ഇന്ത്യയിൽ എംപോക്‌സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്‌സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ. രോഗബാധയുടെ ലക്ഷണങ്ങൾ ഒരാളിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ആളിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.
ഇയാളെ ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് ടെസ്റ്റിനായി അയച്ചിരിക്കുകയാണ്. പ്രോട്ടോക്കോളുകൾ പ്രകാരമുള്ള ചികിത്സയാണ് പുരോഗമിക്കുന്നത്. ആഫ്രിക്കയിലെ കോംഗോയിലാണ് എംപോക്സ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയിൽ പിടിമുറുക്കിയത്.
ജനുവരി മുതൽ 14,500ലേറെ എംപോക്സ് കേസുകളും 450ലേറെ മരണവുമാണ് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിപക്ഷം കേസുകളും മരണവും ഡി.ആർ. കോംഗോയിലാണ്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, റിപ്പബ്ലിക് ഒഫ് കോംഗോ, കാമറൂൺ തുടങ്ങിയവയാണ് രോഗവ്യാപനം ശക്തമായ മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ. വ്യാപനം ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിൽ എംപോക്‌സിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. എം പോക്‌സിന്റെ തീവ്രതയേറിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഡബ്ല്യു.എച്ച്.ഒ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ആഫ്രിക്കയ്‌ക്ക് പുറത്ത് എംപോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത് സ്വീഡനിലും പാകിസ്ഥാനിലുമാണ്.
വ്യാപനം വേഗത്തിൽ
1958ൽ ലോകത്ത് ആദ്യമായി ലബോറട്ടറി കുരങ്ങുകളിലാണ് എംപോക്സ് വൈറസിനെ തിരിച്ചറിഞ്ഞത്
ഇതോടെ വൈറസിന് മങ്കിപോക്സ് എന്ന പേര് ലഭിച്ചു. 2022 നവംബറിൽ എംപോക്സ് എന്ന് ഡബ്ല്യു.എച്ച്.ഒ പുനർനാമകരണം ചെയ്തു
ആദ്യമായി മനുഷ്യനിൽ കണ്ടെത്തിയത് 1970ൽ കോംഗോയിൽ
കുരങ്ങുകൾ മാത്രമല്ല, അണ്ണാൻ, എലി തുടങ്ങിയവയും മങ്കിപോക്സ് വൈറസുകളുടെ വാഹകരാണ്
വസൂരിക്ക് കാരണമായ ഓർത്തോപോക്സ് വൈറസ് ജീനസിൽപ്പെട്ടതാണ് എംപോക്സ് വൈറസ്
ആഫ്രിക്കയിൽ മാത്രം കാണപ്പെട്ടിരുന്ന എംപോക്സ് വൈറസ് 2022 മേയ് ആദ്യം മുതൽ യൂറോപ്യൻ രാജ്യങ്ങളിലും പിന്നാലെ യു.എസ്, തെക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിച്ചു
2022 ജൂലായിൽ എംപോക്സിനെ ഡബ്ല്യു.എച്ച്.ഒ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം മേയിൽ പിൻവലിച്ചു
അപൂർവം കേസുകളിൽ മാത്രം രോഗം ഗുരുതരമാകാം. ജീവന് ഭീഷണിയല്ലെങ്കിലും വ്യാപന ശേഷി കൂടുതൽ
ശരീര ദ്രവം, മുറിവ്, രോഗി ഉപയോഗിച്ച വസ്ത്രം എന്നിവയിലൂടെ രോഗം പകരും
ലക്ഷണങ്ങൾ
പനി, പേശീവേദന, ലിംഫ് നോഡുകളിലെ വീക്കം, തലവേദന, ശരീരത്തിൽ ചിക്കൻപോക്‌സിന് സമാനമായ ചെറു മുഴകൾ
Source link