KERALAM

എംഎം മണി ഉടക്കിയാൽ നവകേരളസദസ് അലമ്പാകുമെന്ന് ഭയം, വനംവകുപ്പ് ഉത്തരവ് സർക്കാർ മരവിപ്പിച്ചു

തിരുവനന്തപുരം; ഇടുക്കി ജില്ലയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് പാട്ടത്തിന് കൊടുത്തിരുന്നതും പാട്ടക്കാലാവധി അവസാനിച്ചതുമായ പ്രദേശം ‘ചിന്നക്കനാൽ റിസർവ്’ ആയി പ്രഖ്യാപിക്കാനുള്ള പ്രാഥമിക വിജ്ഞാപനം പ്രതിഷേധം ശക്തമായതോടെ സർക്കാർ മരവിപ്പിച്ചു.

ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ ഭൂമി ചിന്നക്കനാൽ റിസർവ് വനമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനത്തിന്റെ തുടർ നടപടികളാണ് മരവിപ്പിച്ചത്. ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം.

വിജ്ഞാപനത്തിൽ 301 കോളനി, സിങ്കകണ്ടം, സിമന്റ് പാലം, സൂര്യനെല്ലി സെറ്റിൽമെന്റ് എന്നിവ ഉൾപ്പെടുന്നതായി ആരോപണം ഉയർന്നിരുന്നു.സർക്കാർ നടപടിക്കെതിരെ ആദ്യം കോൺഗ്രസും പിന്നാലെ എം.എം. മണി എം.എൽ.എയും പരസ്യമായി രംഗത്തെത്തിയിരുന്നു. നവകേരള യാത്ര എത്തുമ്പോൾ പ്രതിഷേധം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് തീരുമാനം.

ചിന്നക്കനാൽ റിസർവായി പ്രഖ്യാപിക്കുന്നതിന് ഇടുക്കി ജില്ലയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് പാട്ടത്തിന് കൊടുത്തിരുന്നതും പാട്ടക്കാലാവധി അവസാനിച്ചതുമായ പ്രദേശം മാത്രമേ ഉൾപ്പെട്ടിട്ടുള്ളുവെന്നാണ് വനം വകുപ്പ് ആവർത്തിക്കുന്നത്.

2023 ആഗസ്റ്റിൽ പാസാക്കിയ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമം പ്രകാരം 1996 ഡിസംബർ 12ന് മുൻപ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള വനഭൂമി വന സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല.ചിന്നക്കനാൽ പ്രദേശത്തെ വനഭൂമി ഈ തീയതിക്ക് മുൻപ് വനേതര ആവശ്യങ്ങളായി ഉപയോഗിച്ചിട്ടില്ലെന്നും വനം വകുപ്പ് പറയുന്നു. കേന്ദ്ര മാർഗരേഖ വന്നാലും സെറ്റിൽമെന്റ് ഓഫീസറെ നിയമിച്ച് പ്രശ്നങ്ങൾ പരിഹരിക്കും. വനം ആസ്ഥാനത്തു നിന്ന് ജില്ലാ കളക്ടർക്ക് അയച്ചെന്ന് പറയുന്ന കത്തിൽ തുടർ നടപടികൾ ആവശ്യമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.


Source link

Related Articles

Back to top button