നിർമാതാവ് മുതൽ പോസ്റ്റർ പതിക്കുന്നവർ വരെ പുതിയ സംഘടനയുടെ ഭാഗമാകും: ആഷിഖ് അബു

നിർമാതാവ് മുതൽ പോസ്റ്റർ പതിക്കുന്നവർ വരെ പുതിയ സംഘടനയുടെ ഭാഗമാകും: ആഷിഖ് അബു | Aashiq Abu AMMA

നിർമാതാവ് മുതൽ പോസ്റ്റർ പതിക്കുന്നവർ വരെ പുതിയ സംഘടനയുടെ ഭാഗമാകും: ആഷിഖ് അബു

മനോരമ ലേഖകൻ

Published: September 19 , 2024 08:27 AM IST

1 minute Read

ആഷിഖ് അബു. (ചിത്രം:മനോരമ)

മലയാള സിനിമാ രംഗത്ത് പുതിയ സംഘടന രൂപീകരിക്കുമെന്നത് സ്ഥിരീകരിച്ച് സംവിധായകൻ ആഷിഖ് അബു. സിനിമയിലെ എല്ലാ വിഭാഗങ്ങളിലും പ്രവർത്തിക്കുന്നവർക്കായി പുരോഗമന ആശയങ്ങളിൽ ഊന്നിയ ഒരു സംഘടന എന്ന ആശയം നിരവധി സിനിമാപ്രവർത്തകർ ചർച്ച ചെയ്തിരുന്നെന്നും ഇതിന്റെ ഭാഗമായിട്ടാണ് പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേർസ് അസോസിയേഷൻ എന്ന ആശയം ആരംഭിച്ചതെന്നും സംഘടനയുടെ താൽക്കാലിക കമ്മിറ്റിയുടെ പേരിൽ ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. പൊതുവായ ആശയരൂപീകരണത്തിന് കൈമാറിയ കത്ത് അനൗദ്യോഗികമായി ചോർന്നതാണെന്നും അങ്ങനെയാണ് വാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നതെന്നും ആഷിഖ് അബു വ്യക്തമാക്കി.
സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, കമൽ കെഎം, അജയൻ അടാട്ട് എന്നിവരുടെ പേരിലാണ് വാർത്താ കുറിപ്പ് പുറത്തുവിട്ടത്. സംഘടന ഔദ്യോഗികമായി നിലവിൽ വന്നതിനു ശേഷം മറ്റൊരു പേര് സ്വീകരിക്കണമെങ്കിൽ സ്വീകരിക്കുമെന്നും നിർമാതാവ് മുതൽ പോസ്റ്റർ പതിപ്പിക്കുന്നവർ വരെ ഫിലിംമേക്കേഴ്‌സ് ആണെന്നതാണ് കാഴ്ചപ്പാടെന്നും വാർത്താകുറിപ്പിൽ പറയുന്നു.

‘‘സിനിമയിലെ എല്ലാ വിഭാഗങ്ങളിലും പ്രവർത്തിക്കുന്നവർക്കായി പുരോഗമന ആശയങ്ങളിൽ ഊന്നിയ ഒരു സംഘടന എന്ന ആശയം നിരവധി സിനിമാ പ്രവർത്തകർ ചർച്ച ചെയ്യുകയുണ്ടായി. പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേർസ് അസോസിയേഷൻഎന്നതാണ് ആശയം. സംഘടന ഔദ്യോഗികമായി നിലവിൽ വന്നതിനുശേഷം മറ്റൊര പേര് സ്വീകരിക്കണമെങ്കിൽ സ്വീകരിക്കും. നിർമാതാവ് മുതൽ പോസ്റ്റർ പതിക്കുന്നവർ വരെ ഫിലിം മേക്കേഴ്സ് ആണ് എന്നതാണ് കാഴ്ചപ്പാട്. സിനിമയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഭരണസമതിയിൽ പ്രാതിനിധ്യം ഉണ്ടാകും.സംഘടന നിലവിൽ വന്നതിന് ശേഷം ജനാധിപത്യപരമായി നേതൃത്വത്തെ തീരുമാനിക്കും. അതുവരെ ഒരു താത്കാലിക കമ്മിറ്റി പ്രവർത്തിക്കും. അതിനുശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ സംഘടന പൂർണരൂപം പ്രാപിക്കും. 

വാർത്തകളിൽ പ്രചരിക്കുന്ന കാര്യങ്ങൾ, സംഘടനയുടെ ആലോചനാഘട്ടത്തിൽ പുറത്തായ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ്. പൊതുവായ ആശയ രൂപീകരണത്തിന് കൈമാറിയ കത്താണ് അനൗദ്യോഗികമായി പുറത്തായത്. ചർച്ചയിൽ പങ്കെടുത്ത ആളുകളുടെ പേരുകൾ ആ കത്തിൽ ഉണ്ടായിരുന്നതു കൊണ്ട് പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടു. ഇതുവരെ രൂപീകരിക്കാത്ത ‘സംഘടനയിൽ’ ‘ഭാരവാഹികൾ’ എന്ന പേരിൽ കത്തിൽ പേരുണ്ടായവരുടെ ചിത്രങ്ങൾ സഹിതം വാർത്തകൾ വരികയും ചെയ്തു. ഈ ഘട്ടത്തിൽ ഒരു ഔദ്യോഗിത വിശദീകരണം ആവശ്യമാണ് എന്നതിനാലാണ് ഈ അറിയിപ്പ്.’’–കത്തിന്റെ സംക്ഷിപ്ത രൂപം.

നേരത്തെ ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, അഞ്ജലി മേനോൻ, ബിനീഷ് ചന്ദ്ര തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘടന രൂപീകരിക്കുന്നതായിട്ടായിരുന്നു വാർത്തകൾ പുറത്തുവന്നത്. എന്നാൽ നിലവിൽ താൻ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനിൽ ഇല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയിരുന്നു.

English Summary:
Progressive Malayalam Filmmakers Association: Abu Responds to Leaked Document

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-aashiqabu f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7jgk3nmifkfdb64kql1cetjf6h mo-entertainment-movie-rimakallingal


Source link
Exit mobile version