യാങ്കോൺ: യാഗി സൂപ്പർ ചുഴലിക്കൊടുങ്കാറ്റ് മ്യാൻമറിലും കനത്ത നാശം വിതച്ചു. 226 പേർ മരിച്ചതായി മ്യാൻമർ അധികൃതർ അറിയിച്ചു. എൺപതിലധികം പേരെ കാണാതായി. വിയറ്റ്നാം, ലാവോസ്, തായ്ലൻഡ് എന്നിവിടങ്ങളിലും ഇതേ കാറ്റ് വൻ നാശത്തിനിടയാക്കിയിരുന്നു. മൊത്തം മരണസംഖ്യ അഞ്ഞൂറിനു മുകളിലാണ്. മ്യാൻമറിൽ കനത്ത മഴയോടനുബന്ധിച്ച് വ്യാപകമായി വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. ഒന്പത് സംസ്ഥാനങ്ങളിൽ നാശമുണ്ടായെന്ന് യുഎൻ അറിയിച്ചു. 6.3 ലക്ഷം പേർ കെടുതികൾ നേരിടുന്നു. റോഡുകൾ, പാലങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ തകർന്നത് രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിക്കുന്നു.
ഇതിനിടെ, മ്യാൻമറിലെ പട്ടാള ഭരണകൂടം അന്താരാഷ്ട്ര സമൂഹത്തോടു സഹായം അഭ്യർഥിച്ചു. ഇന്ത്യ മാത്രമാണ് പ്രതികരിച്ചത്. ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ തുടങ്ങിയവ ഇന്ത്യ അയച്ചു. നേരത്തേ യാഗി വീശിയ വിയറ്റ്നാമിൽ 292 പേർ മരിച്ചിരുന്നു. 38 പേരെ കണ്ടെത്താനുണ്ട്. 2.3 ലക്ഷം വീടുകൾക്കു കേടുപാടുണ്ടായി. 2.8 ലക്ഷം ഹെക്ടർ വിള നശിച്ചു. തായ്ലൻഡിലും ലാവോസിലും പത്തു പേർ മരിച്ചു.
Source link