രണ്ടായിരത്തിന് ശേഷം സംഭവിച്ചത് രണ്ടുതവണ, ഓണക്കാലത്ത് മലയാളിക്ക് നഷ്‌ടപ്പെടുന്നത്
ഒരുകാലത്ത് പുസ്തകങ്ങളേക്കാൾ ആവശ്യക്കാരുണ്ടായിരുന്നു, തരംഗിണി സ്റ്റുഡിയോ പുറത്തിറക്കിയ ഓണക്കാസറ്റുകൾക്ക്. ഓണത്തിന്റെ നൈർമല്യവും സുഗന്ധവും ആ പാട്ടുകളിലൂടെ ഒഴുകിയെത്തി. ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദത്തിലൂടെ മലയാളി ഓണക്കാലത്തെ വരവേറ്റു. ആദ്യം അയ്യപ്പഭക്തി ഗാനങ്ങളിറക്കിയ തരംഗിണി 1982-ലാണ് ഓണപ്പാട്ടുകൾ ഇറക്കിത്തുടങ്ങിയത്. ഒ.എൻ.വിയുടെയും ആലപ്പി രംഗനാഥിന്റെയും കൂട്ടുകെട്ടിൽ പിറന്ന ‘നാലുമണിപ്പൂവേ, നാലുമണിപ്പൂവേ…. നാടുണർന്നു, മഴക്കാറുണർന്നു…”, ‘നിറയോ നിറനിറയോ പൊന്നാവണി നിറപറവച്ചു…” തുടങ്ങിയ ഗാനങ്ങൾ മലയാളി ആവർത്തിച്ചുകേട്ടു.
അതിന്റെ വിജയത്തെ തുടർന്ന് ‘ഉത്സവഗാനങ്ങൾ” എന്ന പേരിൽ ശ്രീകുമാരൻ തമ്പി, രവീന്ദ്രൻ കൂട്ടുകെട്ടിൽ ‘ഉത്രാടപ്പൂനിലാവേ വാ…”, ‘ഒരു നുള്ളു കാക്കപ്പൂ കടം തരുമോ…”, ‘എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ…”, ‘പായിപ്പാട്ടാറ്റിൽ വള്ളംകളി…” തുടങ്ങിയ പാട്ടുകളിറങ്ങി. വാക്കുകൾ അടുക്കിയ കവിത മാത്രമായിരുന്നില്ല, ആശയങ്ങൾ കൃത്യമായി വെളിപ്പെടുത്തിയ ഗാനങ്ങളായിരുന്നു ഓരോന്നും. ‘തൃക്കാക്കരയിലെ തിരുവോണത്താമര…”, ‘ഉണ്ണിക്കരങ്ങളിൽ പൂക്കളം നെയ്യും നിൻ ഉണ്ണിയെ ഞാനിന്നുകണ്ടു…”, ‘കുളിച്ച് കുറിയിട്ട് കുപ്പിവളയിട്ട് കുമ്മിയടിക്കാൻ വാ…”, ‘തുളസീ കൃഷ്ണതുളസീ…” എന്നീ ഗാനങ്ങൾ കേൾക്കാത്ത മലയാളികൾ ഉണ്ടാവുമോ?
തരംഗിണിക്കൊപ്പം സിനിമകളും ഓണപ്പാട്ടുകളാൽ സമ്പന്നമായിരുന്നു. മലയാളികൾ അല്ലെങ്കിൽപ്പോലും ഓണത്തിന്റെ തനിമ സംഗീതത്തിലൂടെ കൃത്യമായി ഒപ്പിയെടുക്കാൻ ബോംബെ രവിക്കും സലിൽ ചൗധരിക്കും സാധിച്ചു. ‘ഇന്നെന്റെ മുറ്റത്ത് പൊന്നോണപ്പൂവേ നീ വന്നു ചിരിതൂകി നിന്നു…” നഖക്ഷതങ്ങൾ എന്ന ചിത്രത്തിൽ ബോംബെ രവിയുടെ ഈണത്തിന് ഒ.എൻ.വി എത്ര മനോഹരമായാണ് നായികയെ ഒരു സുന്ദരപുഷ്പത്തോട് ഉപമിക്കുന്നത്! വിഷുക്കണി എന്ന സിനിമയിലെ ‘പൂവിളി പൂവിളി…”, തിരുവോണം എന്ന ചിത്രത്തിലെ ‘തിരുവോണപ്പുലരിതൻ…” എന്നീ ഗാനങ്ങൾ ഓണത്തിന്റെ പര്യായങ്ങളായി.
എന്നാൽ 2000-ത്തിനു ശേഷം ഓണപ്പാട്ടുകളുടെ ഒളി മങ്ങി. കാസറ്റുകളും സി.ഡികളും പുറത്തിറങ്ങാതെയായി. യൂട്യൂബിലും സമൂഹമാദ്ധ്യമങ്ങളിലും പ്രതിദിനം നിരവധി പാട്ടുകൾ ഇറങ്ങുന്നുണ്ടെങ്കിലും രചനയിലും സംഗീതത്തിലും പണ്ടത്തെ പകിട്ടില്ല. ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലെ ‘തിരുവാവണി രാവ്…”, കാര്യസ്ഥൻ എന്ന സിനിയിലെ ‘ഓണവില്ലിൻ തംബുരു മീട്ടും…” എന്നീ പാട്ടുകൾ ഒഴിച്ചുനിറുത്തിയാൽ ഓർത്തെടുക്കാവുന്ന പാട്ടുകൾ കേൾക്കാറേയില്ല.
ഓണം, പൂപ്പൊലി തുടങ്ങിയ വാക്കുകൾ ചേർത്താൽ ഓണത്തിന്റെ ഓളം ലഭിക്കുമെന്നത് മിഥ്യാധാരണയാണ്. ആധുനികതയുടെ അതിപ്രസരത്തിൽ ഉത്സവങ്ങളുടെ പ്രാധാന്യം കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഓണം മലയാളിയുടെ വിശ്വാസവും വികാരവുമായിരിക്കെ ഓണപ്പാട്ടുകൾക്കും പ്രാധാന്യമുണ്ട്. ‘മാവേലി നാടുവാണിടും കാലം” പോലുള്ള വരികൾ ആവർത്തിച്ചുകേട്ട്, പുതിയ ഓണപ്പാട്ടുകൾ വരാത്ത ദുഃഖത്തെ മറികടക്കുകയാണ് മലയാളി. ആരവങ്ങളെ മാത്രമല്ല, ഗൃഹാതുരത ഉണർത്തുന്ന ഓർമ്മകളെക്കൂടിയാണല്ലോ അവ തൊട്ടുണർത്തുന്നത്!
Source link