ആദ്യം കൂവല്‍…പിന്നെ നിലയ്ക്കാത്ത കയ്യടി; വില്ലനിൽ നിന്നും സൂപ്പർഹിറോയായി മാറിയ ടൊവിനോ
ടൊവിനോ എന്ന ഇരിങ്ങാലക്കുടക്കാരനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യം വരുന്നത് ആരെയും മയക്കുന്ന ആ ചിരിയാണ്. എല്ലാത്തരം പ്രേക്ഷകരെയും വശീകരിച്ചു കൊണ്ട് ആ ചിരി വിജയകരമായ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. അതും ഒരു വിസ്മയ വിജയവുമായി. ഈ വിജയം മലയാള സിനിമയെ സംബന്ധിച്ച് ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. കാരണം സമീപകാല വിവാദങ്ങള്‍ മലയാള സിനിമയെ തകര്‍ക്കുമെന്നും ആളുകള്‍ തിയറ്ററില്‍ കാണി സിനിമ കാണുന്ന പതിവ് തന്നെ അവസാനിപ്പിക്കുമെന്നും പരിതപിക്കപ്പെടുന്ന കാലത്താണ് ടൊവിനോ ഒരു വന്‍ഹിറ്റുമായി എത്തുന്നത്.
അധികമെങ്ങും പരാമര്‍ശിക്കപ്പെടാത്ത ഒന്നാണ് അദ്ദേഹത്തിന്റെ ഭൂതകാലം. അഭിഭാഷകനായ ഇല്ലിക്കല്‍ തോമസിന്റെയും ഷീലാ തോമസിന്റെയു മകനായി ജനിച്ച ടൊവിനോ വീട്ടിലെ ഇളയകുട്ടിയായിരുന്നു. വീട്ടില്‍ എല്ലാവര്‍ക്കും സിനിമകള്‍ കാണാനിഷ്ടമായിരുന്നു. ക്ലാസ് അവസാനിക്കുന്ന വെളളിയാഴ്ചകളില്‍ അച്ഛന്‍ ഏതെങ്കിലും സിനിമയുടെ വിഡിയോ കാസറ്റുമായി വരും. വീട്ടില്‍ അന്ന് ഒരു വിസിപിയുണ്ട്. എല്ലാവരും ചേര്‍ന്നിരുന്ന് ആ സിനിമ കാണും. പിറ്റേന്ന് ടൊവിനോയും ജ്യേഷ്ഠനും കൂടി ആ പടം ഒന്നു കൂടി കാണും. ഞായറാഴ്ച ദൂരദര്‍ശനില്‍ വരുന്ന സിനിമയും മുടങ്ങാതെ കാണും. സിനിമകള്‍ കാണാനിഷ്ടമാണ് എന്നതിനപ്പുറം അഭിനയിക്കാന്‍ കഴിയുമെന്ന വിശ്വാസം അക്കാലത്ത് വിദൂരമായി പോലും ഉണ്ടായിരുന്നില്ല. പ്ലസ് ടു വിദ്യാർഥിയായിരിക്കെ കൂട്ടുകാരുടെ നിര്‍ബന്ധത്തില്‍ ഒരു ചരിത്ര നാടകത്തില്‍ കാട്ടാളന്റെ വേഷത്തില്‍ അഭിനയിക്കാനായി സ്‌റ്റേജില്‍ കയറി. കൂവലിന്റെ ശക്തിമൂലം പാതിവഴിക്ക് കര്‍ട്ടനിട്ട് സ്‌റ്റേജില്‍ നിന്നിറങ്ങിപ്പോരേണ്ടി വന്നു.
അന്തര്‍മുഖന്‍ എനര്‍ജറ്റിക്കായപ്പോള്‍..
