KERALAMLATEST NEWS

ഗുരുവായൂർ നടപ്പന്തലിൽ വീഡിയോഗ്രഫി വിലക്കി, ജസ്നയുടെ കേക്ക് മുറിക്കലിൽ ഹൈക്കോടതി ഇടപെടൽ

കൊച്ചി: ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വിവാഹത്തിനും മതചടങ്ങുകൾക്കുമല്ലാതെയുള്ള വീഡിയോഗ്രഫി ഹൈക്കോടതി വിലക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രഫിയും തടയണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് ഉത്തരവിട്ടു.

ശ്രീകൃഷ്ണ ചിത്രം വരച്ച് ശ്രദ്ധേയയായ ജസ്‌ന സലീം ക്ഷേത്രപരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നടപടി. ദർശനത്തിന് നിന്നവരുമായി ജസ്നയും സംഘവും തട്ടിക്കയറുന്ന ദൃശ്യവും പ്രചരിച്ചിരുന്നു. തുടർന്ന് അഹിന്ദുക്കളെ ക്ഷേത്രപരിസരത്ത് അനുവദിക്കരുതെന്ന നോർത്ത് പറവൂർ സ്വദേശി പി.പി. വേണുഗോപാലിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

 ക്ഷേത്രം കേക്ക് മുറിക്കാനുള്ള സ്ഥലമല്ല

ക്ഷേത്ര നടപ്പന്തലും പരിസരവും പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭക്തർക്ക് ദർശന സൗകര്യമൊരുക്കാൻ ദേവസ്വം ബോർഡിന് ബാദ്ധ്യതയുണ്ട്. ഭക്തന് ആരാധനാവകാശം വിനിയോഗിക്കാൻ അവകാശമുണ്ട്. ക്ഷേത്രത്തിന്റെ ആചാരവും പാരമ്പര്യവും സൂക്ഷിക്കണം. നടപ്പന്തലിൽ ഭക്തരുമായി വഴക്കുണ്ടാകുന്ന സാഹചര്യമൊഴിവാക്കണം. ക്ഷേത്രത്തിന് പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദീപസ്തംഭം പോലുള്ളവയുടെ വീഡിയോഗ്രഫി അനുവദിക്കാനാവില്ല. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് ദർശന സൗകര്യമൊരുക്കണം. അഡ്മിനിസ്‌ട്രേറ്റർക്ക് ഇതിനായി പൊലീസ് സഹായം തേടാം. ഹർജി അടുത്തമാസം 10ന് വീണ്ടും പരിഗണിക്കും.


Source link

Related Articles

Back to top button