KERALAM

സ്റ്റേഷനുള്ളില്‍ 32കാരിക്ക് കൊടിയ പീഡനം, അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഭുവനേശ്വര്‍: പൊലീസ് സ്റ്റേഷനില്‍ കൊടിയ പീഡനത്തിനിരയായെന്ന സൈനിക ഉദ്യോഗസ്ഥന്റെ വനിതാ സുഹൃത്തിന്റെ പരാതിയില്‍ അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തിന് നടപടിയെടുത്തത്. അഭിഭാഷകയും റെസ്റ്റോറന്റ് ഉടമയുമായ 32കാരിയാണ് പരാതി നല്‍കിയത്.

കഴിഞ്ഞ 15 നാണ് സംഭവം. രാത്രി റസ്റ്റോറന്റ് അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഗുണ്ടകള്‍ ആക്രമിച്ചത് പരാതിപ്പെടാനാണ് യുവതിയും ക്യാപ്റ്റനും പൊലീസ് സ്‌റ്രേഷനിലെത്തിയത്. എന്നാല്‍ കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് പെരുമാറിയതെന്ന് യുവതി പറയുന്നു. വനിതാ കോണ്‍സ്റ്റബിള്‍ മാത്രമേ ആദ്യം അവിടെയുണ്ടായിരുന്നുള്ളു. അവര്‍ സഹായിക്കാന്‍ വിസമ്മതിച്ചു. അധിക്ഷേപിക്കുകയും ചെയ്തു. അല്പ സമയത്തിനുള്ളില്‍ കുറച്ചു പൊലീസുകാര്‍ എത്തി രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ക്യാപ്റ്റനെ അടുത്ത ദിവസം പുലര്‍ച്ചെ വരെ അന്യായമായി തടങ്കലില്‍ വച്ചു.

താന്‍ ചോദ്യംചെയ്തപ്പോള്‍ മുറിയിലേക്ക് വലിച്ചിഴച്ച് വസ്ത്രം വലിച്ചൂരുകയും ചവിട്ടുകയും ചെയ്തെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. എതിര്‍ത്തപ്പോള്‍ ജാക്കറ്റ് ഉപയോഗിച്ച് കൈകള്‍ കെട്ടുകയും മുറിയിലേക്ക് തള്ളിയിടുകയും ചെയ്തു.ഇന്‍സ്പെക്ടര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും യുവതി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചെന്ന കുറ്റം ചുമത്തി യുവതിയെ അറസ്റ്റ് ചെയ്തു. രണ്ട് വനിതാ പൊലീസുകാര്‍ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചപ്പോഴാണ് താന്‍ ചെറുത്തുനിന്നതെന്നാണ് യുവതിയുടെ വിശദീകരണം. യുവതിക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

അതേസമയം പൊലീസുകാര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. യുവതിയും സുഹൃത്തും മദ്യപിച്ച് ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥനെ ആക്രമിക്കുകയും കമ്പ്യൂട്ടറുകളുള്‍പ്പെടെ നശിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. സൈനികന്റെ കാറില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ പറഞ്ഞു.


Source link

Related Articles

Back to top button