അന്തര്‍മുഖനായിരുന്നു അടുപ്പക്കാര്‍ ടൊവി എന്ന് വിളിക്കുന്ന ടൊവിനോ. 12-ാം വയസില്‍ കിഡ്‌നി സ്‌റ്റോണ്‍ ബാധിച്ച് ചികിത്സാർഥം മാസങ്ങളോളം ഹോസ്പിറ്റല്‍ മുറിയില്‍ കഴിയുന്ന കാലത്ത് ഇന്നത്തെ പോലെ മൊബൈല്‍ ഒന്നും ഉണ്ടായിരുന്നില്ല. ഏകാന്തത അകറ്റാന്‍ വായിച്ച പുസ്തകങ്ങള്‍ ടൊവിയുടെ മനസിലേക്ക് ഭാവനയുടെ ഒരു ലോകം തുറന്നിട്ടു. ധാരാളം കഥാപാത്രങ്ങളെ അദ്ദേഹം സ്വപ്നം കണ്ടു. മനസില്‍ രൂപഭാവങ്ങള്‍ നല്‍കി.ആ ഘട്ടത്തില്‍ അദ്ദേഹം സ്വയം വിശകലനം ചെയ്തു നോക്കി. ചില തിരിച്ചറിവുകള്‍ മനസ് അദ്ദേഹത്തിന് നല്‍കി. താന്‍ ഇനി പഴയതു പോലെ ഒതുങ്ങിക്കൂടി നടന്നിട്ട് കാര്യമില്ല. ജീവിതത്തില്‍ മുന്നേറാന്‍ കൂടുതല്‍ എനര്‍ജറ്റിക്കാവേണ്ടതുണ്ട്.
സ്‌കൂളില്‍ മടങ്ങിയെത്തിയ ടൊവി ആളാകെ മാറി. അസിസ്റ്റന്റ് സ്‌കൂള്‍ ലീഡററായി ആദ്യമുന്നേറ്റം. പിന്നീട് മൂന്ന് തവണ സ്‌കൂള്‍ ലീഡറും സ്‌പോര്‍ട്‌സ് ചാമ്പ്യനുമായി.ആ മാറ്റം തന്നെ പോലും അദ്ഭുതപ്പെടുത്തിയെന്ന് ഒരു അഭിമുഖത്തില്‍ ടൊവി തുറന്ന് പറഞ്ഞു. സെന്റ് മേരീസ് സ്‌കൂളില്‍ നിന്നും പ്രീഡിഗ്രി കഴിഞ്ഞ ടൊവി തനിക്ക് ജിമ്മില്‍ പോകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ ഏതും ആദ്യം എതിര്‍ക്കുന്ന അച്ഛന്‍ അനുവാദം നല്‍കിയില്ല. ടൊവി വാശി പിടിച്ച് കരഞ്ഞപ്പോള്‍ അദ്ദേഹം സമ്മതം മൂളി. ജിമ്മില്‍ പരിശീലനം നേടിയ ടൊവി ബോഡി ബില്‍ഡിങില്‍ കാര്യമായ ശ്രദ്ധ ചെലുത്തി. വളരെ ചെറുപ്രായത്തില്‍ തന്നെ മിസ്റ്റര്‍ തൃശൂര്‍ പട്ടവും സ്വന്തമാക്കി. ഇതിനിടയില്‍ മോഡലിങും തകൃതിയായി നടന്നു.
കോയമ്പത്തുരില്‍ എന്‍ജിനീയറിങ് പഠനകാലത്തും ടൊവിയുടെ മനസ് നിറയെ സെലിബ്രിറ്റി ലൈഫിനെക്കുറിച്ചുളള സ്വപ്നങ്ങളായിരുന്നു. മിസ്റ്റര്‍ യുണിവേഴ്‌സിറ്റി പട്ടവും നേടിയാണ് കോളജില്‍ നിന്നും പുറത്തിറങ്ങിയത്. എന്തായാലും ക്യാംപസ് സിലക്ഷന്‍ വഴി ജോലി കിട്ടിയതോടെ ജീവിതം സുരക്ഷിതമായെന്ന് മറ്റുളളവര്‍ കരുതി. പക്ഷേ ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി അവസാനിപ്പിക്കാനുളളതല്ല തന്റെ ജീവിതം എന്ന തിരിച്ചറിവില്‍ അദ്ദേഹം അസ്വസ്ഥനായി. അച്ഛനുമായി ചേര്‍ന്ന് വിപുലമായ അടിസ്ഥാനത്തില്‍ കൃഷിയിലേക്ക് ഇറങ്ങിയാലോ എന്ന് വരെ ആലോചിക്കുന്നതിനിടയിലാണ് പ്രണയത്തിലകപ്പെടുന്നത്. കാമുകിയും ഭാര്യയുമായ ലിഡിയയാണ് ടൊവിയില്‍ ഒരു നടനുണ്ടെന്ന് കണ്ടെത്തുന്നത്.
