ജിസ്മോൻ മാത്യു, ഇന്റർനാഷണൽ ആർബിറ്റർ 45-ാം ചെസ് ഒളിന്പ്യാഡിൽ മൂന്നു റൗണ്ടുകൾ മാത്രംശേഷിക്കെ ഓപ്പണ്‍ വിഭാഗത്തിൽ ഇന്ത്യ വ്യക്തമായ രണ്ടു പോയിന്റ് ലീഡ് നേടി സ്വർണത്തിലേക്ക് അടുക്കുന്നു. എട്ടാം റൗണ്ടിൽ ഇന്ത്യൻ പുരുഷന്മാർ ഇറാനെ 3.5-0.5നു തകർത്തു. ഫോമിലുള്ള ഡി ഗുകേഷും അർജുൻ എറിഗെയ്സിയും കറുത്ത കരുക്കളുമായി വിജയിച്ചപ്പോൾ വിദിത് ഗുജറാത്തി വെള്ളക്കരുവിൽ വെന്നിക്കൊടി പാറിച്ചു. ആർ. പ്രഗ്നാനന്ദ സമനിലയിൽ പിരിഞ്ഞു. എതിരാളിയുടെ രാജാവിനെതിരേ ശക്തമായ ചെക്മേറ്റിംഗ് ആക്രമണം നടത്തുകയും തന്റെ രാജ്ഞിയെ ബലിയർപ്പിക്കുകയും ചെയ്ത് അർജുൻ ദനേശ്വർ ബർദിയയ്ക്കെതിരേ ജയം നേടി. ഗുകേഷ് തകർപ്പൻ ഫോം തുടരുകയാണ്. പർഹാം മഗ്സൂദ്ലുവിന്റെ പിഴവ് മുതലെടുത്തായിരുന്നു ഗുകേഷിന്റെ ജയം.
അതേസമയം, ചാന്പ്യൻഷിപ്പിൽ ആദ്യമായി ഇന്ത്യൻ വനിതകൾ തോൽവി രുചിച്ചു. പോളണ്ടിനോട് 2.5-1.5നായിരുന്നു ഇന്ത്യയുടെ തോൽവി. പരാജയപ്പെട്ടെങ്കിലും ഇന്ത്യ ഒന്നാം സ്ഥാനത്തു തുടരുകയാണ്. എട്ടാം റൗണ്ടിൽ ദിവ്യ ദേശ്മുഖിനു മാത്രമാണ് ജയം നേടാനായത്. വന്തിക അഗർവാൾ വിജയത്തിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും സമനിലയിൽ മത്സരം അവസാനിപ്പിച്ചു.
Source link