ടെൽ അവീവ്: ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനെ വകവരുത്താനുള്ള ഇറേനിയൻ പദ്ധതിയിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ഇസ്രേലി പൗരൻ അറസ്റ്റിലായി. രണ്ടു തവണ ഇറാൻ സന്ദർശിച്ച ഇയാൾ ദൗത്യനിർവഹണത്തിന് പണം കൈപ്പറ്റിയെന്ന് ഇസ്രേലി ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. തുർക്കിയിൽ താമസിച്ചിരുന്ന ബിസിനസുകാരനായ ഇയാൾ കഴിഞ്ഞമാസമാണ് അറസ്റ്റിലായത്. പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ്, ആഭ്യന്തര അന്വേഷണ ഏജൻസിയായ ഷിൻ ബെത്തിന്റെ മേധാവി റോണെൻ ബാർ എന്നിവരെ വധിക്കാനും ഇയാൾ ശ്രമിച്ചു. ജൂലൈയിൽ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ ഇറാനിൽ കൊല്ലപ്പെട്ടതിനു പ്രതികാരമായി ഇസ്രയേലിലെ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ വധിക്കാനുള്ള പദ്ധതിയും ഇറാൻ മെനഞ്ഞുവെന്ന് സംശയിക്കുന്നതായി ഇസ്രേലി വൃത്തങ്ങൾ പറഞ്ഞു.
എഡ്ഡി എന്നു വിളിക്കുന്ന ഇറേനിയൻ സന്പന്നനുമായാണ് ഇയാൾ ബന്ധപ്പെട്ടത്. ഇറേനിയൻ സുരക്ഷാ ഉദ്യോഗസ്ഥരും എഡ്ഡിക്കൊപ്പമുണ്ടായിരുന്നത്രേ. തീവ്രവാദപ്രവർത്തനങ്ങൾക്ക് ഇസ്രേലി പൗരന്മാരെ റിക്രൂട്ട് ചെയ്യാനുള്ള ഇറാന്റെ ശ്രമം വിജയിക്കുന്നത് അപൂർവമാണെന്നും ഇസ്രേലി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Source link