ഒരു സിനിമയില്‍ വേഷം ഉറപ്പായപ്പോള്‍ ജോലി രാജിവച്ച് സിനിമയിലേക്കിറങ്ങുന്ന കാര്യം അച്ഛനോട് സൂചിപ്പിച്ചു. എന്നാല്‍ അദ്ദേഹം അത് സമ്മതിച്ചില്ല. ടൊവി കഴിയാവുന്ന വിധത്തിലെല്ലാം വാദിച്ചു നോക്കി. വക്കീലായ അപ്പനെ വാദത്തില്‍ ജയിച്ച് ടൊവി സമ്മതം നേടിയെടുത്തു. ഒരു വര്‍ഷത്തെ സമയം മാത്രമാണ് അദ്ദേഹം അനുവദിച്ചത്. അതിനുളളില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും ജോലിക്ക് പൊയ്‌ക്കൊളളാമെന്ന ഉറപ്പിലായിരുന്നു അച്ഛന്റെ യേസ്. ടൊവി അതും സമ്മതിച്ചു. ജോലി രാജിവച്ച് ചെന്നപ്പോള്‍ ഓഫര്‍ ചെയ്ത വേഷം കൈവിട്ടു പോയി.ആരും തകര്‍ന്നു പോയേക്കാവുന്ന ആ മാനസികാവസ്ഥയിലും ആത്മധൈര്യം കൈവിടാതെ ഹ്രസ്വചിത്രങ്ങള്‍ ചെയ്തു.
ഒരു ടൊവിനോ അപാരത
ഒരുപാട് സിനിമകളുടെ ഓഡീഷന് പോയി. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ലെവലിലുളള വേഷങ്ങള്‍ക്ക് പോലും ശ്രമം തുടര്‍ന്നു. ജാഥയ്ക്ക് കൊടി പിടിക്കുന്ന റോളുകളില്‍ പോലം പ്രത്യക്ഷപ്പെടാന്‍ മടിച്ചില്ല. തുടക്കത്തില്‍ എല്ലാവരും നേരിട്ടതു പോലെ പരിഹാസവാക്കുകളും മടുപ്പിക്കുന്ന കമന്റുകളും നേരിടേണ്ടി വന്നു. മലയാള സിനിമയ്ക്ക് പറ്റിയ മുഖമല്ലെന്ന് വരെ പറഞ്ഞ് ഒഴിവാക്കിയവരുണ്ട്. അതിലൊന്നും തളര്‍ന്നില്ല. കാരണം ഇനി സിനിമയല്ലാതെ മറ്റൊരു മാര്‍ഗം മുന്നിലില്ല. അങ്ങനെ ഏറെ നാളത്തെ പ്രയത്‌നത്തിന് ശേഷം പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയില്‍ ചെഗുവേര സുരേന്ദ്രന്‍ എന്ന ഒരു വേഷം കിട്ടി.
ആഗസ്റ്റ് ക്ലബ്ബ് എന്ന പടത്തിലും അഭിനയിച്ചു. അതൊന്നും വഴിത്തിവിവായില്ല. ഇതിനിടയില്‍ തീവ്രം എന്ന സിനിമയില്‍ സംവിധായകന്‍ രൂപേഷ് പീതാംബരന്റെ സഹായിയായി ജോലി ചെയ്തു. സിനിമയുടെ സാങ്കേതിക വശങ്ങള്‍ കൂടുതല്‍ അടുത്തറിയാന്‍ ഈ അവസരം മൂലം സാധിച്ചു. ആ സിനിമയുടെ സെറ്റില്‍ വച്ച് മാര്‍ട്ടിന്‍ പ്രക്കാട്ടുമായി പരിചയപ്പെട്ടു. അത് ടൊവിയുടെ ജീവിതം മാറ്റി മറിച്ചു.മാര്‍ട്ടിന്‍ ദുല്‍ഖറിനെ നായകനാക്കി ഒരുക്കുന്ന എബിസിഡി എന്ന ചിത്രത്തിലെ പ്രധാന വില്ലനാകാന്‍ ഓഫര്‍. ഒരു രാഷ്ട്രീയക്കാരന്റെ റോളായിരുന്നു ആ സിനിമയില്‍ എബിസിഡി യിലെ അഖിലേഷ് വര്‍മ്മ ടൊവിനോ എന്ന നടന്റെ വരവ് അറിയിച്ചു. പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ലഭിച്ചു.
