മാസ് മൊണാക്കോ
മൊണാക്കോ/മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഫ്രഞ്ച് ക്ലബ്ബായ എഎസ് മൊണാക്കോയുടെ മാസ് ജയം. ബാഴ്സലോണയെ ഹോം മത്സരത്തിൽ 2-1നു മൊണാക്കോ കീഴടക്കി. 10-ാം മിനിറ്റിൽ എറിക് ഗാർസ്യ ചുവപ്പുകാർഡ് കണ്ടതോടെ ബാഴ്സലോണയുടെ അംഗബലം പത്തിലേക്കു ചുരുങ്ങി. 16-ാം മിനിറ്റിൽ മാഗ്നെസ് മൊണാക്കോയെ മുന്നിലെത്തിച്ചു. എന്നാൽ, 28-ാം മിനിറ്റിൽ വണ്ടർ കിഡായ ലാമിൻ യമാൽ ബാഴ്സലോണയ്ക്കു സമനില നൽകി. ജോർജ് ഇലെനിഖേനയിലൂടെ (71’) മൊണാക്കോ ലീഡിൽ. ലാമിൻ യമാൽ ചാന്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമനായി. 17 വർഷവും 68 ദിനവുമായിരുന്നു മൊണാക്കോയ്ക്കെതിരേ ഗോൾ നേടുന്പോൾ യമാലിന്റെ പ്രായം.
ബയേർ ലെവർകുസെൻ ഡച്ച് ക്ലബ്ബായ ഫെയ്നൂർഡ് റോട്ടർഡാമിനെ മറുപടിയില്ലാത്ത നാലു ഗോളുകൾക്കു കീഴടക്കി. ചാന്പ്യൻസ് ലീഗിൽ തന്റെ കന്നി മത്സരത്തിൽ ഫ്ളോറിയൻ വിറ്റ്സ് (5’, 36’) ലെവർകുസെനുവേണ്ടി ഇരട്ട ഗോൾ സ്വന്തമാക്കി. അത്ലറ്റിക്കോ മാഡ്രിഡ് 2-1നു ലൈപ്സിഗിനെ തോൽപ്പിച്ചു. ആഴ്സണലും അത്ലാന്തയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Source link