KERALAMLATEST NEWS

സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തി, സംഭവം തിരുവോണത്തിന് ആളുകൾ നോക്കിനിൽക്കെ, കൊലയാളിയും  വനിതാഡോക്ടറും  മദ്യലഹരിയിൽ

മൈനാഗപ്പള്ളി: കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരിയുടെ ശരീരത്തിലൂടെ മദ്യലഹരിയിലായിരുന്ന യുവാവ് നാട്ടുകാരുടെ മുന്നറിയിപ്പും നിലവിളികളും അവഗണിച്ച് വാഹനം കയറ്റിയിറക്കി കൊലപ്പെടുത്തി. മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലുംവിള നൗഷാദിന്റെ ഭാര്യ കുഞ്ഞുമോളാണ് (45) ദാരുണമായി മരിച്ചത്.

ഹ്യുണ്ടായ് ഇയോൺ കാർ ഓടിച്ചിരുന്ന, ചന്ദനമരക്കടത്ത് അടക്കം നിരവധി കേസുകളിൽ പ്രതിയായ കരുനാഗപ്പള്ളി വെളുത്തമണൽ പുന്തല തെക്കതിൽ വീട്ടിൽ മുഹമ്മദ് അജ്മൽ (27), ഒപ്പമുണ്ടായിരുന്ന നെയ്യാറ്റിൻകര വഴുതൂർ അനുപമ ഹൗസിൽ ഡോ. ശ്രീക്കുട്ടി (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ കണ്ടെത്തി.

തിരുവോണ ദിവസം വൈകിട്ട് 5.47ന് മൈനാഗപ്പള്ളി ആനൂർക്കാവ് ജംഗ്ഷനിലായിരുന്നു അപകടം. നബിദിനം പ്രമാണിച്ച് ഭർത്തൃസഹോദരന്റെ ഭാര്യയായ ഫൗസിയയ്ക്കൊപ്പം ആനൂർക്കാവിലെ വസ്ത്രശാലയിൽ നിന്ന് പുതുവസ്ത്രങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുഞ്ഞുമോൾ. സ്കൂട്ടറിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ശാസ്താംകോട്ട ഭാഗത്തുനിന്ന് പാഞ്ഞുവന്ന കാർ സ്കൂട്ട‌ർ ഇടിച്ചുവീഴ്ത്തി.

റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞുമോൾ ഇടിച്ചിട്ട കാറിന്റെ മുൻ ചക്രത്തിനു മുന്നിൽപ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവർ ഉച്ചത്തിൽ ബഹളം വച്ചെങ്കിലും അജ്മൽ കാർ പിന്നോട്ടെടുത്തശേഷം അമിത വേഗത്തിൽ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയശേഷം നിറുത്താതെ പോവുകയായിരുന്നു.

കാർ ആദ്യം രണ്ടു തവണ മുന്നോട്ടെടുത്തെങ്കിലും കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയില്ല. നിമിഷനേരത്തിനുള്ളിൽ മൂന്നാമത് വീണ്ടും പിന്നോട്ടെടുത്ത് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി ചീറിപ്പായുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ കുഞ്ഞുമോളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

സ്ഥലത്തുണ്ടായിരുന്നവർ പിന്തുടർന്നതോടെ അജ്മൽ കരുനാഗപ്പള്ളി കോടതിക്കു സമീപം കാർ ഉപേക്ഷിച്ച് മതിൽചാടിക്കടന്ന് രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ വനിതാഡോക്ടറെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ ശൂരനാട് പതാരത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്ന് അജ്മലിനെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.


Source link

Related Articles

Back to top button