സെവന്‍ത് ഡേയിലെ വേഷം നന്നായെന്ന് പലരും പറഞ്ഞു. അവിടെ വച്ചുണ്ടായ സൗഹൃദത്തിന്റെ പേരില്‍ എന്ന് സ്വന്തം മൊയ്തീനിലേക്ക് പൃഥ്വിരാജ് ടൊവിയെ റെക്കമന്‍ഡ് ചെയ്തു. മൊയ്തീനിലെ അപ്പുവേട്ടന്‍, ഗപ്പിയിലെ തേജസ് വര്‍ക്കി, ഒരു മെക്‌സിക്കന്‍ അപാരതയിലെ പോള്‍…വ്യത്യസ്ത വേഷങ്ങളുടെ കുത്തൊഴുക്കായി പിന്നീട്. ഗപ്പി തിയറ്ററില്‍ പരാജയപ്പെട്ടെങ്കിലും ഇന്റര്‍നെറ്റില്‍ വന്‍ഹിറ്റായി. മെക്‌സിക്കന്‍ അപാരതയോടെ പരാജയങ്ങള്‍ ഓര്‍മയായി. ലൂസിഫറിലെ ക്യാരക്ടര്‍ റോളില്‍ ശരിക്കും മിന്നിത്തിളങ്ങി. മെക്‌സിക്കന്‍ അപാരതയുടെ വിജയം നായകന്‍ എന്ന നിലയില്‍ ടൊവിയുടെ വരവ് അറിയിച്ചു. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദയിലെ ഹീറോ വേഷം ടൊവിനോയ്ക്ക് താരമൂല്യമുളള നടനിലേക്കുളള പാലമായി. തിയറ്ററില്‍ വന്‍വിജയം കൈവരിച്ച ഗോദ മികച്ച സിനിമയെന്ന ഖ്യാതി നേടി. ടൊവിനോയുടെ പ്രകടനവും നന്നായി ശ്രദ്ധിക്കപ്പെട്ടു.
മഹാനദിയിലെ മാത്തന്‍ ടൊവിയിലെ റൊമാന്റിക് ഹീറോയുടെ വിശുദ്ധഭാവങ്ങള്‍ പ്രേക്ഷകനിലേക്ക് എത്തിച്ചു. ആമിയില്‍ മഞ്ജു വാരിയരെ പോലെ സീനിയറായ നായികയ്‌ക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ട ടൊവി തന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തി. ഇടക്കാട് ബറ്റാലിയനും ഫോറന്‍സിക്കും കൂടി എത്തിയതോടെ നായകന്‍ എന്ന നിലയില്‍ സര്‍വസ്വീകാര്യതയുളള നടനായി അംഗീകരിക്കപ്പെട്ടു. പക്വമായ ഭാവഹാവാദികളാണ് ഇതര നായകനടന്‍മാരില്‍ നിന്നും ടൊവിയെ വേറിട്ട് നിര്‍ത്തുന്നത്. മിതത്വത്തിന്റെ ഭംഗിയുളള അനായാസമായ അഭിനയം.
പ്രളയകാലത്ത് ചാക്ക് ചുമന്ന നടന്‍
പാരമ്പര്യ വഴികളുടെ പിന്‍ബലത്തില്‍ നായകപദവി പിടിച്ചെടുക്കുന്ന ഹീറോസിനിടയില്‍ ഒരു മേല്‍വിലാസവുമില്ലാതെ നിരന്തര പോരാട്ടത്തിലൂടെ ശരിക്കും പൊരുതിക്കയറി വന്ന നടനാണ് ടൊവിനോ. ഒരു സിനിമാതാരത്തിന്റെ പരിവേഷങ്ങള്‍ മാറ്റി വച്ച് പെരുമാറുന്ന പച്ചയായ മനുഷ്യന്‍. പ്രളയം അടക്കമുളള പ്രകൃതി ദുരന്തങ്ങള്‍ കേരളത്തെ വിറപ്പിച്ചപ്പോള്‍ ഒരു ബര്‍മുഡയും ധരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി. ചാക്കുകെട്ടുകള്‍ സ്വന്തം തലയില്‍ ചുമക്കുന്ന ടൊവിനോയെ കണ്ട് ചിലര്‍ ഇതൊക്കെ സിനിമയുടെ പ്രമോഷനല്ലേയെന്ന് പരിഹസിച്ചു. പ്രതികരണം ചോദിച്ച മാധ്യമങ്ങള്‍ക്ക് ടൊവിനോ നല്‍കിയ മറുപടി വല്ലാത്ത മൂര്‍ച്ചയുളളതായിരുന്നു. ഗാന്ധിജിയെ വെടിവച്ച് കൊന്ന നാടല്ലേ നമ്മുടേത്…
ആരെയും ബോധ്യപ്പെടുത്താനായി കാപട്യത്തോടെ പെരുമാറുന്നയാളല്ല ടൊവിയെന്ന് അടുപ്പക്കാര്‍ക്ക് അറിയാം. തനിക്ക് ശരിയെന്ന് തോന്നുന്നത് ആരുടെ മുന്നിലും തന്റേടത്തോടെ വിളിച്ചു പറയുന്ന മനുഷ്യന്‍. അതുകൊണ്ട് തന്നെ ചില വിവാദങ്ങളിലും ചെന്നുപെട്ടിട്ടുണ്ട്. ഒരു സിനിമയുടെ വിജയാഘോഷത്തിനിടെ ദേഹത്ത് പിച്ചിയ ആളെ ചീത്ത വിളിച്ച ടൊവിനോ, ദേഹോപദ്രവം ഏല്‍പ്പിച്ചയാളോട് നേര്‍ക്കു നേര്‍ നിന്ന് പ്രതികരിച്ചതിന്റെ പേരില്‍ വിവാദത്തില്‍ പെട്ടു. ടൊവിനോയുടെ പേരില്‍ മറ്റുളളവര്‍ സൃഷ്ടിക്കുന്ന വിവാദങ്ങളില്‍ പതറുന്ന കൂട്ടത്തിലല്ല അദ്ദേഹം.
