കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാവ് പി. ജയരാജന്റെയും മുൻ എം.എൽ.എ ടി.വി. രാജേഷിന്റെയും വിടുതൽ ഹർജി എറണാകുളം പ്രത്യേക സി.ബി.ഐ കോടതി തള്ളി. പ്രഥമദൃഷ്ട്യാ തെളിവുകൾ ഉള്ളതിനാൽ ഇരുവരും വിചാരണനേരിടണമെന്ന് ജഡ്ജി പി. ശബരീനാഥൻ ഉത്തരവിട്ടു.
കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്നാവശ്യപ്പെട്ട് 2023 ജനുവരിയിലാണ് ജയരാജനും രാജേഷും സി.ബി.ഐ കോടതിയിൽ ഹർജി നൽകിയത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ കുറ്റപത്രത്തിലുള്ളത്.
ഹർജിയെ എതിർത്ത് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക കേസിൽ കക്ഷി ചേർന്നിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രി മുറിയിൽ പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും സാന്നിദ്ധ്യത്തിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടു പേർക്ക് ഷുക്കൂറിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് മാതാവിന്റെ അഭിഭാഷകൻ വാദിച്ചു. ഇത് സാധൂകരിക്കുന്ന കാൾ ഡാറ്റാ റെക്കാഡുകളും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളും തെളിവായുണ്ട്. ഇരുവിഭാഗത്തിന്റെയും വാദം വിശദമായി കേട്ടശേഷമാണ് ഇരുവരും വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടത്.
പി. ജയരാജന്റെ വാഹനവ്യൂഹത്തിന് കല്ലെറിഞ്ഞെന്നാരോപിച്ചാണ് ഷുക്കൂറിനെ മുപ്പതോളം സി.പി.എം പ്രവർത്തകർ തടഞ്ഞുവച്ച് ചോദ്യം ചെയ്ത് കൊലപ്പെടുത്തിയത്. 2012 ഫെബ്രുവരി 20നായിരുന്നു സംഭവം.
നിയമ പോരാട്ടം തുടരും: പി.ജയരാജൻ
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ നിയമപോരാട്ടം തുടരുമെന്ന് സി.പി.എം നേതാവ് പി.ജയരാജൻ. കേസിൽ നൽകിയ വിടുതൽ ഹർജി സി.ബി.ഐ. പ്രത്യേക കോടതി തള്ളിയ സാഹചര്യത്തിലാണ് പ്രതികരണം. നിയമവിദഗ്ധരുമായി ചേർന്ന് തുടർ നടപടികൾ സ്വീകരിക്കുമെന്നും പി.ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. കേസിൽ ഗൂഢാലോചനക്കുറ്റമാണ് പി. ജയരാജനും ടി.വി.രാജേഷിനുമെതിരെ ചുമത്തിയിരിക്കുന്നത്.പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സി.ബി.ഐ പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു.
Source link