സുഭദ്രയെ കൊന്നിട്ടായാലും സ്വർണം കൈക്കലാക്കണമെന്ന ഉറച്ച തീരുമാനം, പ്രതികളെ കുടുക്കാൻ സഹായകമായത് ഒരു കാര്യം

ആലപ്പുഴ: സുഭദ്രയെ കൊന്നിട്ടായാലും സ്വർണം കൈക്കലാക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു മുഖ്യപ്രതികളായ ഷർമ്മിളയും മാത്യൂസും. 2016 ലാണ് സുഭദ്ര എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വച്ച് ഷർമ്മിളയെ പരിചയപ്പെട്ടത്. തുടർന്ന് എറണാകുളത്ത് തന്നെ ജോലിയും താമസവും ശരിയാക്കിക്കൊടുത്തു. 2020ലായിരുന്നു മാത്യൂസുമായുള്ള വിവാഹം.

ആഭരണങ്ങൾ ലക്ഷ്യമിട്ട് രണ്ടു മാസം മൂമ്പ് എറണാകുളത്തുവച്ച് സുഭദ്രയെ കൊലപ്പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നു. പദ്ധതി വിജയിക്കാതെ വന്നതോടെയാണ് കലവൂരിലെ വീട്ടിലെത്തിച്ച് കൃത്യം നിർവഹിച്ചത്. പ്രതികളായ മാത്യൂസ്, ഷർമിള , റെയ്നോൾഡ് എന്നിവർ ചേർന്നു തയാറാക്കിയ പദ്ധതി പ്രകാരമാണ് സുഭദ്രയെ കോർത്തുശേരിയിലെ വീട്ടിലെത്തിക്കുന്നത്.

ആഗസ്റ്റ് നാല് മുതലുള്ള വിവിധ ദിവസങ്ങളിലായി റെയ്നോൾ എത്തിച്ച ഉറക്കഗുളിക നൽകി അബോധാവസ്ഥയിലാക്കി സ്വർണാഭരണങ്ങൾ കുറേശ്ശെ മോഷ്ടിക്കുകയായിരുന്നു. മൂന്നാം പ്രതിയായ റെയ്നോൾഡിന്റെ മകന് വിഷാദ രോഗത്തിന് നൽകുന്ന ഉറക്ക ഗുളികയാണ് ഇവർക്ക് നൽകിയത്.
ആഗസ്റ്റ് ഏഴിന് രാവിലെ സ്വർണാഭരണങ്ങൾ കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ട സുഭദ്ര അവ തിരികെ തരണമെന്നും പൊലീസിൽ പരാതിപ്പെടുമെന്നും പറഞ്ഞു. ഇതോടെയാണ് സുഭദ്രയെ കൊലപ്പെടുത്തിയത്. ആറ് പവൻ ആഭരണങ്ങൾ കവർന്നു. കഴുത്തിലെ മാല മുക്കുപണ്ടമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതായും ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ പറഞ്ഞു.

നാൾവഴിയിലൂടെ…

ആഗസ്റ്റ് 4: സുഭദ്രയെ കലവൂർ കോർത്തശ്ശേരിയിലെ വീട്ടിലെത്തിച്ചു

ആഗസ്റ്റ് 4, 5, 6 : സുഭദ്രയ്ക്ക് തുടർച്ചയായി വിഷാദരോഗികൾ കഴിക്കുന്ന മയക്കുഗുളിക നൽകി സ്വർണാഭരണങ്ങൾ ഊരിയെടുത്തു

ആഗസ്റ്റ് 7: സുഭദ്രയെ കട്ടിലിൽ നിന്ന് തള്ളി താഴെയിട്ടു. മാത്യുസും, ഷർമ്മിളയും ഇരുവശത്ത് നിന്നും കഴുത്തിൽ ഷാൾ മുറുക്കി. സുഭദ്ര‌യുടെ നെഞ്ചിലും ഇടുപ്പെല്ലിലുമടക്കം ശക്തമായി ചവിട്ടികൊലപ്പെടുത്തി.

വൈകുന്നേരം മാലിന്യം മൂടാനെന്ന വ്യാജേന കുഴിയെടുപ്പിച്ചു. രാത്രിയോടെ മൃതദേഹം കുഴിയിൽ മൂടി

ആഗസ്റ്റ് 8: ബാത്ത്റൂമിലെ പണിക്കായി കുഴിയുടെ മുകളിൽ പ്ലൈവുഡ് വച്ച് മേസ്തിരിയെകൊണ്ട് സിമന്റ് ചാന്ത് കുഴപ്പിച്ചു

ആഗസ്റ്റ് 10: സുഭദ്ര‌യുടെ തിരോധാനത്തിൽ കടവന്ത്ര പൊലീസിൽ നിന്ന് ഷർമ്മിളയെ വിളിച്ചു. അന്നേ ദിവസം ഇരുവരും കലവൂരിൽ നിന്ന് മുങ്ങി

സെപ്റ്റംബർ 7 : ഷർമ്മിളയെ കേന്ദ്രീകരിച്ചതോടെ മണ്ണഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു

സെപ്റ്റംബർ 9: കഡാവർ നായ ‘മായ’ മണ്ണിനടിയിൽ മൃതദേഹമുണ്ടെന്ന സൂചന നൽകി

സെപ്റ്റംബർ 10: സുഭദ്രയുടെ മൃതദേഹം കണ്ടെത്തി. ഷർമ്മിളയും മാത്യൂസും ഉഡുപ്പിയിലേക്ക് കടന്നു

സെപ്റ്റംബർ 12: മണിപ്പാലിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് ദമ്പതികളെയും കലവൂരിൽ റെയ്നോൾഡിനെയും കസ്റ്റഡിയിലെടുത്തു

സെപ്റ്റംബർ 13: മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

പ്രതികളിലെത്തിച്ചത് ആസൂത്രണ മികവ്

ആസൂത്രണത്തോടെയുള്ള അന്വേഷണമാണ് പ്രതികളിലേക്ക് വേഗത്തിലെത്താൻ പൊലീസിന് സഹായകമായത്. ഉടുപ്പിയിലെ ഷർമിളയുടെ ബന്ധങ്ങൾ ഉപയോഗിച്ചും, ചെറിയ ലോഡ്ജുകളിൽ താമസിച്ചുമായിരുന്നു പ്രതികളുടെ ഒളിവുകാലം. ഇതിനിടെ പ്രതികൾ പലതവണ കേരളത്തിൽ വന്നു പോയി. മൃതദേഹം കണ്ടെത്തിയ വാർത്ത പരന്നതോടെ എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി ഉടുപ്പിയിലേക്ക് മുങ്ങി. ഇതിനോടകം പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് സംഘം ഉടുപ്പിയിലെത്തി. ഷർമ്മിള ഉഡുപ്പിയിൽ വിളിച്ചിരുന്ന 12 ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് അന്വേഷിച്ചു. അദ്ധ്യാപികയായ സുഹൃത്തിന്റെ വീട്ടിലാണ് പ്രതികളെത്തിയത്. സുഹൃത്ത് ചികിത്സാർത്ഥം ആശുപത്രിയിൽ പോയിരുന്നു. ഇതോടെ വീടിന് പുറത്ത് കാത്തുനിന്ന പൊലീസ് സംഘം ഇരുവരെയും കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇരുവരും പൊലീസിന് മുന്നിൽ കീഴടങ്ങി.


Source link
Exit mobile version