കേരളത്തിന്റെ നട്ടെല്ല് പ്രവാസിപ്പണം: സതീശൻ
ശിവഗിരി: കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് പ്രവാസി മലയാളികൾ അയക്കുന്ന പണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വേണ്ട വിധം പഠിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കേണ്ടതാണെന്നും ശിവഗിരിയിൽ ആഗോള പ്രവാസി സംഗമ സമാപനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
കൊവിഡിന് മുമ്പ് പ്രവാസികളിൽ നിന്ന് കേരളത്തിലേക്ക് പ്രതിവർഷം കിട്ടിക്കൊണ്ടിരുന്ന വരുമാനം 85,000 കോടിയായിരുന്നു. കൊവിഡ് വന്ന് പലരും നാട്ടിലേക്ക് മടങ്ങിയതോടെ വരുമാനത്തിൽ കുറവ് പ്രതീക്ഷിച്ചു. എന്നാൽ കഴിഞ്ഞ വർഷം കേരളത്തിലെത്തിയത് 2,16,000 കോടിയാണ്. . ഓണക്കാലത്ത് നാട്ടിലേക്ക് വരാൻ കൊതിക്കുന്ന പ്രവാസികളെ വിമാനക്കമ്പനികൾ കുത്തിക്കൊല്ലുകയാണ്. തിരിച്ചു വരുന്ന പ്രവാസികൾക്കായി നല്ല നിലയിലുള്ള പുനരധിവാസം നടപ്പാക്കണം. ദാരിദ്ര്യം, മഹാമാരി, രോഗങ്ങൾ , യുദ്ധങ്ങൾ തുടങ്ങിയ കാരണങ്ങളാൽ ലോകം സംഘർഷഭരിതമാണ്. എല്ലാവിധ പ്രതിസന്ധികളെയും തരണം ചെയ്യാൻ ശ്രീനാരായണഗുരു സന്ദേശം കരുത്താവുമെന്നും സതീശൻ പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ, കണ്ണൂർ സർവകലാശാല മുൻ വി.സി ഡോ.പി ചന്ദ്രമോഹൻ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ എം.എൽ.എ വർക്കല കഹാർ, ഗ്ളോബൽ ശ്രീനാരായണ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ടി.എസ്.ഹരീഷ് കുമാർ, ഡോ.കെ.സുധാകരൻ, ശ്രീനാരായണ സാംസ്കാരിക സമിതി മുൻ ജനറൽ സെക്രട്ടറി നെടുങ്കുന്നം ഗോപാലകൃഷ്ണൻ, വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, ജി.ഡി.പി.എസ് മാതൃസഭ പ്രസിഡന്റ് ഡോ.അനിത ശങ്കർ, അനിൽ തടാലിൽ തുടങ്ങിയവർ പങ്കെടുത്തു. കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ സ്വാഗതവും സ്വാമി അസംഗാനന്ദഗിരി നന്ദിയും പറഞ്ഞു.
Source link