ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി വെള്ളറക്കാട് തോന്നല്ലൂർ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ (36) തിരഞ്ഞെടുത്തു. ഭജനത്തിനു ശേഷം 30ന് രാത്രി ചുമതലയേൽക്കും. ആറ് മാസത്തേക്കാണ് നിയമനം. ആദ്യമായാണ് ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂർ മേൽശാന്തിയാകുന്നത്. മേൽശാന്തിയാകാൻ എട്ടുതവണ അപേക്ഷിച്ചിരുന്നു.
ബി.കോം ബിരുദധാരിയായ ശ്രീജിത്ത് നമ്പൂതിരി 2017 മുതൽ വേലൂർ കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. പരമേശ്വരൻ നമ്പൂതിരി – സാവിത്രി അന്തർജനം ദമ്പതികളുടെ മകനാണ്. ഭാര്യ: കൃഷ്ണശ്രീ. മക്കൾ: ആരാധ്യ , ഋഗ്വേദ്. 56 പേരാണ് മേൽശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നത്. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടുമായുള്ള അഭിമുഖത്തിന് 54 പേരെ ക്ഷണിച്ചപ്പോൾ 51 പേരെത്തി.
അഭിമുഖത്തിൽ യോഗ്യത നേടിയ 42 പേരെ ഉൾപ്പെടുത്തി ഉച്ചപൂജയ്ക്ക് ശേഷം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിൽ ഇപ്പോഴത്തെ മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ മനോജ് ബി. നായർ, വി.ജി. രവീന്ദ്രൻ, സി. മനോജ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ, ടി. രാധിക, രാധ എന്നിവർ സന്നിഹിതരായി.
Source link