തിരുവനന്തപുരം: പത്രാധിപർ കെ.സുകുമാരൻ കേരളകൗമുദിയെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും സാമൂഹ്യപുരോഗതിക്കും വേണ്ടിയുള്ള നിർഭയ ശബ്ദമാക്കിയെന്ന് മന്ത്രി വി.ശിവൻകുട്ടി. അത് ഇന്നും കേരളകൗമുദിയുടെ മുഖമുദ്രയാണ്. പത്രാധിപർ കെ.സുകുമാരന്റെ 43-ാമത് ചരമവാർഷികദിനത്തിൽ കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ കേരളകൗമുദി അങ്കണത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.സുകുമാരൻ വിടപറഞ്ഞിട്ട് നാലു പതിറ്റാണ്ട് പിന്നിട്ടെങ്കിലും പത്രാധിപർ എന്നു കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ പേരുമാത്രമാണ് മുഴങ്ങുന്നത്. കേരളത്തിന്റെ രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക ഘടനയുടെ പര്യായമായി അതുമാറി. വാർത്തകളിൽ സത്യവും നീതിയും വേണമെന്ന പത്രാധിപരുടെ നിർബന്ധം കേരളകൗമുദിക്ക് വിശ്വാസ്യതയുടെ ഖ്യാതി നേടിക്കൊടുത്തു.
പത്രാധിപർ എന്നതിലുപരി വഴികാട്ടിയായ അദ്ദേഹം ശബ്ദമില്ലാത്തവരുടെ ശബ്ദമായി. വിശ്വസിച്ച ലക്ഷ്യങ്ങൾക്കായി അദ്ദേഹം തൂലികയെ ആയുധമാക്കി. എതിർ കാഴ്ചപ്പാടുകൾക്ക് ഇടംനൽകിയ പത്രാധിപർ അക്കാലത്തെ മലയാള പത്രപ്രവർത്തനത്തിൽ വഴിമാറി നടക്കുകയായിരുന്നു. പത്രപ്രവർത്തനത്തെ ഒരു തൊഴിൽ മാത്രമായി കാണാതെ ധാർമ്മിക ഉത്തരവാദിത്വമായാണ് കണ്ടത്.
ഇന്നത്തെ കേരളകൗമുദി, പത്രാധിപരുടെ അശ്രാന്ത പരിശ്രമത്തിന്റെ പ്രതിഫലനമാണ്. അദ്ദേഹത്തിന്റെ ജീവിതവും കേരളകൗമുദിയുടെ ചരിത്രവും പരസ്‌പര പൂരകമാണ്. പത്രാധിപർ ഉയർത്തിപ്പിടിച്ച തത്വങ്ങൾ, സത്യം, നീതി, സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവ ഉയർത്തിപ്പിടിച്ചാണ് അദ്ദേഹത്തോട് ആദരവ് പ്രകടിപ്പിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യമായും സാമ്പത്തികമായും അടിച്ചമർത്തപ്പെട്ട വലിയൊരു സമൂഹത്തിന്റെ സ്‌പന്ദനമായിരുന്നു പത്രാധിപർ കെ.സുകുമാരനെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന മുൻമന്ത്രി സി.ദിവാകരൻ അനുസ്മരിച്ചു. ഇന്ത്യയിലും കേരളത്തിലും നിരവധി പത്രാധിപൻമാരുണ്ടെങ്കിലും മലയാളികളുടെ മനസിൽ കെ.സുകുമാരനെന്ന ഒറ്റ പത്രാധിപൻ മാത്രമേയുള്ളൂവെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. സാധാരണക്കാരുടെയും പിന്നാക്കക്കാരുടെയും ശബ്ദമുയർത്താനുള്ള നാവായിരുന്നു പത്രാധിപരെന്ന് വി.ജോയി എം.എൽ.എ അനുസ്മരിച്ചു. അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി കെ.എസ്.സാബു നന്ദിയും പറഞ്ഞു.
പുരസ്കാരങ്ങൾ സമ്മാനിച്ചു
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ അംഗങ്ങളായ ഹരിയുടെ മകൻ ജഗൻ.എച്ച്, മാത്യൂസ്.ടിയുടെ മകൾ മർസ മറിയം മാത്യൂസ് എന്നിവർക്ക് പത്രാധിപർ സ്മാരക അവാർഡും പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ സന്തോഷ്‌കുമാർ.കെ.ആറിന്റെ മകൾ ശിവനന്ദന.എ.എസിന് പത്രാധിപർ ക്ഷേമനിധി അവാർഡും ചടങ്ങിൽ സമ്മാനിച്ചു. മികച്ച പ്രാദേശിക ലേഖകനുള്ള പത്രാധിപർ കെ.സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്കാരം കിളിമാനൂർ ലേഖകൻ അനീഷ് മനോഹറിന് നൽകി.
Source link