സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്നു; റിമ കല്ലിങ്കൽ പൊലീസിൽ പരാതി നൽകി

സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്ന പരാതിയുമായി നടി റിമ കല്ലിങ്കൽ. എറണാകുളം ഡി സി പിക്കാണ് താരം പരാതി നൽകിയത്. ഇത് എറണാകുളം സെൻട്രൽ എ സി പിക്ക് കൈമാറിയിട്ടുണ്ട്. എട്ട് പേർക്കെതിരെയാണ് നടി പരാതി നൽകിയതെന്നാണ് റിപ്പോർട്ടുകൾ.

താൻ ലഹരിക്കടിമയാണെന്ന് ചിലർ ആരോപിക്കുന്നുണ്ടെന്നും ഇവർ സോഷ്യൽ മീഡിയയിലൂടെ തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്നുമാണ് പരാതിയിലുള്ളത്. നടി ഇമെയിൽ വഴിയാണ് പരാതി നൽകിയത്.


നേരത്തെ റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര രംഗത്തെത്തിയിരുന്നു. കൊച്ചിയിലെ നടിയുടെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും അത്തരം പാര്‍ട്ടികളില്‍ പെണ്‍കുട്ടികളും യുവാക്കളും ഉള്‍പ്പെടെ പങ്കെടുത്തുവെന്നുമായിരുന്നു ഇവരുടെ ആരോപണം.

ഒരു ചര്‍ച്ചയ്ക്കിടെയാണ് സുചിത്ര നടിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. റിമയുടെ കരിയറിനെ ഇത്തരം പാര്‍ട്ടികള്‍ ബാധിച്ചിട്ടുണ്ടെന്നും ഒരു പാര്‍ട്ടിയിലും ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ അവിടെ ഉപയോഗിച്ചിരുന്നുവെന്നാണ് തന്റെ അറിവെന്നും ഗായിക പറഞ്ഞിരുന്നു.

ഇത്തരത്തില്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടെ പങ്കെടുപ്പിക്കുന്ന പാര്‍ട്ടികള്‍ നടത്തിയ റിമ വനിതാ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ലെന്നും വനിതാ ശാക്തീകരണം റിമ സ്വയം തീരുമാനിച്ച് ആരംഭിച്ചതാണോയെന്നും അവര്‍ ചർച്ചയ്‌ക്കിടെ ചോദിച്ചിരുന്നു. സുചിത്രയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ചർച്ചയായിരുന്നു. പിന്നാലെ നടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് റിമ കല്ലിങ്കൽ പരാതി നൽകിയത്.


Source link
Exit mobile version