നടി കവിയൂർ പൊന്നമ്മ അന്തരിച്ചു, വിടവാങ്ങിയത് അമ്മ വേഷങ്ങളിലൂടെ മലയാളി മനസിൽ ചിരപ്രതിഷ്‌ഠ നേടിയ അഭിനേത്രി

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി മനസിൽ ചിരപ്രതിഷ്‌ഠ നേടിയ അഭിനേത്രി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.

കുറച്ച് നാളായി സിനിമയിൽ നിന്നും അകന്നുകഴിയുകയായിരുന്നു കവിയൂർ പൊന്നമ്മ. കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ഏകദേശം 700ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1962ൽ ശ്രീരാമപട്ടാഭിഷേകം എന്ന ചിത്രത്തിലൂടെയാണ് ക്യാമറയ്‌ക്ക് മുന്നിലെത്തിയത്. കൊട്ടാരക്കര ശ്രീധരൻനായർ രാവണനായപ്പോൾ മണ്ഡോദരിയായാണ് പൊന്നമ്മ എത്തിയത്. 1965ൽ തൊമ്മ

ന്റെ മക്കളിൽ സത്യന്റെയും മധുവിന്റെയും അമ്മയായുള്ള അഭിനയം ശ്രദ്ധിക്കപ്പെട്ടു. മോഹൻലാലിന്റെയടക്കം അമ്മയായി വെള്ളിത്തിരയിലെത്തിയ പൊന്നമ്മ ആ വേഷത്തിലൂടെ മലയാളിയുടെ ഉള്ളിൽ ചിരപ്രതിഷ്‌ഠ നേടി.

മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള അവാർഡ് നാല് തവണനേടി. 1971,72,73,94 വർഷങ്ങളിലാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്. 2022ൽ അഭിനയിച്ച കണ്ണാടിയാണ് അവസാനചിത്രം. അമേരിക്കയിലുള്ള ബിന്ദു ആണ് ഏകമകൾ. സിനിമാ നിർമ്മാതാവായിരുന്ന മണിസ്വാമിയാണ് ഭർത്താവ്. അന്തരിച്ച പ്രശസ്‌ത നടി കവിയൂർ രേണുക സഹോദരിയാണ്.

പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ 1945 സെപ്‌തംബർ 10ന് ജനിച്ചു. പൊൻകുന്നത്തായിരുന്നു കുട്ടിക്കാലം. എൽ.പി.ആർ വർമ്മയുടെ കീഴിൽ സംഗീതം പഠിച്ചു. 14-ാം വയസിൽ പ്രശസ്‌ത നാടക കമ്പനി പ്രതിഭാ ആർട്‌സിലെ ഗായികയായി നാടകത്തിലൂടെ കലാജീവിതം തുടങ്ങി. പിന്നീട് കുറച്ച് വർഷങ്ങൾകൊണ്ടുതന്നെ സിനിമാ ലോകത്തെത്തി. പിന്നീട് ആറ് പതിറ്റാണ്ട് നീണ്ട വെള്ളിത്തിര ജീവിതം മലയാളികളുടെ പ്രിയപ്പെട്ട അമ്മയാക്കി അവരെ മാറ്റി,


Source link
Exit mobile version