ചെന്നൈ: രവിചന്ദ്രൻ അശ്വിൻ ചെന്നൈയുടെ മന്നനായി. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ജന്മനാട്ടിൽ സൂപ്പർ താരമായി അശ്വിൻ അവതരിച്ചപ്പോൾ ഇന്ത്യ തലയുയർത്തി. ആറു വിക്കറ്റ് നഷ്ടത്തിൽ 144 റണ്‍സ് എന്ന നിലയിൽ ഇന്ത്യ പ്രതിരോധത്തിലായിരിക്കുന്പോഴായിരുന്നു അശ്വിൻ ക്രീസിലെത്തിയത്. ടെസ്റ്റിൽ ആറാം സെഞ്ചുറിയുമായി അശ്വിൻ പോരാട്ടം നടത്തിയപ്പോൾ ബംഗ്ലാദേശിന്റെ പിടി അയഞ്ഞു. അതോടെ ആറു വിക്കറ്റ് നഷ്ടത്തിൽ 339 റണ്‍സ് എന്ന നിലയിൽ ഇന്ത്യ ഒന്നാംദിനം അവസാനിപ്പിച്ചു. രവീന്ദ്ര ജഡേജയായിരുന്നു ഈ പോരാട്ടത്തിൽ അശ്വിനൊപ്പം കൂട്ട്. അശ്വിൻ 112 പന്തിൽ 102 റണ്‍സുമായും ജഡേജ 117 പന്തിൽ 86 റണ്‍സുമായും ക്രീസിലുണ്ട്. ഇവരുടെ പോരാട്ടത്തിനിടെ റിക്കാർഡുകൾ പലത് കുറിക്കപ്പെടുന്നതിനും എം.എ. ചിദംബരം സ്റ്റേഡിയം സാക്ഷ്യംവഹിച്ചു. അശ്വിന്റെ എട്ടിന്റെ പണി എട്ടാം നന്പറായാണ് അശ്വിൻ ക്രീസിലെത്തിയത്. ആറാം വിക്കറ്റായി കെ.എൽ. രാഹുൽ (52 പന്തിൽ 16) പുറത്തായപ്പോൾ അശ്വിൻ ബാറ്റുമായി മൈതാനമധ്യത്തിലേക്കു നടന്നെത്തി. തുടർന്ന് സ്വന്തം നാട്ടുകാരുടെ മുന്നിൽ സൂപ്പർ ഹീറോയായി അശ്വിൻ ബാറ്റേന്തി. നേരിട്ട 108-ാം പന്തിൽ സെഞ്ചുറി തികച്ചു. 10 ഫോറും ആറു സിക്സും സെഞ്ചുറിയിലേക്കുള്ള യാത്രയിൽ അശ്വിന്റെ ബാറ്റിൽനിന്നു പിറന്നു. എട്ടാം നന്പറിൽ അശ്വിന്റെ നാലാം ടെസ്റ്റ് സെഞ്ചുറിയാണിത്. എട്ടോ അതിൽ താഴെയോ നന്പറിൽ ക്രീസിലെത്തി ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന റിക്കാർഡിൽ രണ്ടാം സ്ഥാനത്തും അശ്വിനെത്തി. ന്യൂസിലൻഡ് മുൻതാരം ഡാനിയേൽ വെട്ടോറിയുടെ (അഞ്ച്) പേരിലാണ് റിക്കാർഡ്. വെസ്റ്റ് ഇൻഡീസിന്റെ ജേസണ്‍ ഹോൾഡർ, പാക്കിസ്ഥാന്റെ കമ്രാൻ അക്മൽ (മൂന്ന്) എന്നിവർക്കൊപ്പമായിരുന്നു അശ്വിൻ. തലൈവർ ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽവച്ചായിരുന്നു അശ്വിന്റെ അഞ്ചാം സെഞ്ചുറി. 2021 ഫെബ്രുവരി 13ന് ഇംഗ്ലണ്ടിനെതിരേ 106 റണ്‍സ് നേടിയതായിരുന്നു ടെസ്റ്റിൽ അശ്വിന്റെ അവസാന ശതകം. മൂന്നു വർഷത്തിനുശേഷം ചെന്നൈയുടെ തലൈവറായി അശ്വിൻ വീണ്ടും സെഞ്ചുറിയിലെത്തി. എം.എ. ചിദംബരം സ്റ്റേഡിയത്തിൽ അശ്വിന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി. ഒരു സ്റ്റേഡിയത്തിൽ രണ്ട് സെഞ്ചുറിയും രണ്ട് അഞ്ചു വിക്കറ്റ് നേട്ടവുമുള്ള ലോക ക്രിക്കറ്റിലെ അഞ്ചാമനുമായി അശ്വിൻ.
