മസാല ബോണ്ട് കേസ് വീണ്ടും സജീവമാകുന്നു
കൊച്ചി: കോടതി നടപടികളിൽ കുരുങ്ങി അന്വേഷണം മരവിച്ച മസാല ബോണ്ട് കേസ് വീണ്ടും സജീവമാകാൻ കളമൊരുങ്ങി
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസുകളെ ചോദ്യം ചെയ്ത് കിഫ്ബിയും മുൻ ധനമന്ത്രി തോമസ് ഐസക്കും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി ഉടൻ വിധി പറയുന്ന സാഹചര്യത്തിലാണിത്. ജൂലായ് അവസാന വാരം വാദം പൂർത്തിയാക്കി ജസ്റ്റിസ് ടി.ആർ. രവി ഹർജികൾ വിധി പറയാൻ മാറ്റിയിരുന്നു.
വിദേശത്ത് മസാല ബോണ്ട് ഇറക്കിയതിൽ വിദേശനാണ്യ വിനിമയനിയമ (ഫെമ) ലംഘനമുണ്ടോയെന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതിൽ തെളിവെടുപ്പിനായാണ് കിഫ്ബി അധികൃതർക്കും ഐസക്കിനും സമൻസയച്ചത്. വിഷയം പരിശോധിക്കാനുള്ള അധികാരം റിസർവ് ബാങ്കിനാണെന്നും ഇ.ഡിയുടേത് പരിധി വിട്ട ഇടപെടലാണെന്നും കിഫ്ബി വാദിച്ചു.
കിഫ്ബി ഡയറക്ടർ ബോർഡിന്റെ തീരുമാനത്തിന്റെ പേരിൽ തന്റെ വ്യക്തിപരമായ വിവരങ്ങളടക്കം ആവശ്യപ്പെട്ട് ഇ.ഡി തുടർച്ചയായി സമൻസയച്ചതിനെയാണ് ഐസക്ക് ചോദ്യം ചെയ്തത്. സമൻസ് പ്രകാരം കിഫ്ബി ഉദ്യോഗസ്ഥർ ഹാജരായെങ്കിലും തോമസ് ഐസക് ഇ.ഡിക്ക് മുന്നിൽ എത്തിയില്ല.
മസാല ബോണ്ട് ഇറക്കിയതിൽ തോമസ് ഐസക്കിന് നിർണായക പങ്കുണ്ടെന്നാണ് ഇ.ഡി വാദിച്ചത്. കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിൽ ബോർഡ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുക മാത്രമാണുണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചു.
മസാല ബോണ്ടിലൂടെ സമാഹരിച്ച 2150 കോടി രൂപയും കഴിഞ്ഞ മാർച്ച് 27ന് തിരികെ നൽകിയെന്നും തുക വിവിധ അടിസ്ഥാന സൗകര്യ പദ്ധതികൾക്കാണ് വിനിയോഗിച്ചതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം നിയമപരമാണെന്നായിരുന്നു ഇ.ഡിയുടെ വിശദീകരണം.
Source link