നവകേരള ബസിന് അകമ്പടി പോയ വാഹനമിടിച്ച് യുവാവിന് പരിക്ക്; സംഭവം തൃശൂരിൽ

തൃശൂർ: മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് യുവാവിന് പരിക്ക്. മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിന് അകമ്പടി പോയ വാഹനമിടിച്ചാണ് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
തൃശൂർ ചേലക്കരയിലെ നവകേരള സദസ് കഴിഞ്ഞ് മന്ത്രിമാരുടെ സംഘം മടങ്ങുന്നതിനിടെയായിരുന്നു അപകടം നടന്നത്. ചെറുതുരുത്തി അത്തിക്ക പറമ്പ് സ്വദേശി അബ്‌ദുൽ റഷീദിനാണ് അപകടത്തിൽ പരിക്കേറ്റത്. പൈലറ്റ് വാഹനം ബൈക്കിൽ ഇടിച്ചതിനെത്തുടർന്ന് കുറച്ചുദൂരം മുന്നോട്ട് പോയതിനുശേഷം യുവാവ് വീഴുകയായിരുന്നു. അബ്‌ദുൾ റഷീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്ന് മുതൽ ഡിസംബർ ഏഴ് വരെയാണ് തൃശൂരിൽ നവകേരള സദസ് നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. ആദ്യ മൂന്ന് ദിനങ്ങളിൽ നാല് മണ്ഡലങ്ങളിലും ഡിസംബർ ഏഴിന് ഒരു മണ്ഡലത്തിലുമാണ് പര്യടനം നടത്തുക.
അത്താണി, തൃശൂർ കേന്ദ്രമായി രണ്ട് പ്രഭാത സദസുകൾ ഉൾപ്പെടെ 15 പരിപാടികളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുക. നാളെമുതൽ മണലൂർ, നാട്ടിക, ഒല്ലൂർ, തൃശൂർ, കൊടുങ്ങല്ലൂർ, കയ്പ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിൽ സദസ് നടക്കും. ഏഴിന് രാവിലെ 11ന് ചാലക്കുടി മണ്ഡലത്തിലാണ് സമാപന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Source link