KERALAMLATEST NEWS

86 കോടി ചെലവാക്കിയാൽ 15 വർഷം ആയുസ്, 150 കോടിക്ക് പുതിയത് നിർമ്മിക്കാം; വൈറ്റില ആർമി ടവർ പൊളിച്ചുനീക്കണം

കൊച്ചി: നിർമ്മാണപ്പിഴവുകളും അഴിമതിയും മൂലം തകർച്ചാഭീഷണിയിലായ വൈറ്റില ചന്ദേർകുഞ്ച് ആർമി ടവറുകൾ പൊളിച്ചുനീക്കാൻ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് (ഐ.ഐ.എസ്) ശുപാർശചെയ്തു. 29 നില വീതമുള്ള ബി, സി ടവറുകൾ അറ്റകുറ്റപ്പണികൊണ്ട് നിലനിറുത്താനാവില്ലെന്നും ദുരന്തം ഒഴിവാക്കാൻ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നും നിർദ്ദേശിച്ചു. 17 നിലയുള്ള എ ടവറിന് വലിയ കുഴപ്പമില്ലെങ്കിലും നിരന്തര നിരീക്ഷണം വേണം.

ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്‌ള്യു.എച്ച്.ഒ.) 2018ൽ സിൽവർ സാൻഡ് ഐലൻഡിൽ നിർമ്മിച്ച ടവറുകളാണ് മൂന്നു വർഷം കഴിഞ്ഞപ്പോൾ അപകടാവസ്ഥയിലായത്.

ബി, സി ടവറുകൾ ഒഴിപ്പിക്കാൻ കഴിഞ്ഞ മാർച്ചിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റിയും, മുനിസിപ്പാലിറ്റിയുടേത് ഉൾപ്പെടെയുള്ള 11 പഠനസംഘങ്ങളും ശുപാർശ ചെയ്തിരുന്നു. ഇരു ടവറുകളിലായി 208 ഫ്ളാറ്റുകളും 800 ഓളം താമസക്കാരുമുണ്ട്.

86 കോടി മുടക്കി രണ്ടുവർഷം കൊണ്ട് കെട്ടിടങ്ങൾ പുതുക്കാനുള്ള എ.ഡബ്‌ള്യു.എച്ച്.ഒയുടെ പദ്ധതിക്കെതിരെ ഫ്ളാറ്റ് ഉടമകളിൽ ചിലർ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ജൂൺ 19ന് ഐ.ഐ.എസിനെ ഹൈക്കോടതി പഠനത്തിന് നിയോഗിച്ചത്. സിവിൽ എൻജിനിയറിംഗ് വിഭാഗം പ്രൊഫസർ ഡോ.ജെ.എം. ചന്ദ്ര കിഷനാണ് കെട്ടിടങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.

രണ്ട് ടവറുകളുടെയും ബേസ്‌മെന്റ് മുതൽ പൊളിഞ്ഞുതുടങ്ങി. തൂണുകളുടെ കമ്പി​കൾ ദ്രവി​ച്ച് കോൺ​ക്രീറ്റ് അടർന്നു. തട്ടുകൾ അടർന്നു വീഴുന്നു. തറ പൊളിഞ്ഞുയർന്നു. കുറച്ചുപേർ ഭയന്ന് താമസം മാറ്റുകയും ചെയ്തു.

പ്രധാന ശുപാർശകൾ

86 കോടി മുടക്കി ടവറുകൾ ബലപ്പെടുത്തുന്നതിനെക്കാൾ നല്ലത് പൊളിച്ചുമാറ്റി പുതിയവ പണിയുന്നതാണ്
പുതിയവ നിർമ്മിക്കാൻ 150 കോടിയോളം ചെലവുവരും. ബലപ്പെടുത്തിയാൽ 15 വർഷത്തെ ആയുസ് മാത്രം
കോൺക്രീറ്റിലെ ക്ളോറൈഡ് സാന്നിദ്ധ്യമാണ് തുരുമ്പിന് കാരണം. ഇത് പരിഹരിക്കാനാവില്ല


Source link

Related Articles

Back to top button