സർവമത സമ്മേളന ആശയം വൈക്കം സത്യഗ്രഹത്തിൽ നിന്ന് : മന്ത്രി വാസവൻ

ശിവഗിരി: ഒരു നൂറ്റാണ്ട് മുമ്പ് ആലുവയിൽ സമർവമത സമ്മേളനം സംഘടിപ്പിക്കാനുള്ള ആശയം ഉയർന്നുവരാൻ വൈക്കം സത്യഗ്രഹവും കാരണമായിട്ടുണ്ടെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു..ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സംഘടിപ്പിച്ച ആഗോള പ്രവാസി സംഗമത്തോടനുബന്ധിച്ച് ശിവഗിരിയിൽ സർവമത സമ്മേളന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗുരുദേവനെ വഴി തടഞ്ഞ സംഭവം ടി.കെ.മാധവനെ ചൊടിപ്പിച്ചതാണ് വൈക്കം സത്യഗ്രഹമെന്ന ചരിത്ര സംഭവത്തിലേക്ക് നയിച്ചത്. അടിച്ചമർത്തപ്പെട്ടവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം 603 ദിവസം നീണ്ടു. ശ്രീനാരായണ ഗുരുദേവൻ നേരിട്ട് സമരപ്പന്തലിലെത്തിയാണ് സംഭാവന നൽകിയത്. മഹാത്മാ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖർ സമരത്തിന് നേതൃത്വപരമായ പങ്കു വഹിച്ചു. നാനാജാതി മതസ്ഥർ സമരമുഖത്തേക്ക് എത്തിയതോടെ കേരള ചരിത്രത്തിലെ ജ്വലിക്കുന്ന ഏടായി സമരം മാറി. ഈ കൂട്ടായ്മയാണ് ജാതിമതങ്ങൾക്ക് അതീതതമായ ഒരു ചിന്താധാരയായി രൂപപ്പെട്ടത്. അദ്വൈതത്തിന്റെ അർത്ഥം പരിഷ്കരണത്തിനുള്ള പ്രായോഗിക തത്വമാണെന്ന് ഗുരു സമർത്ഥിച്ചു. വിഗ്രഹപ്രതിഷ്ഠയും ആരാധനയും സമന്വയിപ്പിച്ചു. ജാതി നശീകരണത്തിനെതിരായ ഗുരുവിന്റെ പോരാട്ടമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നെന്ന് ആശയസംവാദത്തിലൂടെ ഗുരു മഹാത്മജിയെപ്പോലും ബോദ്ധ്യപ്പെടുത്തി.മതങ്ങൾക്ക് അതീതമായി മനുഷ്യൻ വരണമെന്നാണ് ഗുരു ഉദ്ബോധിപ്പിച്ചത്. മനുഷ്യരാശിയെ പരിവർത്തനത്തിലേക്കും പരിഷ്കരണത്തിലേക്കും നയിച്ചു എന്നതാണ് മറ്റ് സന്യാസിമാരിൽ നിന്ന് ഗുരുവിനെ വേറിട്ടു നിറുത്തുന്നത്. .പിന്നാക്കക്കാരൻ ഭരതനാട്യം കളിക്കുന്നതിനെ പരിഹസിക്കുന്നത് ഫ്യൂഡൽ സങ്കുചിത ചിന്തകളുടെ ശേഷിപ്പ് ഇപ്പോഴുമുണ്ടെന്നതിന്റെ തെളിവാണെന്നും മന്ത്രി വാസവൻ ചൂണ്ടിക്കാട്ടി.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി വിവിക്താനന്ദ സരസ്വതി( ചിന്മയമിഷൻ) , സ്വാമി ആത്മചൈതന്യ (കോഴിക്കോട് ശാന്തിമഠം), ഫാ.കോശിജോർജ് വരിഞ്ഞവിള, ഫൈസി ഓണംപിള്ളി (തൃശൂർ), തിയോസഫിക്കൽ സെക്രട്ടറി ദിനകരൻ, കമലനരേന്ദ്രഭൂഷൺ (ആര്യസമാജം), ഡോ.അജയ്ശേഖർ(കാലടി ശ്രീശങ്കര സർവകലാശാല)മൂന്ന് സർവമത സമ്മേളനങ്ങളിൽ പങ്കെടുത്ത വി.ഡി.രാജൻ, സ്വാമി ഋതംഭരാനന്ദ, ആഗോള പ്രവാസി സംഗമം ചെയർമാൻ കെ.ജി.ബാബുരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. 1969 ലെ സർവമത സമ്മേളനത്തിൽ പങ്കെടുത്ത ഫാ.ജസ്റ്റിൻ പനക്കലിനെ സ്വാമി സച്ചിദാനന്ദ ആദരിച്ചു. സ്വാമി അസംഗാനന്ദഗിരി സ്വാഗതവും സ്വാമി ദേവാത്മാനന്ദ നന്ദിയും പറഞ്ഞു.


Source link
Exit mobile version