പ്രാണൻ പൊലിഞ്ഞത് ജോലി സമ്മർദ്ദത്തിൽ, അന്ന ഒടുവിലത്തെ ഇര, കേന്ദ്രം അന്വേഷണം തുടങ്ങി​

അന്ന സെബാസ്റ്റ്യൻ

കൊച്ചി: ലോകപ്രശസ്ത അക്കൗണ്ടിംഗ് സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യംഗിലെ (ഇ.വൈ) ചാർട്ടേഡ് അക്കൗണ്ടന്റ് ജോലി സമ്മർദ്ദം താങ്ങാനാകാതെ രണ്ടു മാസം മുമ്പ് കുഴഞ്ഞുവീണു മരിച്ച സംഭവത്തി​ൽ കേന്ദ്രസർക്കാർ അന്വേഷണം ആരംഭി​ച്ചു. എറണാകുളം വൈക്കം സ്വദേശിയായ 26കാരി അന്ന സെബാസ്റ്റ്യനാണ് അമിത ജോലി സമ്മർദ്ദത്തിന് ഇരയായത്. ഹൃദയസ്തംഭനമായിരുന്നു മരണകാരണം.

ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എക്സിലൂടെ നൽകിയ പരാതിയിലാണ് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അന്വേഷണം പ്രഖ്യാപിച്ചത്. നീതി​ ഉറപ്പാക്കാൻ സർക്കാർ പ്രതി​ജ്ഞാബദ്ധമാണെന്ന് ശോഭാ കരന്തലജെ വ്യക്തമാക്കി. അരക്ഷി​തത്വവും ചൂഷണവും നടമാടുന്ന തൊഴി​ൽ സാഹചര്യങ്ങളെക്കുറി​ച്ചും രാജീവ് ചന്ദ്രശേഖർ അന്വേഷണം ആവശ്യപ്പെട്ടു.

അന്നയുടെ മാതാവ് കമ്പനിക്കയച്ച പരാതി ദേശീയ മാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് പ്രശ്നം സമൂഹശ്രദ്ധ നേടിയത്. എറണാകുളം കങ്ങരപ്പടി പേരയിൽ സിബി ജോസഫിന്റെയും അനിത അഗസ്റ്റിന്റെയും മകളാണ് ഉന്നതനിലയിൽ പരീക്ഷകൾ ജയിച്ച അന്ന. ചാർട്ടേഡ് അക്കൗണ്ടൻസി പാസായതോടെ നാലുമാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. ആദ്യ ജോലിയുടെ ആവേശവുമായി മാർച്ച് 19ന് പൂനെയിലെ ഇ.വൈ ഓഫീസിലെത്തി. ജൂലായ് 20ന് അവിടെ ഹോസ്റ്റലിലായിരുന്നു അന്ത്യം. അരുൺ അഗസ്റ്റിനാണ് സഹോദരൻ.

ഉറങ്ങാൻപോലും സമയം കിട്ടാത്ത ജോലി. അനാരോഗ്യകരമായ തൊഴിൽമത്സരം. അതാണ് അന്നയെ തളർത്തിയതെന്നും സംസ്‌കാര ചടങ്ങിൽ പോലും കമ്പനിയിൽ നിന്നാരും പങ്കെടുത്തില്ലെന്നും സൂചിപ്പിച്ച് മാതാവ് ഇ.വൈ ഇന്ത്യ ചെയർമാൻ രാജീവ് മേമാനിക്കയച്ച കത്ത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലും രാജ്യമെങ്ങും ചർച്ചയുമായി.

 ക്രിക്കറ്റ് ഭ്രാന്തിനും ഇര

സമാധാനമില്ലാത്ത ജോലിയും ബുദ്ധിമുട്ടിക്കലുമാണ് താൻ നേരിടുന്നതെന്ന് പിതാവിനോട് അന്ന പലതവണ പറഞ്ഞിരുന്നു. മാനേജർക്ക് ക്രിക്കറ്റ് കളി കാണാൻ വേണ്ടിപ്പോലും മീറ്റിംഗുകൾ മാറ്റിവയ്ക്കുന്ന അവസ്ഥയുണ്ടായിരുന്നു. അന്നയുടെ ജോലിസമയം തകിടംമറിയാൻ ഇതും കാരണമായി. പലപ്പോഴും രാത്രി 12വരെ ഓഫീസിലിരിക്കണം. താമസസ്ഥലത്ത് എത്തിയാലും ജോലി. ഊണും ഉറക്കവും അന്യമായി. രാജിവയ്ക്കാൻ മാതാപിതാക്കൾ പലപ്പോഴും പറഞ്ഞു. ആദ്യജോലി ലഭിച്ച വലിയ കമ്പനിയുടെ ത്രില്ലിൽ എല്ലാം സഹിക്കുകയായിരുന്നു അന്ന. എന്നിട്ടും രാജിക്കൊരുങ്ങി. എന്നാൽ, അതിനുമുമ്പേ അന്നയുടെ പ്രാണൻ നഷ്ടമായി.

അമ്മയുടെ കത്തി​ൽ നി​ന്ന്

ജോലി സമയം കഴിഞ്ഞും അവധി ദിനങ്ങളിലും അന്നയ്ക്ക് ജോലി ചെയ്യേണ്ടിവന്നു. പല ദി​വസങ്ങളി​ലും അവധി​ദി​നങ്ങളി​ൽ പോലും ഓവർടൈം ചെയ്യേണ്ടിവന്നു. മകൾ ഇനി​യി​ല്ലെങ്കി​ലും അവളുടെ അനുഭവം പുതി​യ കുട്ടി​കൾക്ക് മി​കച്ച തൊഴി​ൽസാഹചര്യം ലഭി​ക്കാൻ വഴി​യൊരുക്കട്ടെ.

കമ്പനി​യുടെ പ്രതി​കരണം

അന്നയുടെ അമ്മയുടെ കത്തി​നെ അതീവ ഗൗരവത്തോടെ കാണുന്നു. ഈ വി​യോഗത്തി​ന് ഒന്നും പകരമാവി​ല്ല. ജോലി​സാഹചര്യം മെച്ചപ്പെടുത്താനുള്ള എല്ലാ നടപടി​കളുമുണ്ടാകും.


Source link
Exit mobile version