ഹുലുൻബുയർ (ചൈന): ഹോക്കിയിൽ ഏഷ്യയുടെ രാജാവ് ഇന്ത്യ. ഏഷ്യൻ ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ആതിഥേയരായ ചൈനയെ 1-0നു കീഴടക്കി ഇന്ത്യ ട്രോഫി നിലനിർത്തി. 13 വർഷത്തെ പാരന്പര്യമുള്ള ചാന്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയുടെ അഞ്ചാമത്തെ കിരീടമാണിത്. സ്വന്തം കാണികളുടെ മുന്നിൽ കളിച്ച ചൈന ഇന്ത്യക്കെതിരേ ശക്തമായ പോരാട്ടമാണു കാഴ്ചവച്ചത്. ആദ്യ മൂന്നു ക്വാർട്ടറിലും ചൈനയുടെ പ്രതിരോധം ഭേദിക്കാൻ ഇന്ത്യക്കായില്ല. അവസാന ക്വാർട്ടറിൽ ഇന്ത്യ ആക്രമണം ശക്തമാക്കി. 51-ാം മിനിറ്റിൽ ജുഗ് രാജ് സിംഗ് ചൈനയുടെ പ്രതിരോധം പൊളിച്ച് വലകുലുക്കി. അഭിഷേക് നൽകിയ പാസിൽനിന്നാണു ഗോളെത്തിയത്.
മത്സരത്തിന്റെ ആദ്യ ക്വാർട്ടറിൽ ഇന്ത്യ ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. ഗോളെന്നുറച്ച ഇന്ത്യയുടെ രണ്ടു ശ്രമങ്ങൾ ചൈനീസ് ഗോൾകീപ്പർ രക്ഷപ്പെടുത്തി. രണ്ടാം ക്വാർട്ടറിലും ഇന്ത്യ ആധിപത്യം പുലർത്തി. മൂന്നാം ക്വാർട്ടറിൽ ചൈന തുടർച്ചയായി പെനാൽറ്റി കോർണറുകൾ നേടി ഇന്ത്യക്കു ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. എന്നാൽ അവസാന ക്വാർട്ടറിൽ ഇന്ത്യ കളിയിൽ ആധിപത്യം പിടിച്ചെടുത്ത് ആക്രമിച്ചു കളിച്ചു. ഏതു നിമിഷവും ഗോളെത്താമെന്ന നിലയിലേക്ക് ഇന്ത്യ മത്സരത്തെയെത്തിച്ചു. 51-ാം മിനിറ്റിൽ ഇന്ത്യൻ ആരാധ കർ കാത്തിരുന്ന ഗോളെത്തി.പാക്കിസ്ഥാൻ 5-2ന് ദക്ഷിണ കൊറിയയെ തോൽപ്പിച്ച് മൂന്നാം സ്ഥാനം നേടി.
Source link