‘‘ഞാന്‍ പറഞ്ഞതിനേ എനിക്ക് ഉത്തരവാദിത്തമുളളു…നിങ്ങള്‍ കേട്ടതിന് എനിക്കില്ല’’ എന്ന് ഉറക്കെ പറയാന്‍ ആര്‍ജ്ജവം കാണിച്ച ടൊവിനോ സിനിമയില്‍ അപൂര്‍വമായ സ്‌ട്രെയിറ്റ് ഫോര്‍വേഡ് നേച്ചറിന് ഉദാഹരണമാണ്. മാനന്തവാടിയിലെ ഒരു കോളജില്‍ ജനാധിപത്യത്തെക്കുറിച്ച് ഗൗരവമായി സംസാരിക്കുന്നതിനിടയില്‍ കൂവിയ വിദ്യാർഥിയെ സ്‌റ്റേജിലേക്ക് വിളിച്ച് മൈക്കിലൂടെ കൂവിച്ച ധീരതയും ടൊവിനോക്ക് സ്വന്തം.
സിനിമയില്ലെങ്കില്‍ പറമ്പില്‍ കിളച്ച് ജീവിക്കുമെന്ന് താന്‍ പരസ്യപ്രസ്താവന ചെയ്തു എന്ന തെറ്റിദ്ധാരണാ ജനകമായ തലക്കെട്ട് കൊടുത്ത ഒരു ചാനലിനോടു കുറച്ചെങ്കിലും ഉളുപ്പ് വേണ്ടേ…ഷെയിം ഓണ്‍ യൂ…എന്ന് സധൈര്യം പ്രതികരിക്കുമ്പോള്‍ ഭവിഷ്യത്തുക്കളെയല്ല സ്വന്തം ആത്മാഭിമാനത്തെയാണ് ടൊവിനോ മാനിച്ചത്. ഡബ്ലൂസിസി- അമ്മ പോരാട്ടത്തിലും വ്യത്യസ്തമായ നിലപാടായിരുന്നു ടൊവിനോയ്ക്ക്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും പീഡിപ്പിക്കപ്പെടുന്നുണ്ട് എന്ന് തുറന്നടിച്ച ടൊവി സെക്‌സ് ഈസ് നോട്ട് ഒരു പ്രോമിസ് എന്ന് പറഞ്ഞ നായികയോടുളള പ്രതികരണം ആരാഞ്ഞ പത്രക്കാരോട് അങ്ങനെ പുരുഷന്‍മാര്‍ പറഞ്ഞാലോയെന്ന് തിരിച്ചു ചോദിച്ചു.
