KERALAM

അരിയിൽ ഷുക്കൂർ വധം: പി ജയരാജനും ടിവി രാജേഷിനും  കനത്ത  തിരിച്ചടി, വിടുതൽ ഹർജി കോടതി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി ജയരാജനും മുൻ എംഎൽഎ ടിവി രാജേഷിനും കനത്ത തിരിച്ചടി. ഇവർ നൽകിയ വിടുതൽ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളുകയായിരുന്നു. ഗൂഢാലോചന കു​റ്റമാണ് ഇരുവർക്കുമെതിരെ സിബിഐചുമത്തിയിട്ടുള്ളത്.

കൊലപാതകത്തിനായി ഗൂഢാലോചന നടന്നെന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഒന്നാണ് ഷുക്കൂർ വധം. മുസ്ലീംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിന്റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ചിരുന്നു. ഈ സംഭവം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കകമാണ് ചെറുകുന്ന് കീഴറയിൽ വച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. അക്രമികൾ വിചാരണ നടത്തിയശേഷം കീഴാറയിലെ ഒരു പാടത്തിട്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

വാഹനം ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് പി ജയരാജനെയും ടി വി രാജേഷിനെയും പ്രവേശിപ്പിച്ച തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കു​റ്റപത്രത്തിൽ പറയുന്നു.

പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ച് ഷുക്കൂറിന്റെ അമ്മ ആതിക്ക നൽകിയ ഹർജിയിൽ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 34 പ്രതികളുള്ള കേസിൽ പി ജയരാജൻ, ടിവി രാജേഷ് എന്നിവർ യഥാക്രമം 33, 34 പ്രതികളാണ്.


Source link

Related Articles

Back to top button