വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു
തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ഇന്നലെ ലോകമാകെയുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷിച്ചു. മദ്രസകളുടെയും മഹല്ലുകളുടെയും പ്രാദേശിക കമ്മിറ്റികളുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയർത്തി റാലികളും ഘോഷയാത്രകളും സംഘടിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികൾ, നബി സന്ദേശ പ്രഭാഷണങ്ങൾ തുടങ്ങിയവ ഉണ്ടായിരുന്നു.
മദ്രസകൾ കേന്ദ്രീകരിച്ച് ഭക്ഷണ വിതരണവും നടത്തി. ദഫ് മുട്ടടക്കമുള്ള വിവിധ പരിപാടികളോടെയാണ് നാടെങ്ങും വർണാഭമായ ഘോഷയാത്ര നടന്നത്. നബിദിന റാലികളിൽ മധുരം വിതരണം ചെയ്തും സന്തോഷം കൈമാറിയും വിശ്വാസികൾ അണിനിരന്നു. ഓണാവധിക്കിടെ നബിദിനം കൂടി എത്തിയതോടെ ഇക്കുറി ആഘോഷപ്പകിട്ട് ഏറി. ഘോഷയാത്രയ്ക്കു ശേഷം പ്രത്യേക യോഗങ്ങളും സംഘടിപ്പിച്ചു. വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും നടന്നു.
സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികൾ നബിദിനം ആഘോഷിച്ചത്. ഹിജ്റ വർഷം മൂന്നാം മാസമായ റബീഉൽ അവ്വൽ 12ന് പ്രഭാതത്തിലായിരുന്നു മുഹമ്മദ് നബിയുടെ ജനനം. റബീഉൽ അവ്വൽ മാസം അവസാനിക്കുന്നതു വരെ കേരളത്തിൽ വിവിധ മുസ്‍ലിം സംഘടനകളുടെ മിലാദ് പരിപാടികൾ തുടരും.
Source link