KERALAMLATEST NEWS

യന്ത്രത്തകരാർ:കൊച്ചി-ബംഗളൂരു വിമാനം കോയമ്പത്തൂരിൽ ഇറക്കി

നെടുമ്പാശേരി: കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ അലയൻസ് എയർ വിമാനം യന്ത്രത്തകരാറിനെ തുടർന്ന് കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇറക്കി. അവിടെ നിന്ന് പകരം യാത്രാസംവിധാനം ഏർപ്പെടുത്താത്തത് യാത്രക്കാരെ വലച്ചു. സ്വന്തംനിലയിൽ പണംമുടക്കിയാണ് മറ്റ് വിമാനത്തിലും റോഡ് മാർഗവുമായി യാത്ര തുടർന്നതെന്ന് യാത്രക്കാരനായ വലപ്പാട് കരിപ്പാടത്ത് വീട്ടിൽ മനോജ് ‘കേരളകൗമുദി’യോട് പറഞ്ഞു. അലയൻസ് എയറിന്റെ ഓഫീസ് കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇല്ലാതിരുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.

70ഓളം യാത്രക്കാരുമായി ഞായറാഴ്ച ഉച്ചയ്ക്ക് 12.40നാണ് വിമാനം പുറപ്പെട്ടത്. 20 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും യന്ത്രത്തകരാറുണ്ടെന്നും കോയമ്പത്തൂരിൽ ഇറക്കുകയാണെന്നും അറിയിപ്പ് നൽകുകയായിരുന്നു. എമർജൻസി ലാൻഡിംഗിനായി അവിടെ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

സാധാരണ കൊച്ചി- ബംഗളൂരു വിമാനടിക്കറ്റിന് 3000 രൂപയിൽ താഴെയാണ് നിരക്ക്. ഓണമായതിനാലും ഞായറാഴ്ച രാവിലെ ടിക്കറ്റ് എടുത്തതിനാലും മനോജിനും ഭാര്യയ്ക്കും 16,500 രൂപയോളം ടിക്കറ്റിനായി. കോയമ്പത്തൂരിൽനിന്ന് ടാക്സിയിൽ ബംഗളൂരുവിലേക്ക് പോയതിന് 12,000 രൂപയും ചെലവായി. വിമാനക്കമ്പനിക്കെതിരെ നഷ്ടപരിഹാരത്തിന് ഉപഭോക്തൃകോടതിയെ സമീപിക്കുമെന്ന് മനോജ് പറഞ്ഞു.


Source link

Related Articles

Back to top button