KERALAM

തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചന; അന്വേഷണം അട്ടിമറിച്ചു, പൊലീസിനെതിരെ വി എസ് സുനിൽകുമാർ

തൃശൂർ: പൂരം കലക്കിയതിലെ പൊലീസ് നടപടിയിൽ ദുരൂഹതയുണ്ടെന്ന് മുൻ മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനിൽകുമാർ. തൃശൂർ പൂരം അലങ്കോലപ്പെട്ടത് യാദൃശ്ചികമായാണെന്ന് പറയാനാകില്ലെന്നും അതിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പൂരം കലക്കിയതിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നും സുനിൽകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സുനിൽ കുമാറിന്റെ വാക്കുകൾ:

പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. അതിൽ നാലുമാസം കഴിഞ്ഞ് അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. ഇത് ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണ്. ഇത്രയും ഗുരുതരമായ പ്രശ്‌നം ഈ രൂപത്തിൽ കൈകാര്യം ചെയ്‌തെങ്കിൽ അത് തെറ്റാണ്.

പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേ പൂരം കലക്കിയത് ആരാണെന്ന് അറിയേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. സംഭവത്തിൽ അന്വേഷണം നടന്നിട്ടുണ്ടോ എന്നതിൽ ഞാൻ നേരിട്ട് വിവരാവകാശ അപേക്ഷ നൽകും. കേസിൽ അന്വേഷണം നടന്നിട്ടുണ്ടെന്ന് പല ഉദ്യോഗസ്ഥരും എന്നോട് പറഞ്ഞിട്ടുണ്ട്. യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ കുത്തിപ്പൊക്കി കൊണ്ടുപോകാൻ ആണെങ്കിൽ എനിക്കറിയുന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്ന് പറയും.

കമ്മീഷണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസുകൊടുത്തത് ബിജെപി നേതാവാണ്. എന്നാൽ, ഇപ്പോൾ അവർ നിലപാട് മാറ്റിപ്പറയുന്നു. പൂരപ്പറമ്പിൽ ഞാൻ എംആർ അജിത് കുമാറിന്റെ സാന്നിദ്ധ്യം കണ്ടില്ല. ഞാൻ രണ്ട് ദിവസം പൂർണമായും അവിടെ തന്നെയുണ്ടായിരുന്നു. മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കണ്ടിരുന്നു.

പൊലീസ് പറഞ്ഞിട്ടല്ലല്ലോ പൂരം നിർത്തിക്കാൻ പറഞ്ഞത്. കൊച്ചിൻ ദേവസ്വം ബോർഡോ കളക്‌ടറോ പൂരം നിർത്തിവയ്‌ക്കാൻ പറഞ്ഞിട്ടില്ല. മേളം പകുതി വച്ച് നിർത്താൻ പറഞ്ഞതാരാണ്? വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്? എന്തടിസ്ഥാനത്തിലാണ് ഇവയെല്ലാം നിർത്തിവയ്‌ക്കാൻ പറഞ്ഞത്. അതിന് കാരണക്കാരായ ആൾക്കാർ ആരൊക്കെയെന്ന് അറിയണം.

ഞാൻ അയച്ച കത്ത് മുഖ്യമന്ത്രി ഗൗരവത്തോടെ എടുത്തിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. തിരഞ്ഞെടുപ്പിനേക്കാളുപരി തൃശൂർ പൂരം നാളെയും നടക്കേണ്ടതുണ്ട്. അതുകൊണ്ട് സത്യം പുറത്തുവരണം.


Source link

Related Articles

Back to top button