ഇരട്ടയാർ ഡാമിൽ കാണാതായ കുട്ടിക്കായി രണ്ടാം ദിവസവും തെരച്ചിൽ തുടരുന്നു,ഡ്രോൺ പരിശോധനയും

ഇടുക്കി: ഇരട്ടയാർ ഡാമിൽ കാണാതായ കുട്ടിക്കായി രണ്ടാം ദിവസം തെരച്ചിൽ ആരംഭിച്ചു. നൈറ്റ് വിഷൻ ഡ്രോണും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. കുട്ടികൾ കുളിക്കാൻ ഇറങ്ങിയ സ്ഥലത്ത് സ്കൂബ ടീം ബോട്ട് ഉപയോഗിച്ച് പരിശോധിക്കും. തുടർന്ന് ഇരട്ടയാർ ടണൽ ഭാഗത്തേക്ക് ഡ്രോൺ സംഘത്തെ ബോട്ടിൽ എത്തിച്ച് ഡ്രോൺ ടണലിലേക്ക് പറത്താനാണ് പദ്ധതിയിടുന്നത്. അഞ്ചുകിലോമീറ്റർ ദൈർഘ്യമുള്ള ടണലാണ് ഇരട്ടയാറ്റിൽ നിന്നും അഞ്ചുരുളിയിലേക്കുള്ളത്. ഇതിനുള്ളിലെ പരിശോധനയ്ക്കാണ് നൈറ്റ്‌ വിഷൻ ഡ്രോണുകൾ ഉപയോഗിക്കുന്നത്. ഇരട്ടയാറിൽ നിന്നും അഞ്ചുരുളിയിൽ നിന്നും ഡ്രോണുകൾ പറത്തി പരിശോധന നടത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം .

കുളിക്കാൻ ഇറങ്ങിയ സ്ഥലത്ത് കുട്ടികളുടെ ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തി. കുളിക്കാൻ ഇറങ്ങിയ സ്ഥലത്ത് നിന്നും ഏകദേശം 300 മീറ്റർ ദൂരത്തിലാണ് ടണൽ ആരംഭിക്കുന്നത്. ഇന്നലെ രാവിലെ ഒമ്പതു മണിയോടെ കളിക്കാനാണെന്ന് പറഞ്ഞാണ് കുട്ടികൾ വീട്ടിൽ നിന്നും ഇറങ്ങിയത്.എന്നാൽ ഇവർ ഡാമിന്റെ ഭാഗത്തേക്ക് പോയി വെള്ളത്തിൽ ഇറങ്ങുകയായിരുന്നു.

ഓണാവധി ആഘോഷിക്കാനാണ് ഇരട്ടയാർ ചേലക്കകവലയിലെ തറവാട് വീട്ടിലേക്ക് വളകോട് സ്വദേശി അസൗരേഷും, കായംകുളം സ്വദേശി അതുൽ ഹർഷും സഹോദരങ്ങളോടൊപ്പം എത്തിയത്. കുളിക്കാനിറങ്ങവെ കാൽവഴുതി രണ്ടുപേരും വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് കരുതുന്നത്.


ഇവർ ഒഴുക്കിൽ പെട്ടത്തോടെ കൂടെ ഉണ്ടായിരുന്ന കുട്ടികൾ നിലവിളിച്ച് ആളുകളെ കൂട്ടി. ഓടുകൂടിയ നാട്ടുകാർ ചേർന്ന് അതുൽ ഹർഷിനെ ടണലിന് സമീപത്തുനിന്ന് കരയ്ക്ക് എടുത്ത ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.അസൗരേഷിനെയാണ് കണ്ടെത്താനുളളത്. അതുൽഹർഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.


Source link
Exit mobile version