‘ഹാജി അലി’യുടെ കൊച്ചിയിലെ അഞ്ച് ഔട്ട്‌ലറ്റുകൾ കണ്ടുകെട്ടി; നടപടി മുംബയ് ഹൈക്കോടതി നിർദേശപ്രകാരം

കൊച്ചി: രാജ്യത്തെ പ്രമുഖ ജ്യൂസ് വിൽപ്പന ബ്രാൻഡായ ഹാജി അലി ജ്യൂസ് സെന്ററിന്റെ കൊച്ചിയിലെ ഔട്ട്‌ലറ്റുകൾ കണ്ടുകെട്ടി. കൊച്ചി നഗരത്തിലും പരിസരത്തുമുള്ള അഞ്ച് ഫ്രാഞ്ചൈസി ഔട്ട്‌ലറ്റുകളിലെ പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് മുംബയ് ഹൈക്കോടതിയുടെ നിർദേശപ്രകാരം കണ്ടുകെട്ടിയത്. ഹാജി അലി ഗ്രൂപ്പിന്റെ ട്രേഡ് മാർക്ക് ലൈസൻസ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ തുടർച്ചയായിട്ടായിരുന്നു നടപടി.

പാത്രങ്ങൾ, നെയിം ബോർഡ് തുടങ്ങി ഹാജി അലി ഗ്രൂപ്പിന്റെ പേര് പതിച്ചതെല്ലാം അഭിഭാഷക സംഘം പെട്ടിയിലാക്കി. പനമ്പിള്ളി നഗർ, ഇടപ്പള്ളി, കോതമംഗലം, ആലുവ, കാക്കനാട് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഹാജി അലിയുടെ ഔട്ട്‌ലറ്റുകളിലായിരുന്നു മുംബയ് ഹൈക്കോടതി നിയോഗിച്ച റിസീവറിന്റെയും സംഘത്തിന്റെയും നടപടി.

കൊച്ചി സ്വദേശിയായ വിനോദ് നായർക്കായിരുന്നു ഹാജി അലി ഗ്രൂപ്പിന്റെ ഫ്രാഞ്ചൈസി അനുവദിച്ചത്. എന്നാൽ, ഒരു ഫ്രാഞ്ചൈസിക്കുള്ള ലൈസൻസ് ഉപയോഗിച്ച് അനുമതിയില്ലാതെ അഞ്ചിടത്ത് ജ്യൂസ് പാർലറുകൾ തുടങ്ങിയതോടെയാണ് നടപടിക്ക് നിർബന്ധിതരായതെന്നാണ് ഹാജി അലി ഗ്രൂപ്പിന്റെ വാദം.

മുംബയ് ഹൈക്കോടതി നിയോഗിച്ച റിസീവർ അഡ്വക്കേറ്റ് സ്‌മേര സെബാസ്റ്റ്യന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. അതേസമയം, ഹാജി അലി ഗ്രൂപ്പും ചെന്നൈ ആസ്ഥാനമായ മാസ്റ്റർ ഫ്രാഞ്ചൈസിയും തമ്മിലുള്ള തർക്കമാണ് പ്രശ്‌‌നങ്ങൾക്ക് കാരണമെന്ന് ഫ്രാഞ്ചൈസി ഉടമയായ വിനോദ് നായർ പ്രതികരിച്ചു. കോടതിയെ കാര്യങ്ങൾ ബോധിപ്പിച്ച് പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും വിനോദ് നായർ പറഞ്ഞു.


Source link
Exit mobile version