴിയുന്നു എന്നാണ് അന്ന് ഇവര്‍ പറഞ്ഞു പരത്തിയത്? എന്നാല്‍ പ്രതിപക്ഷത്തിന്‍റെ ദുഷ്‌പ്രചരണങ്ങളെ വകവയ്‌ക്കാതെ നാടിന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാവുകയാണ് ബഹുഭൂരിപക്ഷം ജീവനക്കാരും ചെയ്തത്.

കൊറോണക്കാലത്ത് മാനദണ്ഡം ലംഘിച്ചു പുറത്തിറങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുകവരെ ചെയ്തില്ലേ പ്രതിപക്ഷ നേതൃത്വം? സമരകോലാഹലങ്ങള്‍ നടത്തി നാടിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കാനല്ലേ ഇവര്‍ അന്ന് ശ്രമിച്ചത്? വ്യാജ പ്രചാരണങ്ങളുടെ പെരുമഴയല്ലേ അന്നിവര്‍ നടത്തിയത്?

കൊവിഡ് വിഷയത്തിലെ സാലറി ചലഞ്ചുവഴി ധനമന്ത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് വിളിച്ചു പറഞ്ഞത്. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാന്‍ഡേറ്ററി സാലറി കട്ട് നല്‍കുന്ന അതേ സമയത്തായിരുന്നു ആറു ദിവസത്തെ ശമ്പളം കടമായി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത്. ലോകം മുഴുവന്‍ മഹാമാരി മരണം വിതച്ച സമയമായിരുന്നല്ലോ അന്ന്. തൊഴില്‍ നഷ്ടപ്പെട്ട് സകലരും വീട്ടില്‍ അടച്ചിരിക്കേണ്ടിവന്ന ഒരു ഘട്ടം. സര്‍ക്കാരുകളുടെ വരുമാനം നിലച്ചപ്പോള്‍ ദൈനംദിന ചെലവുകള്‍ക്കുപോലും വേണ്ടത്ര കാശില്ലാതെ ലോകമാകെ സര്‍ക്കാരുകള്‍ പ്രയാസപ്പെട്ട സാഹചര്യമായിരുന്നു. പല ഇടങ്ങളിലും ശമ്പളം മുടങ്ങുന്ന നിലയുണ്ടായി. എന്നാല്‍ കേരളത്തില്‍ അങ്ങനെ ഉണ്ടായില്ല. ആറു ദിവസത്തെ ശമ്പളം കടം കൊടുക്കാന്‍ മാത്രമാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരോടഭ്യർത്ഥിച്ചത്.

സര്‍ക്കാരിന്‍റെ ഉത്തരവ് തെരുവില്‍ കത്തിക്കുകയല്ലേ കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനകള്‍ ചെയ്തത്? ഇതിനും പുറമെ ആറു ദിവസത്തെ ശമ്പളം കടം കൊടുക്കാന്‍ മനസ്സില്ലാതെ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹര്‍ജിയുമായി പോവുകയാണ് കോണ്‍ഗ്രസുകാര്‍ ചെയ്തത്. ഇപ്പോള്‍ ‘പെരുപ്പിച്ച കണക്ക് എന്നും ‘വ്യാജ കണക്ക് എന്നും മറ്റുമുള്ള കഥകള്‍ പ്രചരിപ്പിക്കുന്നതും ഇതേ കൂട്ടരാണ്.

കേന്ദ്ര സര്‍ക്കാര്‍ വയനാടിനായി ഇതുവരെ പ്രത്യേക സഹായമൊന്നും നല്‍കിയിട്ടില്ല. എന്നാല്‍, സംസ്ഥാനം നല്‍കിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റിനെ ‘ചെലവാക്കിയ തുകയായി’ ദുര്‍വ്യാഖ്യാനം ചെയ്ത നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ കേന്ദ്രഭരണ കക്ഷിയായ ബിജെപിയുടെ പ്രധാന നേതാക്കളും ഉണ്ട്. കേരളത്തിന് അര്‍ഹമായ സഹായം എത്രയും വേഗം ലഭ്യമാക്കാനുള്ള ഇടപെടലാണ് നാടിനെയും ജനങ്ങളെയും സ്നേഹിക്കുന്ന എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Source link

Related Articles

Back to top button