‘സ്ട്രെസ് കാരണം നെഞ്ചുവേദന, ജോലി ഉപേക്ഷിക്കാമെന്നും അന്ന കരുതി’; വെളിപ്പെടുത്തി സുഹൃത്ത്

കൊച്ചി: ജോലിയിലെ ബുദ്ധിമുട്ടുകൾ അന്ന സെബാസ്റ്റ്യൻ പലതവണകളായി പറഞ്ഞിരുന്നതായി വെളിപ്പെടുത്തി സുഹൃത്ത്. എണസ്റ്റ് ആൻഡ് യംഗ് കമ്പനിയിലെ ചാറ്റേർഡ് അക്കൗണ്ടന്റായ യുവതി മരിക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് വിളിച്ചിരുന്നതായി സുഹൃത്തായ ആൻമേരി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. അന്ന് അന്ന വിളിച്ചപ്പോഴും ജോലിഭാരത്തെക്കുറിച്ചാണ് സംസാരിച്ചിരുന്നതെന്ന് സുഹൃത്ത് വ്യക്തമാക്കി.

‘അവൾക്ക് ജോലിയിൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. ശനി, ഞായർ ദിവസങ്ങളിലും ജോലിക്ക് പോകേണ്ട അവസ്ഥയായിരുന്നു. രാവിലെ ആറ് മണിക്ക് ഓഫീസിലെത്തണം. രാത്രി 12 , ഒരു മണി സമയത്താണ് തിരികെ മുറിയിലേക്ക് പോകുന്നത്. ജോലിയിൽ ബ്രേക്കുണ്ടായിരുന്നില്ല. അന്ന വീട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിക്കുന്നത്.

വീട്ടിലെത്തി കഴിഞ്ഞ് വർക്ക് ഫ്രം ഹോം ചോദിക്കാമെന്ന് അവൾ പറഞ്ഞിരുന്നു. അതിനുശേഷം കൊച്ചിയിലേക്ക് ട്രാൻസ്ഫർ വാങ്ങാമെന്നും കരുതി. ഒട്ടും കഴിയാത്ത അവസ്ഥയാണെങ്കിൽ ജോലി ഉപേക്ഷിക്കാമെന്നും കരുതിയിരുന്നു. അന്നയ്ക്ക് മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് നെഞ്ചുവേദന വന്നിരുന്നു. അന്ന് എനിക്ക് മെസേജ് അയച്ചിരുന്നു. പണിയെടുത്ത് പണിയെടുത്ത് നെഞ്ചുവേദന വന്നുവെന്ന് പറഞ്ഞു. സ്ട്രെസ് കാരണമുളള നെഞ്ച് വേദനയാണെന്നാണ് ഡോക്ടറും പറഞ്ഞത്. ഭക്ഷണം ശരിയായി കഴിക്കുന്നില്ല, ഉറക്കമില്ല, ഇതെല്ലാം കാരണമാണ് നെഞ്ചുവേദന വന്നതെന്നാണ് ഡോക്ടർ പറഞ്ഞത്’- സുഹൃത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അന്നയുടെ മരണവുമായി ബന്ധപ്പെട്ട് മാതാവ് അനിത അഗസ്റ്റ്യൻ കമ്പനിയുടെ ചെയമാനെഴുതിയ കത്ത് ദേശീയ മാദ്ധ്യമങ്ങളിലടക്കം ചർച്ചയായത്. ഇതോടെ രാഷ്ട്രീയ നേതാക്കളടക്കം നിരവധിയാളുകൾ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ യുവതിയുടെ മരണത്തിൽ അന്വേഷണം നടത്താൽ കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു.


Source link
Exit mobile version