KERALAMLATEST NEWS

മലപ്പുറത്ത് മരിച്ച യുവാവിന് നിപ

#സമ്പർക്ക പട്ടികയിൽ 175 പേർ

മലപ്പുറം: തിരുവാലി നടുവത്ത് മരിച്ച 24കാരനായ യുവാവിന് നിപ സ്ഥിരീകരിച്ച് പുനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്. ബംഗളൂരുവിൽ പഠിക്കുന്ന യുവാവ് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ സെപ്തംബർ ഒമ്പതിന് രാവിലെ 8.30നാണ് മരിച്ചത്.

മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടൻ ജില്ലാ മെഡിക്കൽ ഓഫീസർ മുഖേന സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കയച്ചു. ശനിയാഴ്ച വൈകിട്ട് പുറത്തുവന്ന പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ശനിയാഴ്ച രാത്രി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ നിർദ്ദേശിച്ചു. യുവാവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 175 പേരുണ്ട്. ഇതിൽ 74 പേർ ആരോഗ്യ പ്രവർത്തകരാണ്. 126 പേർ പ്രൈമറി സമ്പർക്ക പട്ടികയിലും 49 പേർ സെക്കൻ‌ഡറി സമ്പർക്ക പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. ഇവരിൽ 10 പേർ മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മരിച്ച വ്യക്തിയുടെ വീടിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ 66 ടീമുകളായി ഫീൽഡ് സർവേ ആരംഭിച്ചു. മരിച്ച 24കാരന്റെ യാത്രാവിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം സമ്പർക്ക പട്ടികയിൽ ഉൾപ്പെടാൻ സാദ്ധ്യതയുള്ളവർ കൺട്രോൾ സെല്ലിൽ അറിയിക്കണം. 0483 2732010, 0483 2732060.

തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ കൂട്ടം കൂടരുത്. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകിട്ട് ഏഴ് വരെയേ പാടുള്ളൂ. സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കരുത്. സ്‌കൂളുകൾ, കോളേജുകൾ, മദ്രസകൾ, അംഗനവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി നൽകിയിട്ടുണ്ട്. ജില്ലയിൽ എല്ലാവരും മാസ്‌ക് ധരിക്കണം.കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ഫലം പോസിറ്റീവായി 48 മണിക്കൂറിന് ശേഷമാണ് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് ആരോഗ്യ മന്ത്രി നേരിട്ടെത്തുമെന്ന് അറിയിച്ചെങ്കിലും ഓൺലൈനായാണ് യോഗങ്ങളിൽ പങ്കെടുത്തത്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണുബാധ തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ച് ജീവൻ രക്ഷിക്കാനും, പുതുതായി ആർക്കും അണുബാധയുണ്ടാകാതികിക്കാനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

-മന്ത്രി വീണാ ജോർജ്


Source link

Related Articles

Back to top button