സുരേഷ് ഗോപി നായകനായി നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇൗമാസം മലേഷ്യയിൽ ആരംഭിക്കും. ആറുദിവസത്തെ ചിത്രീകരണമാണ് മലേഷ്യയിൽ പ്ളാൻ ചെയ്യുന്നത്. സുരേഷ് ഗോപി പങ്കെടുക്കുന്ന രംഗങ്ങൾ ഇവിടെ ചിത്രീകരിക്കും. ഇൗ ചിത്രീകരണത്തിനുശേഷം സുരേഷ് ഗോപി താടി എടുക്കും.
കഥാപാത്രത്തിന് വേണ്ടിയാണ് സുരേഷ് ഗോപി താടി വളർത്തുന്നത്. ഒറ്റക്കൊമ്പന്റെ തുടർ ചിത്രീകരണം ഇൗരാറ്റുപേട്ടയിലാണ്. തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയെ നായികയായി നേരത്തേ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ഡേറ്റ് ക്ളാഷിനെ തുടർന്ന് അനുഷ്ക പിൻമാറി. ബോളിവുഡിൽ നിന്ന മറ്റൊരു നായികയെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ. മറ്റു താരങ്ങളുടെ നിർണയവും പൂർത്തിയാകാനുണ്ട്. ഇതിന് ശേഷമേ ഇൗരാറ്റുപേട്ടയിൽ ചിത്രീകരണം ആരംഭിക്കൂ. പാലാക്കാരൻ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപി ഒറ്റക്കൊമ്പനിൽ എത്തുന്നത്. സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമായാണ് ഒറ്റക്കൊമ്പൻ ഒരുങ്ങുന്നത്. നേരത്തെ പ്രഖ്യാപിച്ചതും എന്നാൽ പല കാരണങ്ങളാൽ നീണ്ടുപോകുകയും ചെയ്ത ചിത്രമാണ് ഒറ്റക്കൊമ്പൻ. ഷിബിൻ ഫ്രാൻസിസ് രചന നിർവഹിക്കുന്നു. ഷാജികുമാർ ആണ് ഛായാഗ്രഹണം . സംഗീത സംവിധാനം ഹർഷവർദ്ധൻ രാമേശ്വർ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാണം. തൊണ്ണൂറ് ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്.
Source link