മിന്നല്‍ ടൊവിനോ
സിനിമയെയും ജീവിതത്തെയും ഗൗരവത്തോടെ കാണുന്ന ടൊവിനോ എത്ര തിരക്കിനിടയിലും വായനയ്ക്കായി സമയം കണ്ടെത്തുന്നു. ഖസാക്കിന്റെ ഇതിഹാസം പ്രിയപുസ്തകമായി മനസില്‍ സൂക്ഷിക്കുന്ന അദ്ദേഹം മലയാള സാഹിത്യത്തിലെ കരുത്തുന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ മോഹിക്കുന്നു. എന്നാല്‍ ടൊവിനോയെ സൂപ്പര്‍താരമാക്കിയത് മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ മൂവിയാണ്. ഒടിടി റിലീസായി വന്ന ഈ ചിത്രം ആഗോള തലത്തില്‍ സ്വീകാര്യതയുളള നായകനാക്കി മാറ്റി. പ്രളയം പ്രമേയമായ 2018 കൂടി മെഗാഹിറ്റായതോടെ ടൊവിയുടെ താരമൂല്യം ഗണ്യമായി ഉയര്‍ന്നു. പിന്നാലെ എത്തിയ ആക്ഷന്‍ ചിത്രമായ തല്ലുമാലയിലും ടൊവിനോ എന്ന സൂപ്പര്‍ഹീറോ കസറി. പ്രണയവും ഹ്യുമറും ഫൈറ്റും സെന്റിമെന്റ്‌സും ഏതും വഴങ്ങുന്ന നായകന്‍.
ഇപ്പോള്‍ എല്ലാ കണക്കുകൂട്ടലുകളും അട്ടിമറിച്ചു കൊണ്ട് മറ്റൊരു ഗംഭീര ഹിറ്റിന് നായകത്വം നല്‍കിയിരിക്കുകയാണ് ടൊവി. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ആളുകള്‍ ഇനി തിയറ്ററുകളിലെത്തുമോയെന്ന് സംശയിച്ചു നില്‍ക്കെ, ഇതിനിടയില്‍ വന്ന പല സിനിമകളും മൂക്കുകുത്തി വീണ സന്ദര്‍ഭത്തില്‍ റിലീസായ ചിത്രമാണ് ടൊവിനോയുടെ അജയന്റെ രണ്ടാം മോഷണം. എആര്‍എം എന്ന ചുരുക്കപ്പേരില്‍ പുറത്തു വന്ന ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഇതിനെയെല്ലാം കാലം കരുതി വച്ച നിയോഗങ്ങളായി കാണുന്ന ടൊവിനോ ആരെയും കൂസാത്ത അതേ സമയം എല്ലാവരോടും വിനയാന്വിതമായി ഇടപെടുന്ന നായകനാണ്.
എന്നും കരുത്തായി ജീവിതസഖി
കരുത്തിന്റെ പ്രതീകമായി കരുതപ്പെടുന്ന ഈ മനുഷ്യന്റെ മനസിലെ ആര്‍ദ്രഭാവങ്ങളും പ്രണയവും ആദ്യമായി കണ്ടെത്തിയതും പുറത്തെടുത്തതും പിന്നീട് ജീവിതസഖിയായി മാറിയ കാമുകി ലിഡിയയാണ്. പ്ലസ് ടു കാലത്താണ് ടൊവി ലിഡിയയെ കണ്ടെത്തുന്നത്. തന്നില്‍ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാതിരുന്ന കാലത്ത് ഒന്നും മോഹിക്കാതെ അവള്‍ നല്‍കിയ സ്‌നേഹമായിരുന്നു ജീവിതയാത്രയിലുടനീളം ഈ മനുഷ്യന്റെ കരുത്ത്. ഉളള പണി ഉപേക്ഷിച്ച് അനിശ്ചിതത്വം നിറഞ്ഞ സിനിമയിലേക്കിറങ്ങി അവിടെ ഒന്നുമാകാന്‍ കഴിയാതെ നിരാശപ്പെട്ടിരുന്ന സന്ദര്‍ഭത്തില്‍ എല്ലാവരും കുറ്റപ്പെടുത്തിയപ്പോഴും ലിഡിയ ടൊവിക്ക് ധൈര്യം കൊടുത്തു. ഒരിക്കല്‍ പ്രതീക്ഷിക്കാത്ത ഉയരങ്ങളിലെത്തുമെന്നും അതിന് ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്നുമായിരുന്നു ലിഡിയയുടെ വാക്ക്.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഇരുവരും സയന്‍സ് ഗ്രൂപ്പായിരുന്നെങ്കിലും രണ്ട് ഡിവിഷനിലായിരുന്നു. സെക്കന്‍ഡ് ലാംഗ്വേജ് മലയാളമായി എന്നതാണ് അവരെ തമ്മില്‍ ഒരുമിപ്പിച്ചത്. ഇരുഡിവിഷനുകള്‍ക്കും ഒരു ക്ലാസാണ്. ഒരിക്കല്‍ മലയാളം അധ്യാപിക മലയാളം അക്ഷരമാലാ ക്രമത്തില്‍ എഴുതാന്‍ ആവശ്യപ്പെട്ടു. ടൊവിനോയും കൂട്ടുകാരും എന്ത് ചെയ്യണമെന്നറിയാതെനില്‍ക്കുമ്പോള്‍ തൊട്ടടുത്ത സീറ്റിലിരുന്ന ലിഡിയ നിമിഷങ്ങള്‍ക്കുളളില്‍ എഴുതുന്നു. ടൊവിനോ പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. കോപ്പിയടിക്കാനായി ബുക്ക് ചോദിച്ചു. ലിഡിയ ഒരു എതിര്‍പ്പൂം കൂടാതെ കൊടുത്തു. അവിടെ നിന്ന് തുടങ്ങിയ അടുപ്പം പ്രണയമായി വളര്‍ന്നു.
