KERALAM

ഇന്ന് ഗുരുദേവ മഹാസമാധി

തിരുവനന്തപുരം: ശ്രീനാരായണഗുരുദേവന്റെ 97-ാമത് മഹാസമാധി ഇന്ന് നാടെങ്ങും ആചരിക്കും. മഹാസമാധി സ്ഥാനമായ വർക്കല ശിവഗിരിക്കുന്നിലും ഗുരുദേവന്റെ ജന്മം കൊണ്ടുപവിത്രമായ ചെമ്പഴന്തി ഗുരുകുലത്തിലും സമൂഹ പ്രാർത്ഥനയും പ്രത്യേക പൂജകളും നടക്കും.

ശിവഗിരിയിൽ രാവിലെ 10ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ഡോ. ശശിതരൂർ എം.പി മുഖ്യപ്രഭാഷണം നടത്തും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ,​ അടൂർ പ്രകാശ് എം.പി, വി. ജോയി എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, വർക്കല കഹാർ, സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവർ പ്രസംഗിക്കും. ഉച്ചയ്ക്കുശേഷം മൂന്നിന് ശാരദാമഠത്തിൽ നിന്ന് കലശപ്രദക്ഷിണ യാത്ര, 3.30 ന് മഹാസമാധി പൂജ, കലശാഭിഷേകം, സമൂഹപ്രാർത്ഥന, ഉപവാസയജ്ഞം എന്നിവ നടക്കും.

ചെമ്പഴന്തി വയൽവാരം വീട്ടിൽ രാവിലെ 9ന് ഉപവാസവും സമൂഹപ്രാർത്ഥനയും. 10ന് മഹാസമാധി ദിനാചരണ സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, രമേശ് ചെന്നിത്തല, സ്വാമി അഭയാനന്ദ എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് കഞ്ഞിവീഴ്ത്ത്, വൈകിട്ട് സമാധിപൂജ.

ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രത്തിന്റെയും ശ്രീനാരായണസാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ മ്യൂസിയം ശ്രീനാരായണഗുരു പാർക്കിലെ ഗുരുദേവ ശില്പത്തിൽ രാവിലെ 9.30ന് പുഷ്പാർച്ചന നടത്തും. മന്ത്രി ഒ.ആർ. കേളുവും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.

ശിവലിംഗ പ്രതിഷ്ഠയിലൂടെ ഗുരുദേവൻ സാമൂഹിക വിപ്ളവത്തിന് തുടക്കം കുറിച്ച അരുവിപ്പുറം, കുമാരഗിരി ഗുരുക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ മുതൽ പ്രത്യേക പൂജകളും അഖണ്ഡനാമജപവും നടക്കും. ഗുരുദേവൻ പ്രതിഷ്ഠനടത്തിയ വിവിധ ക്ഷേത്രങ്ങൾ, മഠങ്ങൾ, ഗുരുദേവക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളുണ്ടാകും.

എസ്.എൻ.ഡി.പി യോഗത്തിന്റെ ഏഴായിരത്തോളം ശാഖകളുടെയും വിവിധ ശ്രീനാരായണസംഘടനകളുടെയും ആഭിമുഖ്യത്തിൽ കഞ്ഞിവീഴ്ത്ത്, പ്രത്യേക പ്രാർത്ഥന എന്നിവയുണ്ടാകും.


Source link

Related Articles

Back to top button