ജഡേജ-അശ്വിൻ ഭായ് ഭായ് ചെന്നൈയുടെ ഇഷ്ടക്കാരായ രവീന്ദ്ര ജഡേജയും അശ്വിനുമാണ് ഇന്ത്യയെ റിക്കാർഡ് കൂട്ടുകെട്ടിലൂടെ കരകയറ്റിയത്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായ ജഡേജയ്ക്കൊപ്പം അശ്വിൻ അഭേദ്യമായ 195 റണ്‍സിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. ഒരു ടെസ്റ്റിന്റെ ഒന്നാംദിനം ഏഴോ അതിൽ താഴെയോ നന്പറിലുള്ള കൂട്ടുകെട്ടുകളിലെ റിക്കാർഡാണിത്. 2009ൽ ഇന്ത്യക്കെതിരേ ന്യൂസിലൻഡിന്റെ ഡാനിയേൽ വെട്ടോറിയും ജെസെ റൈഡറും ചേർന്ന് 186 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. 227 പന്തിൽനിന്നാണ് അശ്വിൻ-ജഡേജ കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ 195 റണ്‍സുമായി ക്രീസ് വിട്ടത്. അശ്വിൻ-ജഡേജ കൂട്ടുകെട്ട് ഹോം ടെസ്റ്റിൽ ഏഴോ അതിൽതാഴെയോ നന്പറിൽ 500ൽ അധികം റണ്‍സ് നേടി. കപിൽ ദേവും സയീദ് കിർമാണിയും (14 മത്സരങ്ങളിൽ 617 റണ്‍സ്) മാത്രമാണ് ഇവർക്കു മുന്നിലുള്ളത്. പൊരുതിയത് യശസ്വി ജയ്സ്വാൾ മാത്രം ടോസ് നഷ്ടപ്പെട്ട് ആദ്യ ക്രീസിലെത്തിയ ഇന്ത്യക്കുവേണ്ടി ടോപ് ഓർഡറിൽ ഓപ്പണർ യശസ്വി ജയ്സ്വാൾ മാത്രമാണു തിളങ്ങിയത്. 118 പന്തിൽ ജയ്സ്വാൾ 56 റണ്‍സ് നേടി. രോഹിത് ശർമ (6), വിരാട് കോഹ്ലി (60) എന്നിവർ രണ്ടക്കം കണ്ടില്ല. ശുഭ്മാൻ ഗില്ലിന് (0) അക്കൗണ്ടു തുറക്കാൻപോലും സാധിച്ചില്ല. ഋഷഭ് പന്ത് 52 പന്തിൽ 39 റണ്‍സ് നേടി. സ്കോർബോർഡ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാൾ സി ഷാദ്മാൻ ഇസ്ലാം ബി നഹിദ് റാണ 56, രോഹിത് സി നജ്മുൽ ഹൊസൈൻ ബി ഹസൻ മഹ്മൂദ് 6, ഗിൽ സി ലിറ്റണ്‍ ദാസ് ബി ഹസൻ മഹ്മൂദ് 0, കോഹ്ലി സി ലിറ്റണ്‍ ദാസ് ബി ഹസൻ മഹ്മൂദ് 6, പന്ത് സി ലിറ്റണ്‍ ദാസ് ബി ഹസൻ മഹ്മൂദ് 39, രാഹുൽ സി സാകിൻ ഹസൻ ബി മെഹിദി ഹസൻ മിറാസ് 16, ജഡേജ നോട്ടൗട്ട് 86, അശ്വിൻ നോട്ടൗട്ട് 102, എക്സ്ട്രാസ് 28, ആകെ 80 ഓവറിൽ 339/6. വിക്കറ്റ് വീഴ്ച: 1-14, 2-28, 3-34, 4-96, 5-144, 6-144. ബൗളിംഗ്: തസ്കിൻ അഹമ്മദ് 15-1-47-0, ഹസൻ മഹ്മൂദ് 18-4-58-4, നഹിദ് റാണ 17-2-80-1, മെഹിദി ഹസൻ മിറാസ് 21-2-77-1, ഷക്കീബ് അൽ ഹസൻ 8-0-50-0, മൊമിനുൾ ഹഖ് 1-0-4-0.
Source link