കൗമാര കുതൂഹലങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന പ്രണയമായിരുന്നില്ല അത്. പരസ്പരം അടുത്തറിഞ്ഞ രണ്ടുപേര്‍ തമ്മിലുളള ആഴമേറിയ ബന്ധമായിരുന്നു. ടൊവിനോ കോയമ്പത്തുര്‍ എന്‍ജിനീയറിങ് കോളജില്‍ അഡ്മിഷന്‍ കിട്ടി പോയപ്പോള്‍ വീട്ടില്‍ പറഞ്ഞ് ബോധ്യപ്പെടുത്തി ലിഡിയയും അതേ കോളജിലെത്തി. തൃശൂരില്‍ നിന്നും കോയമ്പത്തൂരിലേക്കുളള ബസ് യാത്രകളില്‍ ആ ബന്ധം കൂടുതല്‍ ദൃഢമായി. പലപ്പോഴൂം അടുത്തടുത്തിരുന്നായിരുന്നു യാത്ര. ക്യാംപസ് സിലക്ഷന്‍ വഴി ഇരുവര്‍ക്കും ജോലി കിട്ടിയതോടെ ജീവിതം സുരക്ഷിതവും സുന്ദരവുമായി. പക്ഷെ എന്തോ ഒരു അപൂര്‍ണത ടൊവിയെ അലട്ടുന്നുണ്ടെന്ന് ലിഡിയ തിരിച്ചറിഞ്ഞു.
ഇതല്ല തന്റെ മേഖലയെന്ന് ടൊവി തുറന്ന് പറഞ്ഞപ്പോള്‍ സാധാരണ ഭാര്യമാരെ പോലെ കലഹിക്കാന്‍ നിന്നില്ല. പകരം എന്താണ് നിന്റെ മനസിലെന്ന് തുറന്ന് ചോദിച്ചു. ഒരു ഫാംഹൗസ് തുടങ്ങുന്നതിനെക്കുറിച്ച് ടൊവിനോ സൂചിപ്പിച്ചപ്പോള്‍ അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് അവള്‍ പറഞ്ഞു മനസിലാക്കി. ആ സമയത്താണ് ലിഡിയ ഒരു കാര്യം ഓര്‍മ്മിച്ചത് പ്രണയകാലത്തും ക്യാംപസ് ലൈഫിലും ടൊവി സംസാരിച്ചിരുന്നത് കൂടുതലും സിനിമയെക്കുറിച്ചായിരുന്നു.ആ മേഖലയില്‍ എന്തെങ്കിലും ചെയ്തു കൂടേയെന്ന് ലിഡിയ ചോദിച്ചു. ആ ചോദ്യത്തില്‍ നിന്നാണ് ടൊവിനോ എന്ന നടന്‍ ജനിക്കുന്നത്.
ഈ രംഗത്ത് പരിചയക്കാരില്ലാത്ത തനിക്ക് സിനിമയില്‍ എന്തെങ്കിലുമായിത്തീരാന്‍ കഴിയുമോയെന്ന് ടൊവി സംശയം പ്രകടിപ്പിച്ചപ്പോള്‍ ശ്രമിച്ചു നോക്കിയാലല്ലേ അത് അറിയാന്‍ കഴിയൂ എന്നായി ലിഡിയ. എല്ലാ അർഥത്തിലും ടൊവിനോ എന്ന വ്യക്തിയെ നന്നായി മനസിലാക്കുകയും ഉള്‍ക്കൊളളുകയും ചെയ്യുന്ന ഭാര്യയായിരുന്നു ലിഡിയ. ഒരിക്കല്‍ ടൊവി അവളോട് പറഞ്ഞു.
