കൊച്ചി: സുരേഷ് ഗോപി, മോഹൻലാൽ തുടങ്ങിയ നടന്മാർ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും പ്രകോപിതരാവുകയാണെന്നും നടി കസ്‌തൂരി. ഇത് കൂടുതൽ സംശയത്തിനിടയാക്കുന്നു. മോഹൻലാൽ അനേകം സിനിമകളിൽ അഭിനയിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ പക്കൽ എന്തുകൊണ്ട് ഉത്തരങ്ങളില്ലെന്നും നടി ചോദിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘നിരവധി താരങ്ങളോടൊപ്പം അഭിനയിച്ച വ്യക്തിയാണ് മോഹൻലാൽ. എന്റെ സിനിമയിൽ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടന്നിട്ടില്ലെന്ന് എന്തുകൊണ്ട് അദ്ദേഹം പറയുന്നില്ല? എല്ലാ സ്‌ത്രീകൾക്ക് വേണ്ടിയും നിലകൊള്ളേണ്ട ചുമതല അദ്ദേഹത്തിനുണ്ട്. ചൂഷണം ചെയ്തവരെ എനിക്കറിയാമെന്ന് എന്തുകൊണ്ട് അദ്ദേഹം പറയുന്നില്ല?
അമ്മ പിരിച്ചുവിട്ട് എല്ലാവരും പോയി. ആരോപണങ്ങൾ തെറ്റാണെങ്കിൽ അതിനെതിരെ പോരാടണം. എന്തുകൊണ്ട് അവർ അത് ചെയ്യുന്നില്ല? സുരേഷ് ഗോപിയോടും ഇതുതന്നെയാണ് ചോദിക്കാനുള്ളത്. അദ്ദേഹം കേന്ദ്രമന്ത്രിയാണ്. അദ്ദേഹം ഒരു നടൻ മാത്രമല്ല. ഷൂട്ടിംഗ് കഴിഞ്ഞ് വന്നാൽ ചോദിക്കൂ, വീട്ടിൽ നിന്ന് വരുമ്പോൾ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കരുതെന്ന് പറയാനാവില്ല. നിങ്ങളെ ജയിപ്പിച്ച വോട്ടർമാരോട് ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ഉത്തരവാദിത്തമുണ്ട്. ഇത് വലിയ സീരിയസായ പ്രശ്‌നമാണ്.
പുരുഷന്മാർ ഇത്തരം ചോദ്യങ്ങളെ അവഗണിച്ചാൽ അവർ തെറ്റുകാരാണെന്നേ തോന്നുകയുള്ളൂ. അവർ തെറ്റുകാരല്ലെങ്കിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകതന്നെ ചെയ്യണം. ചോദ്യങ്ങൾ ഒഴിവാക്കരുതെന്ന് മോഹൻലാലിനോടുള്ള എന്റെ അപേക്ഷയാണ്.
ഹേമ കമ്മിറ്റിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള പ്രശ്‌നങ്ങൾ മുൻപ് മാഗസിനുകളിലും മറ്റും ഗോസിപ്പുകളുടെ രൂപത്തിൽ വന്നിട്ടുള്ളവയാണ്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ഔദ്യോഗികമായ രേഖയാണ്. അതിൽ നടപടിയെടുക്കാൻ സാധിക്കും. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞാൻ പൂർണമായും തൃപ്‌തയല്ല. അതിൽ ശക്തമായ തെളിവുകളോ പേരുകളോ പരാമർശിച്ചിട്ടില്ല.
മലയാളത്തിൽ വലിയ നടന്മാരുടെ കൂടെ ചില നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ അവസാനമായി ചെയ്ത സിനിമ എനിക്ക് ദുഃസ്വപ്‌നം പോലെയാണ്. പ്രൊഡക്ഷൻ മാനേജർ മോശമായി പെരുമാറി. കൃത്യമായ പേയ്‌മെന്റും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ രണ്ടുദിവസം കഴിഞ്ഞപ്പോൾ ഞാൻ മടങ്ങിപ്പോയി. മോശം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ അപ്പോൾ തന്നെ ചെരിപ്പൂരി അടിക്കണമെന്നൊക്കെ ചിലർ പറയും, എന്നാൽ അങ്ങനെയൊന്നും ചെയ്യാൻ സാധിക്കില്ല.
മുകേഷിനെതിരെയുള്ള ആരോപണങ്ങൾ ശരിയാണോ അല്ലയോ എന്നറിയില്ല. എന്നിരുന്നാലും അദ്ദേഹം രാജിവയ്ക്കണം. അല്ലെങ്കിലത് സർക്കാരിന് നാണക്കേടാണ്. അന്വേഷണം അവസാനിക്കുന്നതുവരെ അദ്ദേഹം മാറിനിൽക്കണം.
ചിലർക്ക് മോശം അനുഭവങ്ങൾ ഉണ്ടായതിനാൽ എല്ലാവരും മോശക്കാരാണെന്ന് പറയാൻ സാധിക്കില്ല. ഏത് സിനിമയിലാണ് മോശം അനുഭവമുണ്ടായതെന്ന് എനിക്ക് പറയാൻ കഴിയും. പൊലീസ് നടപടി സ്വീകരിക്കുകയാണെങ്കിൽ തീർച്ചയായും വെളിപ്പെടുത്തും. ആളുകൾ ഈ മേഖലയിൽ അവരുടെ മനോഭാവം മാറ്റേണ്ടതുണ്ട് എന്നാണ് പറയാനുള്ളത്’- കസ്‌തൂരി വ്യക്തമാക്കി.
Source link