അമ്മത്താരമായിട്ടല്ല, താരറാണിയെപ്പോലെയുള്ള ജീവിതം; പ്രിയപ്പെട്ട പൊന്നു ആന്റിയെ ഓർത്ത് വിതുമ്പി ഉർവശി | Urvashi remembers Kaviyoor Ponnamma
അമ്മത്താരമായിട്ടല്ല, താരറാണിയെപ്പോലെയുള്ള ജീവിതം; പ്രിയപ്പെട്ട പൊന്നു ആന്റിയെ ഓർത്ത് വിതുമ്പി ഉർവശി
മനോരമ ലേഖകൻ
Published: September 20 , 2024 08:26 PM IST
Updated: September 20, 2024 08:40 PM IST
1 minute Read
ഉർവശി, കവിയൂർ പൊന്നമ്മ
മലയാളത്തിന്റെ അമ്മത്താരം കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വൈകാരികമായി പ്രതികരിച്ച് നടി ഉർവശി. അമ്മയുടെ അടുത്ത സുഹൃത്തായിരുന്ന കവിയൂർ പൊന്നമ്മയെ ഉർവശിയും സഹോദരിമാരും പൊന്നു ആന്റി എന്നാണു വിളിച്ചിരുന്നത്. അടുത്ത ദിവസങ്ങളിൽ പൊന്നു ആന്റി അസുഖബാധിതയാണെന്ന് അറിഞ്ഞെങ്കിലും സുഖം പ്രാപിച്ച് തിരിച്ചുവരും എന്നാണു കരുതിയിരുന്നതെന്നു ഉർവശി പറയുന്നു. ഒരു അമ്മതാരമായിരുന്നെങ്കിലും താരറാണിയെപോലെ ആയിരുന്നു പൊന്നമ്മ ജീവിച്ചിരുന്നത്. തന്നോട് പൊന്നു ആന്റിക്ക് വലിയ വാത്സല്യമായിരുന്നെന്നും പലപ്പോഴും അഭിനയ ജീവിതത്തെക്കുറിച്ച് ഉപദേശങ്ങൾ തന്നിരുന്നെന്നും ഉർവശി വേദനയോടെ ഓർക്കുന്നു
‘കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കല ചേച്ചി പറയുകയായിരുന്നു പൊന്നു ആന്റിക്ക് സുഖമില്ല, സീരിയസാണ്, സുഖപ്പെട്ടു വരുമായിരിക്കും എന്നൊക്കെ. തിരിച്ചുവരും എന്ന് തന്നെയായിരുന്നു ഞങ്ങൾ കരുതിയിരുന്നത്. ഞങ്ങൾ വളരെ അടുത്ത സ്നേഹബന്ധം പുലർത്തിയിരുന്നു. എപ്പോഴും വീട്ടിൽ വരുമായിരുന്നു. അമ്മ മദ്രാസിലേക്ക് ഷിഫ്റ്റ് ചെയ്തതിനു ശേഷമാണ് വരാത്തത്. എറണാകുളത്ത് അമ്മ ഉണ്ടായിരുന്നപ്പോൾ മിക്കവാറും വീട്ടിൽ വരും. എന്റെ അമ്മയെ കാണാൻ വരുന്നവർ ഞങ്ങൾക്ക് ബന്ധു ആയിരുന്നു. കെപിഎസി ലളിത ചേച്ചി ആയാലും പൊന്നമ്മ ആന്റി ആയാലും, ഇവർ രണ്ടുപേരുമായിരിന്നു സ്ഥിരമായി വന്നിരുന്നത്.
