നടി കേസിൽ വിധി 3 മാസത്തിനകം

കൊച്ചി: പൾസർ സുനിക്ക് ജാമ്യത്തിനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രത്യേക അപേക്ഷ നൽകേണ്ടിവരുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ‌ പറഞ്ഞു. കർശന ജാമ്യ ഉപാധികൾക്കായി സ‌ർക്കാർ വാദിക്കും. വിചാരണ നീണ്ടതിനൊപ്പം സാക്ഷിവിസ്താരം പൂർത്തിയായതും പ്രതിക്ക് ജാമ്യം കിട്ടാൻ അനുകൂലമായി. സുനി എറണാകുളം സബ്‌ ജയിലിലാണ്.

കേസിൽ സെഷൻസ് കോടതി വിധി മൂന്നു മാസത്തിനകം ഉണ്ടാകും. ജഡ്ജി ഹണി എം. വർഗീസ് മുമ്പാകെ സാക്ഷി വിസ്താരവും വാദവും കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. പ്രതിഭാഗത്തിന് അന്തിമ വാദമുന്നയിക്കാൻ ഈ മാസം 26 മുതൽ അവസരമുണ്ട്.

നടിയെ ആക്രമിച്ച കേസിൽ 10 പ്രതികളാണുള്ളത്. എട്ടു വരെ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം ഉൾപ്പെടെയാണ് ചുമത്തിയിരിക്കുന്നത്. മറ്റുള്ളവർക്കെതിരേ ഗൂഢാലോചനക്കുറ്റമാണ്. 261 സാക്ഷികളുണ്ട്. 1600 രേഖകൾ കേസിൽ കൈമാറി.

 അതിക്രൂര പീഡനം ദൃശ്യം മൊബൈലിൽ

2017 ഫെബ്രുവരി 17ന് തൃശൂരിൽ നിന്ന് എറണാകുളത്തെ ലൊക്കേഷനിലേക്കുള്ള യാത്രാമദ്ധ്യേയാണ് യുവനടി ആക്രമിക്കപ്പെട്ടത്. കൃത്രിമ വാഹനാപകടം സൃഷ്ടിച്ചാണ് സുനിയും സംഘവും നടിയുടെ വാഹനത്തിൽ കയറിപ്പറ്റിയത്. നടിയെ കൂട്ടിക്കൊണ്ടുവരാൻ നിയോഗിച്ച ഡ്രൈവർ മാ‌ർട്ടിനും അക്രമികൾക്ക് കൂട്ടുനിന്നു. കൊച്ചി മേഖലയിൽ നടിയുമായി ഒരു മണിക്കൂറിലധികം കറങ്ങി ക്രൂരമായി പീഡിപ്പിച്ചു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഒടുവിൽ വാഹനം ഉപേക്ഷിച്ച് കടന്നു. കേസുമായി നടി സധൈര്യം മുന്നോട്ടുപോയതോടെയാണ് പ്രതികൾ കുടുങ്ങിയത്. സുനി എറണാകുളത്തെ കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ പൊലീസ് നാടകീയമായി പിടികൂടി. കോടതി ഹാളിലേക്ക് ഓടിക്കയറിയപ്പോഴാണ് ഇൻസ്പെക്ടർ അനന്തലാലിന്റെ നേതൃത്വത്തിൽ കീഴ്പ്പെടുത്തിയത്.

 ദിലീപ് 86 ദിവസം ജയിലിൽ

ആഴ്ചകൾക്കു ശേഷമാണ് ക്വട്ടേഷനിൽ നടൻ ദിലീപിനുള്ള പങ്കിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. 2017 ജൂലായ് 10ന് ദിലീപ് അറസ്റ്റിലായി. 86 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം ദിലീപിന് ജാമ്യം ലഭിച്ചു. 2017 നവംബറിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വനിതാ ജഡ്ജി വേണമെന്ന ആവശ്യത്തെ തുടർന്ന് വിചാരണ വൈകി. 2020 ജനുവരി 30ന് വിചാരണ ആരംഭിച്ചു. സാക്ഷിവിസ്താരം പൂർത്തീകരിക്കാനിരിക്കെ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുമായെത്തി. ഇതോടെ പുനരന്വേഷണം ആരംഭിച്ചു. രണ്ടാംഘട്ട കുറ്റപത്രം കൂടി സമർപ്പിച്ച് വീണ്ടും വിചാരണ. നീണ്ട നാലര വർഷത്തെ സാക്ഷിവിസ്താരമാണ് കഴിഞ്ഞയാഴ്ച പൂർത്തീകരിച്ചത്.


Source link
Exit mobile version