കൊല്ലം ചാന്പ്യന്മാർ
തോമസ് വർഗീസ് തിരുവനന്തപുരം: ക്യാപ്റ്റൻ സച്ചിൻ ബേബി മുന്നിൽ നിന്നു പോരാട്ടം നയിച്ചപ്പോൾ കൊല്ലം സെയ്ലേഴ്സ് പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ട്രോഫിയിൽ മുത്തമിട്ടു. ഫൈനലിൽ കാലിക്കട്ട് ഗോബ്്സ്റ്റാർസിനെ ഏരീസ് കൊല്ലം സെയ്ലേഴ്സ് ആറു വിക്കറ്റിന് പരാജയപ്പെടുത്തി. കാലിക്കട്ട് 20 ഓവറിൽ ആറു വിക്കറ്റിന് 213. കൊല്ലം 19.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 214. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തകർപ്പൻ സെഞ്ചുറിയാണ് കൊല്ലത്തിനു വന്പൻ ജയം സമ്മാനിച്ചത് 54 പന്തിൽ നിന്നും പുറത്താകാതെ 105 റണ്‍സെടുത്ത സച്ചിനാണ് പ്ലയർ ഓഫ് ദ മാച്ച്. അഖിൽ ദേവിന്റെ പന്ത് ബൗണ്ടറി പായിച്ചാണ് സച്ചിൻ വിജയ റണ്‍ നേടിയത്. കേരളാ ക്രിക്കറ്റ് ലീഗിൽ രണ്ട് സെഞ്ചുറി നേട്ടത്തിന് ഉടമയെന്ന ഖ്യാതിയും സച്ചിനാണ്.
ടോസ് നേടിയ കൊല്ലം കാലിക്കട്ടിനെ ബാറ്റിംഗിനയച്ചു. അർധ സെഞ്ചുറികൾ നേടിയ രോഹൻ കുന്നുമ്മൽ (26 പന്തിൽ 51), അഖിൽ സ്കറിയ (30 പന്തിൽ 50). എം. അജിനാസ് (24 പന്തിൽ 56) എന്നിവരുടെ പ്രകടനമാണ് കാലിക്കട്ടിനെ വൻ സ്കോറിലെത്തിച്ചത്. വൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം അഞ്ച് ഓവറിൽ രണ്ടു വിക്കറ്റിന് 52 എന്ന നിലയിലായി. പിന്നീട് ക്യാപ്റ്റൻ സച്ചിൻ ബേബി- വത്സൽ ഗോവിന്ദ് കൂട്ടുകെട്ട് കൊല്ലത്തെ മുന്നോട്ടു നയിച്ചു. 16 -ാം ഓവറിലെ ആദ്യ പന്തിൽ അഖിൽ സ്കറിയ വത്സൽ ഗോവിന്ദിനെ (27 പന്തിൽ 45) പുറത്താക്കി. അപ്പോഴേക്കും കൊല്ലം ജയത്തോട് അടുത്തിരുന്നു. 18-ാം ഓവറിന്റെ അവസാന പന്തിൽ സിക്സ് നേടിക്കൊണ്ട് സച്ചിൻ സെഞ്ചുറി തികച്ചു. രാഹുൽ ശർമ (15) പുറത്താകതെ നിന്നു.
Source link