ഇടയ്ക്കിടക്ക് അമ്മയെ വിളിക്കും പൊന്നു ആന്റി, അമ്മിണി ഒന്ന് കാണാൻ പറ്റുന്നില്ലല്ലോ, എറണാകുളത്ത് ആയിരിക്കുമ്പോൾ കാണാൻ പറ്റുമായിരുന്നു എന്നൊക്കെ പറയും. പഴയ കാര്യങ്ങൾ പറയാനും സംസാരിക്കാനും ഉണ്ടായിരുന്നു. അവരുടെ ഓർമ്മകൾ പങ്കുവയ്ക്കാനുള്ള ഒരു അവസരവും പാഴാക്കാറില്ല. സാമ്പത്തിക കാര്യങ്ങൾ സംസാരിക്കുമായിരുന്നു. എന്നെ എവിടെവച്ചു കണ്ടാലും വലിയ സ്നേഹത്തോടെ സംസാരിക്കു്. മറ്റ് അമ്മ താരങ്ങളിൽ നിന്ന് പൊന്നു ആന്റിക്ക് ഉള്ള വ്യത്യാസം അവരുടെ ജീവിതം ഒരു നായികയെപ്പോലെ തന്നെ ആയിരുന്നു എന്നതാണ്, ഹോട്ടൽ താമസവും ഭക്ഷണവും എല്ലാം.
ചെന്നൈയിൽ വച്ച് കാണുമ്പോൾ സഹോദരനോടൊപ്പം സ്റ്റാർ ഹോട്ടലിൽ വരുന്നത് കാണാം. മറ്റുള്ളവരിൽ നിന്ന് ഒരുപാടു വ്യത്യസ്തയാണ് പൊന്നു ആന്റി. എന്നോടും പറയും ഇന്ന ഹോട്ടലിൽ നിന്ന് കഴിക്ക് നന്നായിരിക്കും കേട്ടോ എന്ന്. കോസ്മറ്റിക്സ്, പെർഫ്യൂം ഒക്കെ ആയാലും ഒരു അമ്മ നടിയെപ്പോലെ അല്ല പൊന്നു ആന്റി ഉപയോഗിക്കുന്നത്. എന്നെ പലപ്പോഴും വഴക്കു പറയും നീ ഒരു ആർട്ടിസ്റ്റ് ആയിട്ട് പലതും ശ്രദ്ധിക്കുന്നില്ല എന്നൊക്കെ. പ്രായത്തിൽ കവിഞ്ഞ വേഷങ്ങളാണ് നീ ചെയ്യുന്നത് എന്നൊക്കെ പറയും.
എല്ലാവരും എന്നെ പൊടിമോളെ എന്നാണ് വിളിക്കുക. ഒരു പടത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ എന്നോട് നന്നായി സംസാരിച്ചിട്ട് അങ്ങോട്ട് മാറി എന്തോ മോശം പറഞ്ഞു. അന്ന് പൊന്നു ആന്റി പെട്ടെന്ന് പ്രതികരിച്ചു. ‘‘നിങ്ങൾ എന്താ കരുതിയത് അവൾ കൊച്ചു കുട്ടി ആണെങ്കിലും മലയാളത്തിലെ ഏറ്റവും മികച്ച ഒരു നടിയാണ്. മനസ്സിലായോ? നിങ്ങൾ ബഹുമാനിച്ചില്ലെങ്കിലും മോശമായി പെരുമാറരുത്’’ എന്ന് പറഞ്ഞു. പിന്നെ ഞാൻ പോയി പറഞ്ഞു, പൊന്നു ആന്റി മിണ്ടാതിരിക്ക് പോട്ടെ ഞാൻ അവനെ ഇടിക്കാം എന്ന്. അത്രയും പ്രതികരിക്കുന്ന ഒരാൾ കൂടിയായിരുന്നു പൊന്നു ആന്റി. എനിക്ക് ഒരുപാട് ആത്മബന്ധം ഉള്ള ഒരാളായിരുന്നു പൊന്നു ആന്റി’, ഉർവശി പറഞ്ഞു.
English Summary:
Urvashi remembers Kaviyoor Ponnamma
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list 7sv80rs2ktahf7cn0jm4qko3f6 mo-entertainment-movie-urvashi mo-entertainment-movie-kaviyoorponnamma
Source link