തികച്ചും ശനിദശ ആയിരുന്നു കഴിഞ്ഞ രണ്ടു മൂന്നാഴ്ചകൾ, സിനിമ വീണ്ടും ഉണരുകയാണെന്ന് വിനയൻ

ചലച്ചിത്ര മേഖലയിലെ അപജയങ്ങൾക്കെല്ലാം അറിഞ്ഞും അറിയാതെയും വഴിമരുന്ന് ഇട്ടു കൊടുത്ത സിനിമാ സംഘടനകളുടെ നേതൃത്വം സ്വയം തിരുത്തി ഫിലിം ഇൻഡസ്ട്രിയെ വിജയത്തിലേക്കു നയിക്കട്ടെ എന്നു പ്രത്യാശിക്കുന്നതായി സംവിധായകൻ വിനയൻ. സഹോദരിയുടെ മരണത്തെ തുടർന്ന് വ്യക്തിപരമായി ഓണാഘോഷമില്ലെന്നും, എന്നാൽ തന്റെ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നതായും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

വിനയന്റെ കുറിപ്പ്-

എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ…

ഈ ഓണം ആശംസാ കാർഡ് അയച്ചു തന്ന “പത്തൊൻപതാം നൂറ്റണ്ടിന്റെ” സ്റ്റിൽ ഫോട്ടോ ഗ്രാഫർ മോഹൻ സുരഭിക്ക് നന്ദി…

ഇത്തവണ തിരുവോണത്തിന് എന്റെ വീട്ടിൽ ആഘോഷമൊന്നും ഇല്ല.

എനിക്ക് എന്റെ അമ്മ ആയിരുന്ന മൂത്ത സഹോദരി കഴിഞ്ഞ മാസം അന്തരിച്ചതിനാൽ ഓണ സദ്യയൊന്നും വേണ്ടെന്നു വച്ചു.

വയനാട്ടിൽ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട്…പ്രിയപ്പെട്ടവരെല്ലാം വിട്ടുപോയ… നിസ്സഹായരുടെ വേദന ഓർക്കുമ്പോഴും, ഉക്രയിനിലും ഗാസയിലും യുദ്ധഭൂമിയിൽ വെടിയേറ്റു കിടക്കുന്ന അച്ഛനമ്മമാരുടെ ശവശരീരത്തിനരികിൽ

അനാഥരായി വാവിട്ടു കരയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ദൃശ്യം കാണുമ്പോഴും ഒക്കെ മനസ്സ് മരവിച്ചു പോകാറുണ്ട്…

പക്ഷേ ആ മരവിപ്പിൽ നിന്ന് തിരിച്ചു ജീവിതത്തിലേക്കു നമുക്കു വന്നേ പറ്റൂ.. അതാണല്ലോ പ്രപഞ്ചത്തിന്റെ മായ എന്നു പറയുന്നത്..

മായയുടെ മാന്ത്രിക വടിയാണ് മറവി…

ദുഖങ്ങളും ദുരന്തങ്ങളും അതിജീവിച്ച് എല്ലാവർക്കും മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന രീതിയിൽ പറയട്ടെ..

സിനിമാ മേഖലയ്ക് തികച്ചും ശനിദശ ആയിരുന്നു കഴിഞ്ഞ രണ്ടു മൂന്നാഴ്ചകൾ.. മലയാള ഫിലിം ഇൻഡസ്ട്രിയുടെ മുഖമടച്ച് ഒരടി കിട്ടിയ അവസ്ഥ.

എന്നാൽ ഓണച്ചിത്രങ്ങളുടെ റിലീസോടെ തീയറ്ററുകളിൽ സിനിമ വീണ്ടും ഉണരുന്നു എന്നത് വലിയ ആശ്വാസമാണ്..

ജനങ്ങൾ ഏറ്റവും ഇഷ്ടത്തോടെ വിനോദത്തിനായി ആശ്രയിക്കുന്നത് സിനിമയെ ആണന്ന് അവർ വീണ്ടും പറയുന്നു.. ആ ജനകീയ കലയെ ഏതെങ്കിലും ലോബി ഹൈജാക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ അവതാളത്തിൽ ചെന്നു ചാടുന്നത്..

ചലച്ചിത്ര മേഖലയിലെ ഈ അപജയങ്ങൾക്കെല്ലാം അറിഞ്ഞും അറിയാതെയും വഴിമരുന്ന് ഇട്ടു കൊടുത്ത സിനിമാ സംഘടനകളുടെ നേതൃത്വം സ്വയം തിരുത്തി ഫിലിം ഇൻഡസ്ട്രിയെ വിജയത്തിലേക്കു നയിക്കട്ടെ എന്നു പ്രത്യാശിക്കുന്നു..


Source link
Exit mobile version