‘‘ഏത് ജോലി ചെയ്യുമ്പോഴും അത് പൂര്‍ണ്ണസമര്‍പ്പണത്തോടെ ചെയ്യുന്ന ഒരാളാണ് ഞാനെന്ന് അറിയാല്ലോ? നാളെ ഒരു ചുംബന രംഗത്തോ ന്യൂഡായോ അഭിനയിക്കേണ്ടി വന്നാല്‍ അതും ചെയ്‌തെന്നിരിക്കാം. അപ്പോള്‍ നിനക്ക് വിഷമം തോന്നരുത്.’’ അതിന് ലിഡിയ നല്‍കിയ മറുപടിയായിരുന്നു രസകരം. ‘‘നിങ്ങള്‍ ഒരു ഗൈനക്കോളജിസ്റ്റായിരുന്നെങ്കില്‍ അത് ചെയ്യരുത്, ഇത് ചെയ്യരുതെന്ന് ഞാന്‍ പറയുമോ? ഇതും അതുപോലെ കരുതിയാല്‍ മതി’’.
സ്വതവെ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുളള ഒരു മനുഷ്യന് ഇങ്ങനെയൊരു വാമഭാഗം കൂടിയുണ്ടായാല്‍ എന്താവും സ്ഥിതി. അതാണ് ഇന്ന് നാം കാണുന്ന ടൊവിനോ തോമസ്.
പുത്തന്‍ ഉണര്‍വായി എആര്‍എം
മലയാള സിനിമ എന്നേക്കുമായി അവസാനിക്കാന്‍ പോകുന്നു എന്ന് പലരും മുറവിളി കൂട്ടുന്ന ഒരു കാലത്ത് റിലീസ് ചെയ്ത എആര്‍എം എന്ന ടൊവിനോ ചിത്രം സൂപ്പര്‍ഹിറ്റില്‍ നിന്ന് മെഗാഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. പറയുന്ന കഥ എന്ത് തന്നെയായാലും അത് ആരും ചിന്തിക്കാത്ത തലത്തില്‍ പറയുക എന്നതാണ് ഇനി സിനിമയ്ക്കാവശ്യം. ഇത് തിരിച്ചറിയാന്‍ ശേഷിയുളള നായകന്‍മാരും. ഒരു സിനിമയുടെ സമസ്ത ഘടകങ്ങളിലും സൂക്ഷ്മതയും ശ്രദ്ധയും ചെലുത്തി പുര്‍ണ്ണതയ്ക്കായി ശ്രമിക്കുന്ന ഒരു ചലച്ചിത്ര പരിശ്രമം എന്ന് എ.ആര്‍.എം നെ ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കാം. മലയാള വാണിജ്യസിനിമയില്‍ കഥാകഥനത്തില്‍ എക്കാലത്തെയും മികച്ച മാതൃകകളില്‍ ഒന്നായി നാളെ ഈ സിനിമ പരിഗണിക്കപ്പെട്ടേക്കാം. ഇത്തരമൊരു അപൂര്‍വ ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അതില്‍ ഓരോന്നിലും തിളങ്ങുകയും ചെയ്ത ടൊവിനോ മണിയന്‍ എന്ന കഥാപാത്രത്തിന്റെ പ്രകടനത്തില്‍ എത്തുമ്പോള്‍ മറ്റൊരു വിതാനത്തിലേക്ക് ഉയരുന്ന കാഴ്ച കാണാം. മലയാളത്തിലെ ഏതൊരു മികച്ച നടനോടും കിടപിടിക്കാവുന്ന വിധത്തില്‍ അഭിനേതാവ് എന്ന നിലയില്‍ ടൊവിനോ വലിയ ഉയരങ്ങള്‍ സ്പര്‍ശിക്കുകയാണ് ഈ കഥാപാത്രത്തിലുടെ. ടൊവിനോയുടെ കരിയറിലെ നാഴികക്കല്ലായി തന്നെ ഈ സിനിമ അടയാളപ്പെടുത്തപ്പെട്ടേക്കാം.
മലയാള സിനിമയുടെ ഭാവി ശോഭനമെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ഓണം റിലീസായ എആര്‍എമ്മും കിഷ്‌കിന്ധകാണ്ഡവും. ടൊവിനോയും ആസിഫ് അലിയും ചേര്‍ത്ത് ഇക്കുറി ഓണം തൂക്കുമെന്ന് പറഞ്ഞാല്‍ അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. രണ്ടും…മരണമാസാണ്… മോനെ…ദിനേശാ…!
Source link