കൊല്ലം : യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സംവിധായകൻ വി.കെ. പ്രകാശിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് വി.കെ. പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു.
2012ൽ കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് ഒരു സിിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടെത്തിയ പരാതിക്കാരിയോട് വി.കെ. പ്രകാശ് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പൊലീസ് കേസെടുത്തതിനെ തുടർന്ന് പ്രകാശ് ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയും ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും മൊഴി നൽകണമെന്നും ജാമ്യവ്യവസ്ഥയായി കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മൂന്നുദിവസമായി കൊല്ലം പള്ളിത്തോട്ടം പൊലീസിൽ വി.കെ. പ്രകാശ് ഹാജരായിരുന്നു. ചോദ്യം ചെയ്യലിന്റെ അവസാന ദിവസമായ ഇന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും കോടതി നിർദ്ദേശ പ്രകാരം ജാമ്യത്തിൽ വിടുകയുമായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് വി.കെ. പ്രകാശിന്റെ മൊഴിപ്പകർപ്പ് ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ കൈമാറും. കേസിൽ എസ്.ഐ.ടി തുടർ നടപടികൾ സ്വീകരിക്കും.
Source link