KERALAM

വൈദ്യുതി ബിൽ ഇനി പ്രതിമാസമായേക്കും

പി.എച്ച്. സനൽകുമാർ | Wednesday 18 September, 2024 | 1:25 AM

തിരുവനന്തപുരം: രണ്ടു മാസത്തിലൊരിക്കലുള്ള വൈദ്യുതി ബിൽ പ്രതിമാസമാക്കണമെന്ന ആവശ്യം പരിഗണിക്കാൻ കെ.എസ്.ഇ.ബി. ഇക്കുറി വൈദ്യുതി താരിഫ് തെളിവെടുപ്പുകളിൽ ഉയർന്ന ശക്തമായ ആവശ്യങ്ങളിലൊന്നായിരുന്നു ഇത്.

രണ്ടുമാസം കൂടുമ്പോൾ ബിൽ ഇടുന്നതു മൂലം ഉപഭോഗം മിനിമം സ്ലാബിന് പുറത്താകുന്നുവെന്നും അതുവഴി കെ.എസ്.ഇ.ബിയ്‌ക്ക് അമിത ലാഭമുണ്ടാകുന്നുവെന്നുമാണ് ആരോപണം. ഇത് അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കിയിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം വർദ്ധിച്ചതോടെയാണ് പ്രതിമാസ ബില്ലിംഗ് നീക്കം.

ചെലവും സമയവും കണക്കാക്കിയാണ് കെ.എസ്.ഇ.ബിയും വാട്ടർ അതോറിട്ടിയും മീറ്റർ റീഡിംഗ് രണ്ടു മാസത്തിലൊരിക്കലാക്കിയത്. നിലവിൽ ഒരു മീറ്റർ റീഡിംഗിന് ശരാശരി ഒമ്പത് രൂപയാണ് കെ.എസ്.ഇ.ബി ചെലവാക്കുന്നത്. പ്രതിമാസ ബില്ലാകുമ്പോൾ ഇത് ഇരട്ടിയാകും. സ്‌പോട്ട് ബില്ലിംഗിനായി അധികം ജീവനക്കാരേയും നിയമിക്കേണ്ടിവരും. പക്ഷേ അടിക്കടി താരിഫ് വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ രണ്ടു മാസം കൂടുമ്പോഴുള്ള വൈദ്യുതി ബിൽ വൻതുകയുടേതായിരിക്കും. പ്രതിമാസ ബില്ലായാൽ തുക കുറഞ്ഞിരിക്കും.

 ഉപഭോക്താക്കൾ നേരിട്ട് മീറ്റർ റീഡിംഗ്

പ്രതിമാസ ബില്ലിംഗിലേക്ക് മാറുമ്പോഴുള്ള അധികച്ചെലവ് കുറക്കാൻ ഉപഭോക്താക്കളെക്കൊണ്ട് മീറ്റർ റഡിംഗിന് സൗകര്യം ഏർപ്പെടുത്താനാണ് ആലോചന. അതാത് സെക്ഷൻ ഓഫീസുകളിൽ റീഡിംഗ് അറിയിച്ച് ബിൽ അടയ്ക്കാം. ഇതിനായി കസ്റ്റമർ കെയർ നമ്പറോ വാട്സ്ആപ്പ് ഗ്രൂപ്പോ ഏർപ്പെടുത്തും.

തൊട്ടടുത്ത മാസം സ്‌പോട്ട് ബില്ലിന് ജീവനക്കാർ വീടുകളിൽ എത്തുമ്പോൾ ഉപഭോക്താവിന്റെ റീഡിംഗ് പരിശോധിച്ച് കൃത്യത ഉറപ്പാക്കും. സ്‌പോട്ട് ബില്ലിനൊപ്പം ക്യൂ ആർ കോഡ് വഴി പണമടയ്ക്കുന്ന കാര്യവും പരിഗണനയിലാണ്. പ്രതിമാസ ബിൽ അമിത കുടിശിക ഒഴിവാക്കാനും ബാധ്യത കുറക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.

 ബില്ലിൽ 18 ശതമാനം ജി.എസ്.ടിയും

200 യൂണിറ്റിന് മുകളിൽ ഉപഭോഗം കടന്നാൽ തുടർന്നുള്ള ഓരോ യൂണിറ്റിനും ഉയർന്ന താരിഫായ 8.20 രൂപ കൊടുക്കേണ്ടി വരുമെന്നാണ് ആക്ഷേപം. എന്നാൽ രണ്ടു മാസത്തിലൊരിക്കലാണ് റീഡിംഗെടുക്കുന്നതെങ്കിലും പ്രതിമാസ തോതിലാണ് ബിൽ കണക്കാക്കുന്നതെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു. ബില്ലിനൊപ്പം ഡ്യൂട്ടി, ഫ്യൂവൽ സർചാർജ്, മീറ്റർ റെന്റ് തുടങ്ങിയവയും ഈടാക്കും. ആകെ ഉപയോഗിച്ച വൈദ്യുതിക്ക് എത്രയാണോ തുക, അതിന്റെ 10 ശതമാനമാണ് ഡ്യൂട്ടി. ഇതിനൊപ്പം യൂണിറ്റിന് ഒമ്പതു പൈസ ഫ്യൂവൽസർചാർജും,12 രൂപ മീറ്ററിന്റെ വാടകയും 18 ശതമാനം ജി.എസ്.ടിയും ഈടാക്കും.

 മലയാളത്തിലും ബിൽ

മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ ബില്ല് മലയാളത്തിലോ ഇംഗ്ലീഷിലോ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതിനനുസരിച്ച് നൽകാനുള്ള സംവിധാനവും ഒരുക്കും. ബില്ലിലെ ഇനങ്ങളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.


Source link

Related Articles

Back to top button