തൃശൂര്‍: സ്ഥലം എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസമാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 411 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചത്. റെയില്‍വേ സ്റ്റേഷന്‍ അമൃത് സ്റ്റേഷനുകളുടെ ഭാഗമാക്കി ടെര്‍മിനല്‍ രാജ്യാന്തര നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുന്നതിനും 25 വര്‍ഷത്തെ വികസനം മുന്നില്‍ക്കണ്ടുള്ളതുമാണ് പദ്ധതി. എന്നാല്‍ തൃശൂരിന് ലഭിച്ചിരിക്കുന്ന ഈ പദ്ധതിയില്‍ സ്ഥലം എംപിക്ക് യാതൊരു ക്രെഡിറ്റിനും അര്‍ഹതയില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം.
തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ വികസന പദ്ധതികള്‍ ആറ് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍മാണ ഉദ്ഘാടനം നടത്തിയതാണ്. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്റെയും ഗുരുവായൂര്‍ അമൃത് സ്‌റ്റേഷന്റെയും രാജ്യാന്തര നിലവാരത്തിലുള്ള പുനര്‍നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരി 26ന് പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. രാജ്യത്തെ വിവിധ റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കുന്ന പദ്ധതിയില്‍, ടി.എന്‍. പ്രതാപന്‍ എം.പിയായിരുന്ന കാലത്താണ് തൃശൂര്‍, ഗുരുവായൂര്‍ സ്‌റ്റേഷനുകളുടെ നവീകരണ ഉദ്ഘാടനം നടന്നത്.
2020ല്‍ അന്നത്തെ തൃശൂര്‍ എംപി ടിഎന്‍ പ്രതാപനാണ് റെയില്‍വേ ബോര്‍ഡ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ സമഗ്ര വികസനത്തിന് പദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ വിമാനത്താവള മാതൃകയിലുള്ള നവീകരണ പദ്ധതിയുടെ വിശദാംശങ്ങളും പിന്നീട് വിളിച്ച അവലോകന യോഗത്തില്‍ ടിഎന്‍ പ്രതാപന്‍ പുറത്ത് വിട്ടിരുന്നു. ഗുരുവായൂര്‍ അമൃത് സ്‌റ്റേഷന്‍ പദ്ധതിയില്‍ നവീകരിക്കാന്‍ 5.11 കോടി രൂപയാണ് അനുവദിച്ചത്.
Source link